SignIn
Kerala Kaumudi Online
Wednesday, 20 May 2026 12.26 AM IST

ജനവികാരം അവഗണിച്ചാൽ തിരിച്ചടിയെന്ന് ചരിത്രം

antony

ന്യൂഡൽഹി: കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പലതലത്തിൽ നടക്കവേ എല്ലാവരും ഉറ്റുനോക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തെയാണ്. അതിനായി ഹൈക്കമാൻഡ് ഏതുവഴി തിരഞ്ഞെടുക്കും എന്നതാണ് ഏറെ നിർണായകം. പക്ഷേ,​ തിരഞ്ഞെടുപ്പിൽ മുന്നിൽനിന്ന് നയിച്ച നേതാക്കളെ അവഗണിച്ച് ഹൈക്കമാൻഡിന് താത്പര്യമുള്ളവരെ മുഖ്യമന്ത്രിമാരായി നിശ്ചയിച്ചതാണ് മദ്ധ്യപ്രദേശിൽ ഭരണ നഷ്ടത്തിനിടയാക്കിയതും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കർണാടകയിലും തർക്കങ്ങൾക്ക് വഴിവച്ചതും.

2023ൽ കർണാടകയിൽ 135 സീറ്റു നേടിക്കൊടുത്ത പി.സി.സി അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാറിനുപകരം സിദ്ധരാമയ്യയെ തീരുമാനിച്ചത് ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണയും സീനിയോറിറ്റിയും പരിഗണിച്ചായിരുന്നു. ഉപമുഖ്യമന്ത്രി പദവും രണ്ടരവർഷം കഴിഞ്ഞ് മുഖ്യമന്ത്രി പദവും വാഗ്‌ദാനം ചെയ്‌താണ് ഡി.കെയെ അനുനയിപ്പിച്ചത്. എന്നാലിപ്പോഴും ഡി.കെയെ മുഖ്യമന്ത്രിയാക്കാനായിട്ടില്ല. തർക്കങ്ങൾ തുടരുന്നു.

രാജസ്ഥാനിൽ 2018ൽ ബി.ജെ.പിയെ തോൽപ്പിച്ച് വൻഭൂരിപക്ഷം നേടിയതിന്റെ ക്രെഡിറ്റ് ലഭിച്ച പി.സി.സി അദ്ധ്യക്ഷനായ യുവനേതാവ് സച്ചിൻ പൈലറ്റിനെ അവഗണിച്ചാണ് 100ൽ 90 എം.എൽ.എമാരുടെ ബലത്തിൽ അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കിയത്. പിന്നീട് കണ്ടത് മുഖ്യമന്ത്രിയാകാനുള്ള സച്ചിന്റെ പോരാട്ടം. അത് സംസ്ഥാനത്തെ കോൺഗ്രസ് രാഷ്‌ട്രീയത്തെ കലുഷമാക്കി. അടുത്ത തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടമാകുകയും ചെയ്തു.

2018ൽ ഛത്തീസ്ഗഡിൽ അധികാരത്തിലെത്തിയപ്പോൾ ടി.എസ്.സിങ്ദോയ്ക്കു പകരം ഭൂപേഷ് ബഗേലിനെ മുഖ്യമന്ത്രിയാക്കിയത് എം.എൽ.എമാരുടെ പിന്തുണ നോക്കിയായിരുന്നു. മുഖ്യമന്ത്രി പദത്തിനായി സിങ്ദോ നടത്തിയ കലാപങ്ങൾ കോൺഗ്രസിന് തലവേദനയുമായി. അസാമിൽ ജനങ്ങളുടെ പൾസ് അറിഞ്ഞ ഹിമന്തബിശ്വ ശർമ്മയെ അവഗണിച്ച് തരുൺ ഗൊഗോയിയെ പിന്തുണച്ചപ്പോഴാണ് ഭരണം ബി.ജെ.പി പിടിച്ചത്. ബി.ജെ.പിയിൽ ചേർന്ന ഹിമന്ത രണ്ടാംവട്ടവും മുഖ്യമന്ത്രിയായി. ഭരണവിരുദ്ധതയുടെ പേരിൽ പഞ്ചാബിൽ മുമ്പ് അമരീന്ദർ സിംഗിന് പകരം ചരൺജിത് സിംഗ് ഛന്നിയെ മുഖ്യമന്ത്രിയാക്കിയതും പാളി. ഛന്നിയുടെ നേതൃത്വത്തിൽ മത്സരിച്ച തിരഞ്ഞെടുപ്പിൽ തോറ്റപ്പോഴാണ് ഭരണം ആംആദ്‌മി പിടിച്ചത്.

അതേസമയം തെലങ്കാനയിൽ രേവന്ത് റെഡ്ഡിയെയും ഹിമാചൽ പ്രദേശിൽ പുതുമുഖം സുഖ്‌വിന്ദർ സുഖുവിനെയും ജനകീയത നോക്കി മുഖ്യമന്ത്രിമാരാക്കിയ ചരിത്രവും ഹൈക്കമാൻഡിനുണ്ട്.

പാർട്ടിക്കു മുന്നിലുള്ള ഈ അനുഭവങ്ങൾ കൂടി കണക്കിലെടുത്താകും കേരളത്തിലെ മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുകയുള്ളുവെന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരും അണികളും കരുതുന്നത്. മറിച്ചൊരു തീരുമാനം വന്നാൽ അത് ഇപ്പോൾ വൻ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച വോട്ടർമാരെ അവഹേളിക്കലാകുമെന്നും പാർട്ടിക്കുള്ളിൽ വലിയ ഭിന്നതയ്ക്ക് വഴിതെളിച്ചേക്കുമെന്നും അവർ ആശങ്കപ്പെടുന്നു.

സിന്ധ്യയുടെ കലാപം--ബോക്സ്

മദ്ധ്യപ്രദേശിൽ 2018ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിലെത്തിച്ച ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കു പകരം സീനിയോറിറ്റിയും എം.എൽ.എമാരുടെ പിന്തുണയുമുള്ള കമൽനാഥിനെ മുഖ്യമന്ത്രിയാക്കിയത് പാർട്ടിയിൽ കലാപത്തിനിടയാക്കി. സിന്ധ്യ 22 എം.എൽ.എമാരെ രാജിവയ്പ്പിച്ചപ്പോൾ 15-ാം മാസത്തിൽ സർക്കാർ വീണു. എം.എൽ.എമാരുടെ പിന്തുണയുണ്ടായിരുന്ന മുൻമുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗിന്റെ താത്പര്യമാണ് കമൽനാഥിലൂടെ അന്ന് നടപ്പാക്കിയത്. പിന്നീട് കോൺഗ്രസ് വിട്ട സിന്ധ്യ ബി.ജെ.പിയിൽ ചേർന്ന് കേന്ദ്രമന്ത്രിയുമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA