
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ വീക്ഷണങ്ങളും നിരീക്ഷണങ്ങളും എന്നും ചർച്ചാവിഷയങ്ങളാകാറുണ്ട്. നിർഭയം സ്വന്തം നിലപാടുകൾ പറയുന്ന,പിന്നാക്ക,പട്ടികജാതി-പട്ടികവർഗങ്ങളുടെ അവകാശാധികാരങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന,അനീതികളെ നിശിതമായി വിമർശിക്കുന്ന കേരളത്തിലെ പ്രബലസമുദായത്തിന്റെ അമരക്കാരൻ സംസ്ഥാനം നിയമസഭ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളെയും സമീപനങ്ങളെയും കുറിച്ച് സംസാരിക്കുന്നു.
?പിണറായി വിജയൻ സർക്കാർ മൂന്നാമൂഴത്തിനായി ജനവിധി തേടുന്നു. യു.ഡി.എഫിനാകട്ടെ ജീവന്മരണ പോരാട്ടമാണ്. എൻ.ഡി.എ കരുത്തുതെളിയിക്കാനുള്ള ഒരുക്കത്തിലും. ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിലയിരുത്തൽ
സർക്കാർ രണ്ടാംവട്ടം അധികാരമേറുന്നത് കേരളത്തിൽ പതിവില്ല. മൂന്നാമൂഴത്തിന് പിണറായി സർക്കാരിന് അർഹതയുണ്ട്. പത്തുവർഷം കഴിയുമ്പോൾ ഭരണവിരുദ്ധവികാരം സ്വാഭാവികമാണെങ്കിലും തുടർഭരണ സാദ്ധ്യതയുണ്ട്. ഭൂരിപക്ഷം ചിലപ്പോൾ നാമമാത്രമാകാം. കോൺഗ്രസ് നല്ലൊരു പ്രസ്ഥാനമാണ്. അതിനോട് വിരോധമൊന്നുമില്ല. സംഘടിത വോട്ടുബാങ്കുവച്ച് വിലപേശുന്ന മുസ്ളിംലീഗിനെ ചുമക്കുമ്പോഴാണ് വിയോജിക്കേണ്ടി വരുന്നത്. ചില നേതാക്കളുടെ കാഴ്ചപ്പാടുകളും പ്രശ്നമാണ്. ബി.ജെ.പി ഇപ്പോൾ കേരളത്തിൽ തൊട്ടുകൂടാത്തവരല്ല. എൻ.ഡി.എ ഈ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്നുറപ്പാണ്. വോട്ടുവിഹിതം കൂടും. എത്ര സീറ്റ് കിട്ടുമെന്ന് പറയുന്നില്ല. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വം ഗുണം ചെയ്യും.
?മുസ്ളിം ലീഗിനോട് ഇത്ര വെറുപ്പെന്തിനാണ്
മുസ്ളിങ്ങളോടല്ല മുസ്ളിം ലീഗിനോടാണ് എതിർപ്പ്. കേരള രാഷ്ട്രീയം ഇത്രയും മലീമസമാകാനും മതവിദ്വേഷം രൂക്ഷമാകാനും കാരണം അവരാണ്. കേരളത്തിന്റെ ശാപമാണ് മുസ്ളിം ലീഗ്. വടക്കൻ കേരളത്തിലെ ചില സമ്പന്ന മുസ്ളിങ്ങളുടെ പാർട്ടിയാണത്. തിരു-കൊച്ചിയിലെ സാധാരണക്കാരായ മുസ്ളിങ്ങൾക്ക് ഇവരെക്കൊണ്ട് ഒരു ഗുണവുമില്ല. മതപ്പാർട്ടിയാണത്. 27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. ലീഗിന്റെ സമ്മർദ്ദത്താൽ കോൺഗ്രസിലും മുസ്ളിം സ്ഥാനാർത്ഥികളുണ്ടാകും. എൽ.ഡി.എഫിലും മുസ്ളിങ്ങൾക്ക് സീറ്റുകൾ ലഭിക്കുന്നുണ്ട്. നിയമസഭാംഗങ്ങളിൽ നല്ലൊരു ഭാഗവും മുസ്ളിങ്ങൾ തന്നെയാകാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. സംഘടിതവോട്ടിന്റെ ബലത്തിൽ ലീഗ് ജനാധിപത്യത്തെ ഹൈജാക്ക് ചെയ്ത് മതാധിപത്യം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ലീഗിനെ മതേതരപാർട്ടിയാണെന്ന് പറയിപ്പിക്കുവാൻ സാധിച്ചതുതന്നെ അവരുടെ കഴിവാണ്. അധികാരത്തിന്റെ ബലത്തിൽ പൊതുസമ്പത്ത് വെട്ടിപ്പിടിക്കുകയാണ് അന്നും ഇന്നും അവരുടെ ലക്ഷ്യം. ലീഗിന്റെ അധികാര,മത ലക്ഷ്യങ്ങളെക്കുറിച്ച് ഭൂരിപക്ഷ ജനസമൂഹം മനസിലാക്കുന്നുണ്ട്. നിശബ്ദമായി അലയടിക്കുന്ന അവരുടെ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളാനുള്ള വിശാല മനഃസ്ഥിതി ലീഗ് നേതൃത്വത്തിന് ഉണ്ടായിരുന്നുവെങ്കിൽ മതവിദ്വേഷത്തിന്റെ ഈറ്റില്ലമായി കേരളം മാറുമായിരുന്നില്ല.
?പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന സംവരണം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ഒരു വിഷയമേയല്ല. എന്തുകൊണ്ടാണത്
സംവരണം തിരഞ്ഞെടുപ്പ് വിഷയമല്ലാതായി. ഒരു പാർട്ടിയും അത് ഏറ്റെടുക്കുന്നില്ല. ഒരു ചർച്ചയും സംവാദവുമില്ല. സംവരണ സമുദായങ്ങൾ അസംഘടിതരാണ്. അർഹതപ്പെട്ട പ്രാതിനിധ്യം അവർക്ക് കിട്ടുന്നില്ല. സംവരണാവകാശത്തിനായി പുതിയൊരു സമരമുഖം തുറക്കണം. ഭൂമിയും കിടപ്പാടവും ഇല്ലാത്തവർ പിന്നാക്ക,പട്ടികജാതി-വർഗ വിഭാഗക്കാരാണ്.
?സി.പി.എം വിട്ട് ജി.സുധാകരൻ സ്ഥാനാർത്ഥിയായതിനെക്കുറിച്ച്
വളരെ ദുഃഖമുള്ള വിഷയമാണത്. അദ്ദേഹം അമ്പലപ്പുഴയിൽ മത്സരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് കൂടുതൽ പറയുന്നില്ല. ആർക്കും ഒഴിവാക്കാനാകുന്ന വ്യക്തിയല്ല സുധാകരൻ. എല്ലാവർക്കും സർവസമ്മതനായ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മാറ്റം ചെറുതായി കാണാനാകില്ല.
?വനിതകളോടും പട്ടികജാതി,വർഗ വിഭാഗങ്ങളോടും രാഷ്ട്രീയ പാർട്ടികൾ നീതി പുലർത്തുന്നുണ്ടോ
എല്ലാ പാർട്ടികളും സ്ത്രീകളോടും പട്ടികജാതി,വർഗവിഭാഗങ്ങളോടും അനീതി കാട്ടുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലേതുപോലെ വനിതാ സംവരണം അസംബ്ളിയിലും വേണ്ടിവരും. പട്ടികജാതി,വർഗക്കാരെ ജനറൽ സീറ്റിൽ മത്സരിപ്പിച്ച് വിജയിപ്പിക്കാൻ പ്രമുഖ പാർട്ടികൾ തയ്യാറാകാത്തത് നാണക്കേടാണ്.
?പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാട് യു.ഡി.എഫിന് ഗുണം ചെയ്യുമോ
കേരളചരിത്രത്തിലെ ഏറ്റവും അപക്വമതിയായ പ്രതിപക്ഷ നേതാവാണ് സതീശൻ. നന്നായി ഷൈൻ ചെയ്യുന്നുണ്ടെങ്കിലും ഇരുത്തം വന്ന നേതാവല്ല. പ്രതിപക്ഷനേതാവിനു തക്ക നേതൃഗുണമില്ല. എടുത്തുചാട്ടവും പുച്ഛവും പരിഹാസവുമാണ് സതീശന്റെ മുഖമുദ്ര. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനോട് കാണിച്ച വഞ്ചന തിരിഞ്ഞുകൊത്തും. പ്രബലനായ സുധാകരനെ നിഷ്ക്രിയനാക്കി. പടലപ്പിണക്കവും കുതികാൽവെട്ടും കോൺഗ്രസിൽ ഇപ്പോഴും ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |