SignIn
Kerala Kaumudi Online
Tuesday, 21 April 2026 4.39 PM IST

കെ.കെ. രമ കേരളകൗമുദിയോട് തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ഇടത് ഐക്യമുണ്ടാവും

Increase Font Size Decrease Font Size Print Page
e

വടകര നിയമസഭാ മണ്ഡലം എക്കാലവും ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായിരുന്നു. 2021ലാണ് ആ കോട്ടയിലേക്ക് യു.ഡി.എഫ് പിന്തുണയിൽ കെ.കെ രമയെന്ന കമ്മ്യൂണിസ്റ്റ് കടന്നുകയറിയത്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകാനന്തരം ഭാര്യയും പഴയ എസ്.എഫ്.ഐക്കാരിയുമായ രമ ആർ.എം.പി.ഐ സ്ഥാനാർത്ഥിയായി യു.ഡി.എഫ് സ്വതന്ത്രയായപ്പോൾ ഇടതിന്റെ കോട്ട തകർന്നു. ഇത്തവണയും രമ തന്നെ സ്ഥാനാർത്ഥി. ആർ.എം.പി.ഐയുടേയും യു.ഡി.എഫിന്റേയും രാഷ്ട്രീയം കേരളകൗമുദിയുമായി സംസാരിക്കുന്നു കെ.കെ. രമ.

?ഇത്തവണ ഒന്നിൽ കൂടുതൽ സീറ്റിൽ മത്സരിക്കുമെന്ന് പറഞ്ഞിട്ട് വടകരയിൽ മാത്രമാണല്ലോ

മൂന്നുസീറ്റുകളാണ് ലക്ഷ്യമിട്ടത്. പക്ഷേ,യു.ഡി.എഫുമായി സഹകരിച്ച് മത്സരിക്കുന്നതിനാൽ വടകര മാത്രം തിരഞ്ഞെടുത്തു.

?സുരക്ഷിതമാണോ ഇത്തവണ വടകര

വടകര എന്റേയും ചന്ദ്രശേഖരന്റേയും നാടും വീടുമല്ലേ. ഇവിടെ ഞങ്ങളെ അറിയാത്തവർ ആരുണ്ട്. മത്സരിക്കുന്നത് ഞാനല്ല,നാട്ടുകാരുടെ മനസിൽ കൊത്തിവച്ച പേരായ ടി.പി. ചന്ദ്രശേഖരനാണ്. അപ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ഇവിടെ സംഭവിക്കില്ല. സി.പി.എം ഇനി ഈ മണ്ഡലം ഒരുകാലത്തും സ്വപ്‌നം കാണേണ്ടതില്ല.

?ഇടതുപക്ഷത്തിന് തീവ്രത പോരെന്നാണ് ആർ.എം.പി.ഐ വിമർശനം,പക്ഷേ ഇപ്പോൾ വലതുപക്ഷത്ത്

ആരുപറഞ്ഞു,ഞങ്ങൾ വലതുപക്ഷത്താണെന്ന്. കേരളത്തിൽ ശരിയായ ഇടതുപക്ഷം ഞങ്ങളാണ്. സി.പി.എമ്മിനെ ഇടതുപക്ഷമെന്നല്ല കമ്യൂണിസ്റ്റുകളെന്നുപോലും പറയാനാവില്ല. തീവ്ര വലതുപക്ഷമെന്നാണ് വിശേഷിപ്പിക്കേണ്ടത്. വടകരയിൽ മാത്രമല്ല കേരളത്തിലങ്ങോളം ജനം അത് തിരിച്ചറിഞ്ഞിട്ടുണ്ട്.

?കോ-ലീ-ബിയിലൂടെ പ്രശസ്തമാണ് വടകര, ഇത്തവണ ഡീലുണ്ടോ

അതൊക്കെ പഴകി പഴഞ്ചനായ വാക്കുകളാണ്. വടകരയിൽ ആർ.എം.പി.ഐക്ക് ജയിക്കാൻ ഒരു ഡീലും വേണ്ട. ഇവിടുത്തെ സി.പി.എമ്മുകാരുടെ വോട്ടുകൊണ്ടുമാത്രം ജയിക്കാനാവും. അത്രമാത്രം അസ്വസ്ഥരാണ് വടകരയിലെ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവും. പിന്നെ ഡീലൊക്കെ ബി.ജെ.പിയും ഇടതുപക്ഷവും തമ്മിലല്ലേ. കേരളത്തിൽ എത്രമണ്ഡലങ്ങളിൽ ഡീലുണ്ടായി എന്നത് ഫലം വന്ന ശേഷം വോട്ടിംഗ് നില പരിശോധിച്ചാലാവും. എത്രവോട്ട് സി.പി.എമ്മിന് കുറഞ്ഞു,ബി.ജെ.പിക്ക് കൂടി. എത്രകാലം ഇവർക്കിങ്ങനെ നാട്ടുകാരെ പറഞ്ഞ് പറ്റിക്കാനാവും.

?എസ്.ഡി.പി.ഐയുമായി സി.പി.എം കൂട്ടുകൂടി എന്നാണ് പുതിയ ആരോപണം

കാലാകാലമായി ഇവരുടെ കൂട്ടുകെട്ട് ആർക്കാണ് അറിയാത്തത്. സി.പി.എം ആരുടെ വോട്ട് വാങ്ങിയാലും അതെല്ലാം മതേതരമാണ്. മറ്റാർക്കെങ്കിലും വോട്ട് കിട്ടിയാൽ അവരെല്ലാം വർഗീയ കക്ഷികൾ.

?എത്രസീറ്റാണ് യു.ഡി.എഫ് ഇത്തവണ പ്രതീക്ഷിക്കുന്നത്

സീറ്റിന്റെ എണ്ണമല്ല പ്രധാനം. കേരളത്തിൽ ഇടതുസർക്കാർ തകർന്നുവീഴും. ഇനി എഴുന്നേൽക്കാനാവാത്തവിധം കനത്ത പരാജയമാണ് കാത്തിരിക്കുന്നത്.

?തിരഞ്ഞെടുപ്പിനുശേഷം കേരളത്തിൽ ഇടത് ഐക്യം ഉണ്ടാവുമെന്ന് പറയുന്നുണ്ടല്ലോ

തീർച്ചയായും. ഇടതുപക്ഷത്തുനിന്ന്,പ്രത്യേകിച്ച് സി.പി.എമ്മിൽ നിന്ന് ആ പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയവർ ചില്ലറക്കാരല്ലല്ലോ. ജി. സുധാകരനെപ്പോലൊരു നേതാവിന് ആ പാളയം വിടേണ്ടിവന്നില്ലേ. ഇവരെല്ലാം തിരഞ്ഞെടുപ്പിൽ വിജയം നേടും. ആർ.എസ്.പി അടക്കമുള്ള പാർട്ടികളുമായി ചേർന്നുള്ള ഇടത് ഐക്യമാണ് പ്രതീക്ഷിക്കുന്നത്. അതിലേക്ക് വലിയ ഇടതുപാർട്ടികൾ വരെ വരും. കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കാവുന്ന ശക്തിയായി ഇടത് ഐക്യം മാറും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.