
സാന്റിയാഗോ: ഒരിക്കൽ മഴയെ കാത്ത് വരണ്ടുണങ്ങിയിരുന്ന അറ്റക്കാമ ഇന്ന് പൂക്കളുടെ കടലായി മാറിയിരിക്കുന്നു. കണ്ണെത്താദൂരത്തോളം പടർന്നുകിടക്കുന്ന പാറകളും മണലും ഇപ്പോൾ വയലറ്റ്, വെള്ള, മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള പൂക്കളാൽ നിറഞ്ഞു. എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ ലഭിച്ച അസാധാരണ മഴയാണ് ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ വടക്കൻ ചിലിയിലെ അറ്റക്കാമയിൽ ഈ അപൂർവ കാഴ്ചയ്ക്ക് വഴിയൊരുക്കിയത്.
വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിക്കിടന്ന വിത്തുകളും കിഴങ്ങുകളും മഴവെള്ളം ലഭിച്ചതോടെ ഉണർന്നു. ചിലി ദേശീയ വനവകുപ്പായ സി.ഒ.എൻ.എ.എഫ് പറയുന്നത്. 1997ന് ശേഷമുള്ള ഏറ്റവും ശക്തവും വ്യാപകവുമായ പൂക്കാലമാകാം ഇതെന്നാണ്. 200ലേറെ സസ്യവർഗങ്ങൾ ഇതിനകം പ്രത്യക്ഷപ്പെട്ടു. ചില പ്രദേശങ്ങൾ 30 മുതൽ 40 വർഷത്തിനുശേഷമാണ് വീണ്ടും പൂക്കളണിഞ്ഞത്.
2026ൽ ചില മേഖലകളിൽ 160 മുതൽ 190 മില്ലിമീറ്റർ വരെ മഴ ലഭിച്ചു. വല്ലെനാറിൽ മാത്രം 183.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഏകദേശം 17,000 ചതുരശ്ര കിലോമീറ്ററിലേക്ക് പൂക്കാലം വ്യാപിക്കുമെന്നാണ് കണക്ക്. അപൂർവ കാഴ്ച കാണാൻ സഞ്ചാരികൾ എത്തുമ്പോഴും സസ്യങ്ങളെ സംരക്ഷിക്കാൻ നിശ്ചിത പാതകളിലൂടെ മാത്രം സഞ്ചരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |