
സ്റ്റോക്ക്ഹോം: ജീവന്റെ തന്മാത്രകൾ എന്തുകൊണ്ട് കണ്ണാടി പ്രതിബിംബങ്ങളായ രണ്ട് രൂപങ്ങളിൽ ഒന്നിനെ മാത്രം തിരഞ്ഞെടുത്തു? നൂറ്റാണ്ടിലേറെയായി ശാസ്ത്രലോകത്തെ കുരുക്കിയ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയ ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഹെൻറി ബി. കാഗനും (96) ജാപ്പനീസ് ശാസ്ത്രജ്ഞൻ കെൻസോ സോയിക്കും (76) 2026ലെ രസതന്ത്ര നോബൽ. 'അസിമട്രിക് ഓർഗാനിക് സിന്തസിസിലെ നോൺ-ലീനിയർ ഇഫക്ടുകളും ഓട്ടോകാറ്റാലിസിസും കണ്ടെത്തിയതിനാണ്" പുരസ്കാരം. ഫ്രാൻസിൽ ജനിച്ച കാഗൻ പാരിസ് സൂഡ് സർവകലാശാലയിൽ പ്രൊഫസറാണ്. ജപ്പാൻകാരനായ കെൻസോ സോയി ടോക്യോ ശാസ്ത്ര സർവകലാശാലയിൽ അദ്ധ്യാപകനാണ്. ഇരുവർക്കും 12 മില്യൺ സ്വീഡിഷ് ക്രോണറാണ് പുരസ്‌കാര തുക (ഏകദേശം 11.51കോടി (11,51,13,516)). ഇത് തുല്യമായി വീതിച്ചെടുക്കും.
കൈകൾ പോലെ രണ്ട് രൂപങ്ങൾ
ജീവന്റെ രസതന്ത്രത്തെ വിളിക്കുന്നത് 'ഹോമോകൈറൽ" എന്നാണ്. 'ഒരേ", 'കൈ" എന്നീ അർത്ഥങ്ങൾ വരുന്ന ഗ്രീക്ക് വാക്കുകളിൽ നിന്നാണ് ഈ പേരുണ്ടായത്. കൈകൾ പോലെ, എല്ലാ അമിനോ ആസിഡുകൾ ഉൾപ്പെടെയുള്ള ചില തന്മാത്രകൾ ഒന്നിന്റെ കണ്ണാടി പ്രതിബിംബമായ രണ്ട് വകഭേദങ്ങളായാണ് നിലനിൽക്കുന്നത്. എന്നാൽ മനുഷ്യരുടെ കോശങ്ങളിലെ പ്രോട്ടീനുകളിൽ ഇതിൽ ഒരു രൂപം മാത്രമാണുള്ളത്. മറ്റേ രൂപം പ്രകൃതിയിൽ അപൂർവമായേ കാണാറുള്ളൂ. തന്മാത്രകളുടെ രണ്ട് പ്രതിബിംബ രൂപങ്ങളിൽ ഒരു രൂപം കൂടുതൽ അളവിൽ വേർതിരിച്ചെടുക്കാൻ മുൻപ് ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ കാഗനും സോയിയും കണ്ടെത്തിയ രീതിയിലൂടെ ശുദ്ധമായ രൂപത്തിൽ ഒരു വശമുള്ള തന്മാത്രകളെ നിർമ്മിക്കാനായി.
മരുന്ന് നിർമ്മാണത്തിലും
കണ്ണാടി രൂപങ്ങളായ തന്മാത്രകൾ ശരീരത്തിൽ വ്യത്യസ്ത ഫലങ്ങളുണ്ടാക്കാം. ഒരു രൂപം രോഗശമനത്തിന് സഹായിക്കുമ്പോൾ മറ്റൊന്ന് അനാവശ്യ ഫലങ്ങളുണ്ടാക്കാം. അതിനാൽ ശരിയായ രൂപത്തിലുള്ള മരുന്ന് തന്മാത്ര നിർമ്മിക്കുന്നത് പ്രധാനമാണ്. കൂടാതെ സുഗന്ധം, രുചി തുടങ്ങിയ മേഖലകളിലും ഇത് പ്രയോജനപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |