SignIn
Kerala Kaumudi Online
Tuesday, 23 June 2026 8.57 PM IST

ഉടമ അറിയാതെ ആധാരങ്ങൾ പണയപ്പെടുത്തി 49.14 കോടി തട്ടി: സാമ്പത്തിക കേസുകളിലെ പ്രതിക്കെതിരെ വീണ്ടും കേസ്

കൊച്ചി: ഉടമയറിയാതെ ആധാരങ്ങൾ പണയപ്പെടുത്തി 49.14 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നിരവധി സാമ്പത്തികതട്ടിപ്പു കേസുകളിലെ പ്രതി കാഞ്ഞിരവേലി ട്രേഡേഴ്സ് കമ്പനിഉടമ ജെന്നി വർഗീസിനെ മുഖ്യപ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസെടുത്തു. പാലാരിവട്ടം സ്വദേശിയായ 58കാരനാണ് ആസൂത്രിതമായ കബളിപ്പിക്കലിന് ഇരയായത്.

പരാതിക്കാരന് എറണാകുളം രവിപുരത്തെ ബാങ്കിൽ 1.70കോടിരൂപയുടെ ബാദ്ധ്യതയുണ്ടായിരുന്നു. ഈ പണം തിരിച്ചടച്ച് പണയാധാരങ്ങൾ തിരികെയെടുക്കാൻ 2017ൽ സഹായിച്ചത് ജെന്നി വർഗീസാണ്. ഇതിന് ഈടായി കൈവശംവച്ച പരാതിക്കാരന്റെ രണ്ട് ആധാരങ്ങൾ ഉപയോഗിച്ചാണ് 2021ൽ ഉടമയുടെ അറിലും സമ്മതവുമില്ലാതെ പനമ്പിള്ളിനഗറിലെ ബാങ്കിൽനിന്ന് 13.17കോടിരൂപ വായ്പ തരപ്പെടുത്തിയത്. സാക്ഷിയെന്ന നിലയിൽ രേഖകളിൽ ഒപ്പിടാൻ പരാതിക്കാരനായ വസ്തു ഉടമയെ ബാങ്കിലേക്ക് വിളിച്ചുവരുത്തി. സ്വന്തം ആധാരങ്ങളാണ് ജെന്നി പണയപ്പെടുത്തി വായ്പയെടുക്കുന്നത് എന്നറിയാതെയാണ് പരാതിക്കാരൻ രേഖകളിൽ ഒപ്പിട്ട് നൽകിയത്. ജെന്നിയുടെ ഉടമസ്ഥതയിലുള്ള ജെന്യുവിൻ അഗ്രോ സ്പൈസസിന്റെ പേരിലാണ് വായ്പയെടുത്തത്.

തുടർന്ന് പരാതിക്കാരന്റെ മൂന്ന് ആധാരങ്ങൾകൂടി സാമ്പത്തികസഹായത്തിന്റെ പേരിൽ കൈക്കലാക്കിയ പ്രതി 2024ൽ പാലാരിവട്ടത്തെ ഒരു സ്വകാര്യബാങ്കിൽ ഇവ പണയപ്പെടുത്തി 35.97കോടിരൂപകൂടി തട്ടിയെടുത്തു. ഇവിടെയും സാക്ഷി എന്ന നിലയിൽ ഒപ്പിടാൻ ഉടമയെ വിളിച്ചു വരുത്തി. പ്രതിയുടെ പേരിലുള്ള കാഞ്ഞിരവേലി ട്രേഡേഴ്സിന്റെയും ഇമാക്കുലേറ്റ് അഗ്രോ സ്പൈസസിന്റെയും പേരിലായിരുന്നു വായ്പ തരപ്പെടുത്തിയത്. രണ്ട് തവണയും തന്റെ കമ്പനികൾക്ക് ബാങ്കുകളിൽനിന്ന് വ്യവസായിക ആവശ്യത്തിന് വായ്പ നൽകുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വസ്തു ഉടമയെ വിളിച്ചുവരുത്തി സാക്ഷി എന്ന നിലയിൽ ഒപ്പിടാൻ പ്രേരിപ്പിച്ചത്.

ജെന്നിവർഗീസിന്റെ സാമ്പത്തിക തട്ടിപ്പുകൾ പുറത്തുവന്നതോടെയാണ് കബളിപ്പിക്കപ്പെട്ടതായി പരാതിക്കാരൻ മനസിലാക്കുന്നത്. മുതലും പലിശയും തിരിച്ചടക്കാതിരുന്നതിനെ തുടർന്ന് ബാങ്കുകൾ നോട്ടീസും പുറപ്പെടുവിച്ചു. രണ്ട് ബാങ്കുകളിലുമായിട്ടാണ് 49.14കോടിരൂപയുടെ ബാദ്ധ്യത.

ആധാരങ്ങളുടെ പകർപ്പുകൾ പണയപ്പെടുത്തിയും വ്യാജരേഖകൾ ചമച്ചും 100 കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ ജെന്നി വർഗീസ് നിലവിൽ ജാമ്യത്തിലാണ്. ഇയാൾക്കെതിരായ കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY