SignIn
Kerala Kaumudi Online
Thursday, 01 October 2026 4.45 PM IST

ഖനിയിൽ മറഞ്ഞിരുന്ന ഭീകരൻ !

pic

ന്യൂയോർക്ക് : യു.എസിലെ ഒരു ഫോസ്ഫേറ്റ് ഖനിയിൽ നിന്ന് 36 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന മെഗലഡോൺ ( ഒറ്റോഡസ് മെഗലഡോൺ ) സ്രാവിന്റെ പല്ല് കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഖനി സന്ദർശനത്തിനിടെ ലഭിച്ച അജ്ഞാത വസ്തുവിന്റെ ചിത്രം ഒരാൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

ഇതെന്താണെന്ന് കണ്ടെത്താൻ സഹായിക്കണമെന്ന് ചിത്രം പോസ്റ്റ് ചെയ്ത വ്യക്തി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആഷ്ബി ഗെയ്‌ൽ എന്ന പാലിയന്റോളജിസ്റ്റാണ് ഇത് പ്രാചീന ജീവിയായ മെഗലഡോണിന്റെ പല്ലാണെന്ന് തിരിച്ചറിഞ്ഞത്. ഏകദേശം 3.6 ദശലക്ഷം മുതൽ 15.9 ദശലക്ഷം വർഷം വരെ ഇതിന് പഴക്കമുണ്ടാകുമെന്ന് കരുതുന്നു. അതേ സമയം, ഈ ഫോസിലിന്റെ വലിപ്പമെത്രയാണെന്ന് വ്യക്തമല്ല.

7 ഇഞ്ച് നീളമുള്ളതായിരുന്നു ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും നീളമേറിയ മെഗലഡോൺ പല്ലിന്റെ ഫോസിൽ. ഏകദേശം അറുപതടിയോളം നീളവും മൂർച്ചയേറിയ പല്ലുകളും ഈ രാക്ഷസൻ സ്രാവുകൾക്കുണ്ടായിരുന്നു എന്നർത്ഥം. കൂടാതെ, ഒമ്പതടിയിലേറെ വ്യാസമുണ്ടായിരുന്ന ഇവയുടെ വായ്ക്കുള്ളിൽ 276 പല്ലുകളുമുണ്ടായിരുന്നു. ഒറ്റക്കടിയ്ക്ക് തിമിംഗലത്തെ പോലും ഇവ അകത്താക്കിയിരുന്നു. എല്ലാ സമുദ്രങ്ങളിലും മെഗലഡോണുകൾ ജീവിച്ചിരുന്നതായി കരുതുന്നു.

മാക്കറെൽ ഷാർക്കുകളുടെ കുടുംബത്തിൽപ്പെട്ട മെഗലഡോണുകളുടെ കുഞ്ഞുങ്ങൾക്ക് തന്നെ ജനിക്കുമ്പോൾ ഏതാണ്ട് ആറടിയോളം നീളം വരുമെന്നാണ് ഗവേഷകരുടെ നിഗമനം. മയോസീൻ - പ്ലൈയോസീൻ കാലഘട്ടത്തിലാണ് മെഗലഡോണുകൾക്ക് വംശനാശം സംഭവിച്ചത്. ഇന്നത്തെ ഗ്രേറ്റ് വൈറ്റ് ഷാർക്കുകൾ ഇവയുടെ അടുത്ത ബന്ധുക്കളാണ്.

യു.എസിൽ ജോർജിയ, ഫ്ലോറിഡ, മേരിലാൻഡ് തുടങ്ങിയ അറ്റ്‌ലാൻഡിക് തീരങ്ങളിൽ നിന്ന് ഇതിന് മുമ്പും മെഗലഡോൺ ഫോസിലുകൾ ലഭിച്ചിരുന്നു. കഴിഞ്ഞ മാസം നോർത്ത് കാരലീനയിൽ മെഗലഡോണിന്റെ പല്ല് ഒരു ഫോസിൽ ഗവേഷകൻ കണ്ടെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360