
കോഴിക്കോട് /കൊയിലാണ്ടി: കേരളത്തിലെ ജനങ്ങൾക്ക് വേണ്ടത് മുഖ്യമന്ത്രിയെയാണെന്നും രാജാവിനെയല്ലെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. കോഴിക്കോട് ജില്ലയിലെ നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി, കൊയിലാണ്ടി മണ്ഡലങ്ങളിലായി നടന്ന പരിപാടികളിലാണ് പിണറായി വിജയനെതിരെ രാഹുൽ തുറന്നടിച്ചത്. കേരളത്തിൽ ഇടതുപക്ഷം ജയിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും സി.പി.എമ്മും ബി.ജെ.പിയും കേരളത്തിൽ കൂട്ടുകച്ചവടമാണ് നടത്തുന്നതെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു.
ചോദ്യം ചെയ്യാൻ കഴിയാത്ത രാജഭരണത്തിന് സമാനമാണ് പിണറായി വിജയന്റെ ഭരണം. അതുകൊണ്ടാണ് ഇടതുപക്ഷത്തുള്ളവർ പോലും രാജിവെച്ച് യു.ഡി.എഫിലേക്ക് ചേരുന്നത്.
മുഖ്യമന്ത്രിയെ ബി.ജെ.പി പിന്തുണയ്ക്കുന്നതിന്റെ തെളിവാണ് ശബരിമല വിഷയത്തിലെ മൗനം. മതത്തെക്കുറിച്ചും ദെെവങ്ങളെക്കുറിച്ചും സംസാരിക്കുന്ന മോദി കേരളത്തിലെത്തിയപ്പോൾ ശബരിമലയിലെ സ്വർണമോഷണത്തെക്കുറിച്ച് മിണ്ടിയില്ല.മോദിയുടെ നിയന്ത്രണത്തിലുള്ള പിണറായി വിജയൻ അദ്ദേഹം പറയുമ്പോൾ ചാടുകയും കിടക്കുകയും ചെയ്യുന്നു. ബി.ജെ.പിയെ എതിർക്കുന്നത് കൊണ്ട് എന്റെ പേരിൽ നിരവധി കേസുകളെടുത്തു. തുടർച്ചയായി ചോദ്യംചെയ്തു. എന്നാൽ കേരള മുഖ്യമന്ത്രിയെ ബി.ജെ.പി ആക്രമിക്കുന്നില്ല എന്നത് അവരുടെ കൂട്ടുകെട്ടിന്റെ തെളിവാണ്. എൽ.ഡി.എഫ് നേതൃത്വം അഴിമതി നിറഞ്ഞതാണെന്ന് എല്ലാവർക്കും അറിയാം.എന്നാൽ ബി.ജെ.പിയിൽനിന്ന് ചോദ്യം ചെയ്യലുകളോ ഭീഷണികളോ അവർ നേരിടുന്നില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
കേരളത്തിൽ കോൺഗ്രസിനെ നിയന്ത്രിക്കാൻ സാധിക്കില്ലെന്ന് ബി.ജെ.പിക്ക് അറിയാം. സിപിഎമ്മിനെ നിയന്ത്രിക്കാൻ പറ്റുമെന്നും അവർക്ക് ബോദ്ധ്യമുണ്ട്. മോദി ഇന്ത്യയെ അമേരിക്കയ്ക്ക് തീറെഴുതി കൊടുത്തിരിക്കുകായണ്. അമേരിക്കയുമായി ഉണ്ടാക്കിയ കരാർ ഇന്ത്യയുടെ സർവമേഖലയേയും പ്രതിസന്ധിയിലാക്കി. ട്രംപ് മോദിയെ നിയന്ത്രിക്കുകയാണ്. അതുപോലെ മോദി പിണറായിയേയും നിയന്ത്രിക്കുന്നു. മോദി പിണറായിയെയോ പിണറായി മോദിയെയോ വിമർശിക്കുന്നത് കേൾക്കാനില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഉച്ചയ്ക്ക് ഒരു മണിയോടെ കോഴിക്കോട് ജില്ലയിലെത്തിയ രാഹുൽ വെെകീട്ട് കൊയിലാണ്ടിയിൽ നടന്ന പൊതുസമ്മേളനത്തിന് ശേഷം കണ്ണൂരിലേക്ക് മടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |