
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അന്താരാഷ്ട്ര വേദിയിലേക്കും. ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കു മുന്നിൽ ഇന്നലെ നടന്ന പ്രതിഷേധത്തിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു. യുട്യൂബർ ധ്രൂവ് റാത്തി ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തെ അഭിസംബോധന ചെയ്തു.
ഇന്ത്യയിലെ ജനാധിപത്യാവകാശങ്ങൾക്കായി പോരാടുന്നവർക്കൊപ്പം വിദേശത്തുള്ള വിദ്യാർത്ഥികളും ഇന്ത്യൻ വംശജരും നിലകൊള്ളുന്നുവെന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചു. ഓരോ പൗരന്റെയും വോട്ട് എണ്ണപ്പെടുന്നുണ്ടോ എന്ന അടിസ്ഥാന ചോദ്യത്തിന് ഉത്തരം നൽകാൻ ഇന്ത്യൻ സർക്കാർ തയ്യാറാകണം. തിരഞ്ഞെടുപ്പ് സുതാര്യതയ്ക്കായി ശബ്ദമുയർത്തുന്നവരെ കുറ്റവാളികളായി ചിത്രീകരിക്കുന്നതിനു പകരം അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും സംഘാടകരായ എസ്.എഫ്.ഐ യു.കെ ഘടകം ആവശ്യപ്പെട്ടു.
എസ്.എഫ്.ഐ കേന്ദ്ര നിർവാഹക സമിതി അംഗം നിഖിൽ മാത്യു, എസ്.എഫ്.ഐ യുകെ പ്രസിഡന്റ് നുപുർ പാലിവാൾ, വൈസ് പ്രസിഡന്റ് അപർണ, ജോയിന്റ് സെക്രട്ടറി വിശാൽ, കമ്മിറ്റി അംഗങ്ങളായ ഗായത്രി, രാധിക എന്നിവരും സംസാരിച്ചു. ലണ്ടനിലെത്തിയതായി അറിയിച്ച ധ്രൂവ് റാത്തി, ഇന്ത്യയിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആഗോളതലത്തിൽ ചർച്ചയാക്കേണ്ട സമയമാണെന്ന് പറഞ്ഞാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |