ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ. വീണ്ടും തങ്ങളെ ആക്രമിക്കാനാണ് തീരുമാനമെങ്കിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.
'കഴിഞ്ഞ തവണ നിങ്ങൾ ഇറാനെ തകർക്കാൻ ശ്രമിച്ചപ്പോൾ കൂടുതൽ ശക്തിയോടൊണ് ഞങ്ങൾ തിരിച്ചടിച്ചത്. വീണ്ടും ഭാഗ്യപരീക്ഷണം വേണോ? അങ്ങനെയെങ്കിൽ സ്വാഗതം ചെയ്യുന്നു. പക്ഷെ സൂക്ഷിക്കണം. ഞങ്ങൾക്കും ചില കാര്യങ്ങൾ പൂർത്തിയാക്കാനുണ്ട്.'- എക്സിൽ അബ്ബാസ് അരാഗ്ചി കുറിച്ചു.
യുഎസിനെ മറ്റൊരു യുദ്ധത്തിലേയ്ക്ക് തള്ളിവിടാനാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നെതന്യാഹുവിന്റെ രാഷ്ട്രീയ നിലനിൽപ്പിന് വേണ്ടിയാണിത്. ഇതിന്റെ പ്രത്യാഘാതം ഇസ്രയേലിനെ മാത്രമല്ല ട്രംപിനെയും ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒക്ടോബർ 27ന് നടക്കാനിരിക്കുന്ന ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിന് ട്രംപ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. ഇറാനെ നേരിടുന്നതിൽ നെതന്യാഹുവിനെ ട്രംപ് പ്രശംസിച്ചിരുന്നു. ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ നെതന്യാഹുവിനെ 'ധീരനായ പോരാളി' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നെതന്യാഹുവിന് പകരം മറ്റൊരാളെയാണ് ജനങ്ങൾ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതെങ്കിൽ ഇറാനെതിരായ പോരാട്ടം അമേരിക്ക നേരിട്ട് ഏറ്റെടുക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിന്റെ സൂചനയാണ് ഇരുനേതാക്കളുടെയും പ്രസ്താവനകളെന്നാണ് റിപ്പോർട്ടുകൾ. പുതിയ സൈനിക നീക്കങ്ങളുണ്ടായാൽ തിരിച്ചടിക്കുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്കിടയിൽ പുതിയ യുദ്ധഭീഷണികൾ ഉയരുന്നത് ആഗോളതലത്തിലും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
Iran warned the US of severe retaliation if it attacks again, stating readiness for conflict. Foreign Minister Abbas Araghchi issued the warning following President Donald Trump's threats of military action. Araghchi further accused Israeli PM Benjamin Netanyahu of inciting war for political gain, coinciding with Trump's public backing. This signals escalating US-Iran tensions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |