
മലപ്പുറം: ലഹരി വിപണന ശൃംഖലയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' സ്‌പെഷ്യൽ ഡ്രൈവിൽ ജില്ലയിൽ കേസുകളുടെ എണ്ണം 501. ജൂൺ ഒന്നിന് തുടങ്ങിയ തൂഫാനിൽ ഇതുവരെ 604 ലഹരി ഇടപാടുകാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് 58 പേരെ കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു. വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക രാസലഹരികളും കഞ്ചാവുമാണ് വിവിധ റെയ്ഡുകളിൽ ജില്ലയിൽ പൊലീസ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് അടിസ്ഥാനമാക്കി അതീവ ഗൗരവമുള്ള വലിയ തോതിലുള്ള (കൊമേഴ്സ്യൽ) കടത്തിന് 10 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഈ ശൃംഖലയിലെ പ്രധാനികളായ 17 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവർക്ക് അന്തർസംസ്ഥാന ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നാണ് സൂചന. ഇടത്തരം അളവിൽ മയക്കുമരുന്ന് കൈവശം വച്ചതിന് 28 കേസുകളിലായി 21 പേരും കുറഞ്ഞ അളവിലുള്ള ലഹരിയുമായി 91 കേസുകളിലായി 99 പേരും പിടിയിലായിട്ടുണ്ട്.
പരിശോധന ശക്തമാക്കും
സ്‌കൂളുകൾ, കോളേജുകൾ എന്നിവയുടെ പരിസരങ്ങളിൽ പുകയില ഉത്‌പന്നങ്ങളും മറ്റ് ലഹരിവസ്തുക്കളും വിൽക്കുന്നവർക്കെതിരെ കോട്പ നിയമപ്രകാരം ശക്തമായ നടപടിയാണ് പൊലീസ് സ്വീകരിച്ചത്. ഈ വിഭാഗത്തിൽ മാത്രം 80 കേസുകൾ രജിസ്റ്റർ ചെയ്യുകയും 79 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുട്ടികളിലേക്ക് ലഹരിയെത്തുന്നത് തടയാൻ വരും ദിവസങ്ങളിലും ക്യാമ്പസ് പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കും.
ജില്ലയിലെ ലഹരി ഹോട്ട്സ്‌പോട്ടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ശക്തമായി തുടരാനാണ് പൊലീസിന്റെ തീരുമാനം.
ജില്ലയിൽ പിടികൂടിയ ലഹരി
എം.ഡി.എം.എ.....................1,368.14 ഗ്രാം
കഞ്ചാവ്...............................24.13 കിലോഗ്രാം
ബ്രൗൺ ഷുഗർ...................334.31 ഗ്രാം
ഹാഷിഷ് ഓയിൽ................33.42 ഗ്രാം
മെത്താംഫെറ്റാമിൻ....... 2.15 ഗ്രാം
കഞ്ചാവ് ചെടികൾ: 28
(വീട്ടുപറമ്പുകളിലും മറ്റും
വളർത്തിയത്)
രജിസ്റ്റർ ചെയ്ത ആകെ കേസുകൾ: 501
അറസ്റ്റിലായ പ്രതികളുടെ എണ്ണം: 604 പേർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |