കൊച്ചി: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയപ്പെടുത്തി പണംതട്ടുന്ന യുവാവിനെയും യുവതിയെയും കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തു. ആദ്യം യഥാർത്ഥ സ്വർണഉരുപ്പടികൾ പണയപ്പെടുത്തി സ്ഥാപന നടത്തിപ്പുകാരുടെ വിശ്വാസം പിടിച്ചുപറ്റുകയും പിന്നീട് മുക്കുപണ്ടം പണയപ്പെടുത്തി പണംതട്ടുകയുമാണ് രീതി.
ചേരാനല്ലൂർ എടയക്കുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം മേലാറ്റൂർ വെള്ളാംകുന്ന് പുത്തൻപീടികയിൽ മുഹമ്മദ് സാലിഹ് (33), അടൂർ കടമ്പനാട് തെക്ക് കുമാരമംഗലം സ്വദേശി ശ്രീലക്ഷ്മി സുബാഷ് (22) എന്നിവരെയാണ് കടവന്ത്ര എസ്.ഐ കെ. ഷാഹിനയുടെ നേതൃത്വത്തിൽ പിടികൂടിയത്. കടവന്ത്ര കുമാരനാശാൻ റോഡിലെയും പാലാരിവട്ടം തമ്മനം അനന്തപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരത്തെയും സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളിൽ 5ദിവസത്തെ ഇടവേളയിൽ മുക്കുപണ്ടം പണയപ്പെടുത്തി 1. 82 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്.
കടവന്ത്രയിലെ സ്ഥാപനത്തിൽ പലപ്പോഴായി ശ്രീലക്ഷ്മി സ്വർണാഭരണം പണയപ്പെടുത്തി വായ്പ തരപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 20ന് സാലിഹിന് ഒപ്പമെത്തിയ ശ്രീലക്ഷ്മി കൈയിൽ അണിഞ്ഞിരുന്ന വള 8 ഗ്രാമിന്റെ സ്വർണവളയാണെന്ന് പറഞ്ഞ് 92, 900 രൂപയ്ക്ക് പണയപ്പെടുത്തി. അടുത്തദിവസം സ്ഥാപനഉടമ പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ് കടവന്ത്ര സ്റ്റേഷനിൽ പരാതിനൽകി.
കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് തമ്മനത്തെ തട്ടിപ്പ് പുറത്തായത്. 15 നാണ് ഇവിടെ 8.35ഗ്രാംവള പണയപ്പെടുത്തി 90000 രൂപ കൈക്കലാക്കിയത്. ഇവിടെയും സാലിഹിന് ഒപ്പം യുവതി ഉണ്ടായിരുന്നതായി കടഉടമ മൊഴി നൽകിയിട്ടുണ്ട്. രണ്ടിടത്തും പ്രതികൾ വൈകിട്ട് 5ന് ശേഷം സ്ഥാപനം പൂട്ടുന്ന തക്കംനോക്കിയാണ് പണയംവയ്ക്കാൻ എത്തിയത്. വിദഗ്ദ്ധ പരിശോധ ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്. പ്രതികൾക്ക് പണം കൈമാറാൻ ഉപയോഗിച്ച ഗൂഗിൾപേ നമ്പരും സി.സി ടിവി ദൃശ്യങ്ങളും പിന്തുടർന്നുള്ള അന്വേഷണത്തിലാണ് പിടിയിലായത്. തമ്മനത്തെ തട്ടിപ്പിൽ പാലാരിവട്ടം പൊലീസ് ഇന്നലെ കേസെടുത്തു. അനാശാസ്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാലിഹിനെതിരെ കോഴിക്കോട് ജില്ലയിൽ കേസുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |