
മണ്ഡലം 140. പക്ഷേ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുഖ്യമന്ത്രി പിണറായി വിജയനും അവകാശപ്പെടുന്നത് നൂറല്ല അതുക്കും മേലെന്ന്. രാജീവ് ചന്ദ്രശേഖറോട് ചോദിക്കുമ്പോൾ കേരളത്തിൽ നിർണയക ശക്തിയാവുമെന്നും എൻ.ഡി.എയ്ക്ക് ഒന്നല്ല ഒരുപാടുണ്ടാവുമെന്നും കൂട്ടിച്ചേർക്കൽ. ബൂത്തിലേക്ക് രണ്ടുനാൾ മാത്രം ബാക്കി നിൽക്കേ വാദം മറുവാദം തുടരുന്നു.
@ ജനം നൽകുന്ന കുറ്റപത്രമാവും
തിരഞ്ഞെടുപ്പ്ഫലം: വി.ഡി.സതീശൻ
നൂറിലാണ് ഞങ്ങൾ തുടങ്ങിയത്. നിലവിലുള്ള ട്രെൻഡ് വെച്ചുനോക്കുമ്പോൾ നൂറല്ല, നൂറ് പ്ലസ് ആവും. കാസർകോട് നിന്ന് എറണാകുളത്തെത്തുമ്പോഴേക്കും ഭരിക്കാനുള്ള ഭൂരിപക്ഷമാവും. ബാക്കിയൊക്കെ ബോണസ്. ഇടത് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ നാടിന്റെ കുറ്റപത്രമാവും തിരഞ്ഞെടുപ്പ് ഫലം. അത്രമാത്രം വെറുപ്പിച്ചു കഴിഞ്ഞു. നുണപറഞ്ഞ് നുണപറഞ്ഞ് നാടിനെ കബളിപ്പിക്കുന്ന പിണറായി വിജയനുള്ള വിചാരണ കൂടിയാവും തിരഞ്ഞെടുപ്പ് ഫലം. പത്തുവർഷംകൊണ്ട് ഇതുപോലെ വെറുത്തുപോയ മറ്റൊരു സർക്കാരില്ല.
@ മനക്കോട്ട ആർക്കും കെട്ടാം:
പിണറായി വിജയൻ
നൂറല്ല നൂറ്റിനാൽപതും കിട്ടുമെന്നൊക്കെ മനക്കോട്ട ആർക്കും കെട്ടാം. കേരളം കഴിഞ്ഞ പത്തുവർഷം കൊണ്ട് നേടിയ നേട്ടങ്ങളെ നുണ പ്രചാരണങ്ങൾക്കൊണ്ട് അടക്കാനാവില്ല. ഇടത് സർക്കാരിന്റെ നേട്ടം എത്താത്ത ഏതെങ്കിലും പ്രദേശം കേരളത്തിലുണ്ടോ. ഭരണവിരുദ്ധ വികാരം എവിടേയുമില്ലെന്നാണ് നിഷ്പക്ഷമതികൾ പോലും പറയുന്നത്. അനാവശ്യമായ വിവാദങ്ങളുണ്ടാക്കി അതിനെയെല്ലാം തടയിടാനാണ് യു.ഡി.എഫിന്റെയും സതീശന്റെയും ശ്രമം. പ്രബുദ്ധകേരളം ഇത്തവണയും ഇടതുപക്ഷത്തിനനുകൂലമായി വിധിയെഴുതും.
@ എൻ.ഡി.എ നിർണായക
ശക്തിയാവും: രാജീവ് ചന്ദ്രശേഖർ
ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിവാദങ്ങളുമല്ലാതെ കേരളത്തിൽ ഇരുമുന്നണികൾക്കും അവകാശപ്പെടാനെന്താണുള്ളത്. കൊട്ടിഘോഷിക്കുന്ന വിഴിഞ്ഞവും ദേശീയപാതകളും കേരളത്തിലെ റെയിൽവേ വികസനങ്ങളുമെല്ലാം ഇവിടത്തെ സർക്കാരുകളുണ്ടാക്കിയതാണോ. വർഷങ്ങളായി ജനത്തെ പറഞ്ഞുപറ്റിക്കുന്നത് ഇത്തവണ അവസാനിക്കും. വികസനത്തിനും മാറ്റത്തിനുമെന്ന എൻ.ഡി.എ ആഹ്വാനം ജനം നെഞ്ചിലേറ്റിക്കഴിഞ്ഞു. വലിയൊരു കുതിപ്പിലേക്കാണ് കേരളത്തിൽ എൻ.ഡി.എ മുന്നേറുന്നത്.ഒന്നും രണ്ടുമല്ല, നിർണായക ശക്തിയാവും .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |