SignIn
Kerala Kaumudi Online
Thursday, 08 October 2026 2.46 AM IST

റഷ്യയിലെ പ്ലേഗ് ഭീതി: റിപ്പോർട്ട് തേടി ഡബ്ല്യു.എച്ച്.ഒ പുട്ടിനുമായി സംസാരിക്കാൻ ട്രംപ്

k

മോസ്കോ: റഷ്യയിലെ ഗവേഷക ന്യൂമോണിയ ബാധിച്ച് മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). പ്ലേഗ് ബാധിച്ചാണ് 28 കാരി മരിച്ചതെന്നാണ് ആശങ്ക. ഇതുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംസാരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡബ്ല്യു.എച്ച്.ഒ റിപ്പോർട്ട് തേടിയത്.

ഗവേഷണത്തിനിടെ ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് പൊട്ടിയതിനെ തുടർന്ന് ന്യൂമോണിക് പ്ലേഗ് ബാധിച്ചാണ് ലാബിലെ ടെക്നീഷ്യനായ ഡാരിയ ഷിപിലോവ മരിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഈ റിപ്പോർട്ട് റഷ്യ നിരസിക്കുകയും രോഗകാരണം ഇതുവരെയും നിർണയിച്ചിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇർകുറ്റ്‌സ്‌ക് ഒബ്ലാസ്റ്റിൽ അടുത്തിടെ പ്ലേഗ് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കേസ് നിരീക്ഷിച്ച് വരികയാണെന്നും ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ പറഞ്ഞു. സെപ്തംബർ 29ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡാരിയ ഒക്ടോബർ ഒന്നിനാണ് മരിച്ചത്. സംഭവത്തെ തുടർന്ന് അഞ്ച് ആശുപത്രികൾ അടക്കുകയും 200 ലേറെ പേരെ ക്വാറന്റൈനിലാക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.


അപകടകാരി


 ന്യുമോണിക് പ്ലേഗ് 'യെർസീനിയ പെസ്റ്റിസ് ' ബാക്ടീരിയ മൂലമുണ്ടാകുന്നു. പ്ലേഗിന്റെ മൂന്ന് രൂപങ്ങളിൽ ഒന്ന്. ഏറ്റവും അപകടകാരി. ബ്യൂബോണിക് പ്ലേഗ് (ലിംഫ് നോഡിനെ ബാധിക്കും)​, സെപ്റ്റിസീമിക് പ്ലേഗ് (രക്തത്തെ ബാധിക്കും)​ എന്നിവയാണ് മറ്റുള്ളവ

 ന്യുമോണിക് പ്ലേഗ് ശ്വാസകോശത്തെ ബാധിക്കും. ശ്വാസതടസം, ചുമ, നെഞ്ചുവേദന,​ തലവേദന തുടങ്ങിയ ലക്ഷണങ്ങൾ. മനുഷ്യർക്കിടെയിൽ പകരും. ചികിത്സിച്ചില്ലെങ്കിൽ മരണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360