
റിയാദ്: സൗദി അറേബ്യയിലെ അബ്ഹ, കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 36 പേർക്ക് പരിക്കേറ്റു. അബ്ഹയിൽ മൊറോക്കോ, അൾജീരിയ സ്വദേശികളായ രണ്ട് സ്ത്രീകളും റിയാദിൽ സുഡാൻ സ്വദേശിയായ ഒരാളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. വിമാനത്താവളങ്ങളിൽ വൻ നാശനഷ്ടമുണ്ടായെന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. യെമനിലെ ഹൂതി-സൗദി സഖ്യ പോരാട്ടം ശക്തമായ സാഹചര്യത്തിലാണ് പുതിയ ആക്രമണം. അതേസമയം ഹൂതി വിമതർ ഇന്നലെ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം തകർത്തെന്ന് സൗദി സഖ്യസേന അറിയിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു ആക്രമണം. സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലകൾ ലക്ഷ്യമാക്കിക്കൊണ്ട് നടത്തിയ മറ്റൊരു മിസൈലാക്രമണവും തടഞ്ഞിട്ടുണ്ട്. സൗദി അറേബ്യയെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തുടരുമെന്നും സഖ്യസേന വ്യക്തമാക്കി. ഇതിനിടെ സൗദി അറേബ്യയിലെ സാധാരണക്കാർക്കും സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെ ഹൂതി വിഭാഗം തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ യു.എ.ഇ അപലപിച്ചു.
പലായനം ചെയ്തത് രണ്ട്
ലക്ഷത്തിലേറെ യെമനികൾ
സംഘർഷം രൂക്ഷമായതോടെ യെമനിൽ രണ്ടുലക്ഷത്തിലേറെ പേർ പലായനം ചെയ്തെന്ന് യു.എൻ കുടിയേറ്റ ഏജൻസിയായ ഐ.ഒ.എം. തെക്കുപടിഞ്ഞാറൻ തായിസ് ഗവർണറേറ്റിലാണ് കുടിയൊഴിപ്പിക്കപ്പെട്ടവരിൽ പകുതിയിലേറെയും. 3,700ലേറെ പേർ കടൽമാർഗം ജിബൂട്ടിയിലേക്കും പലായനം ചെയ്തിട്ടുണ്ട്. അതേസമയം, ഭക്ഷ്യക്ഷാമവും രൂക്ഷമാകുകയാണ്.
അതിനിടെ, തന്ത്ര പ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്കിനു സമീപത്തെ പ്രദേശങ്ങളിൽ നിന്ന് ഹൂതി വിമതരെ തുരത്തി യെമൻ സേന വൻമുന്നേറ്റം നടത്തി. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ നിയന്ത്രണത്തിലായിരുന്ന പ്രധാന നഗരപ്രദേശങ്ങളും സൈന്യം തിരിച്ചുപിടിച്ചു. തായിസിലെ ദുബാബ് മേഖല തിരിച്ചുപിടിച്ചതോടെ ബാബ്, ഹയെദ് നിയന്ത്രണത്തിലാക്കി. നിലവിൽ തന്ത്ര പ്രധാനമായ മോഖ ലക്ഷമാക്കി മുന്നേറ്റിലാണ് യെമൻ. ജൂലായ്‌യിൽ തലസ്ഥാനമായ സനയിലെ വിമാനത്താവളത്തിൽ ഇറങ്ങാനിരുന്ന ഇറാനിയൻ വിമാനത്തെ ലക്ഷ്യമിട്ട് സർക്കാർ സേന ആക്രമണം നടത്തിയതോടെയാണ് ആഭ്യന്തരയുദ്ധം വീണ്ടും ശക്തമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |