SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

പൊലീസുകാരന്റെ ബുള്ളറ്റ് കത്തിച്ച യുവതികളെ കസ്റ്റഡിയിൽ വാങ്ങും

1

കൊല്ലം: അഞ്ചലിൽ പൊലീസുകാരന്റെ വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റ് കത്തിച്ച സംഭവത്തിലെ പ്രതികളായ യുവതികളെ വിശദമായ ചോദ്യം ചെയ്യലിന് ഉടൻ കസ്റ്റഡിയിൽ വാങ്ങും. ശൂരനാട് ഇടപ്പന പാറക്കടവ് വീട്ടിൽ ആരതിരാജ് (26), ഇടുക്കി കട്ടപ്പന നെല്ലിമൂട്ടിൽ വീട്ടിൽ ഗായത്രി (26) എന്നിവരാണ് പ്രതികൾ. കുറ്റകൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നതുൾപ്പെടെ അന്വേഷിക്കും. ആരതിയുമായി ഉറപ്പിച്ച വിവാഹത്തിൽ നിന്ന് വിവേക് പിന്മാറിയതിന്റെ വൈരാഗ്യത്തിലാണ് ബുള്ളറ്റ് കത്തിച്ചതെന്നാണ് നിഗമനം.

ആറന്മുള പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അഞ്ചൽ ആർച്ചൽ പാലവിള വീട്ടിൽ വിവേകിന്റെ ബുള്ളറ്റ് കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒന്നോടെയാണ് കത്തിച്ചത്. തിരുവനന്തപുരത്ത് പി.എസ്.സി കോച്ചിംഗ് സെന്ററിൽ ഒരുമിച്ച് പഠിക്കുന്നവരാണ് പ്രതികൾ. ശനിയാഴ്ച രാത്രിയും ഞായറാഴ്ച കൃത്യത്തിനു ശേഷവും യുവതികൾക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് സംശയമുണ്ട്.

വിവാഹനിശ്ചയത്തിന്റെ വഴി

വിവേകിനൊപ്പം അടൂർ ക്യാമ്പിൽ ജോലി ചെയ്തിരുന്ന പൊലീസുകാരനുമായി ആരതിയുടെ വിവാഹം ആലോചിച്ചിരുന്നു. നാൾ ചേരാഞ്ഞതോടെ സുഹൃത്തായ വിവേകിന്റെ വിവരങ്ങൾ ആരതിയുടെ ബന്ധുവിന് സുഹൃത്തായ പൊലീസുകാരൻ നൽകി. അങ്ങനെയാണ് വിവേകും ആരതിയും തമ്മിലുള്ള വിവാഹനിശ്ചയം ആറുമാസം മുൻപ് നടന്നത്. മൂന്ന് മാസം മുൻപ് നിശ്ചയത്തിന്റെ ചെലവ് അടക്കം നൽകി വിവാഹത്തിൽ നിന്ന് വിവേക് പിന്മാറി.

ക്രിമിനൽ നീക്കം?

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്നോടെ ഇരുവരും ഹോസ്റ്റലിൽ നിന്ന് ഇറങ്ങി. തിരുവനന്തപുരത്തെ പെട്രോൾ പമ്പിൽ നിന്ന് കുപ്പിയിൽ പെട്രോൾ വാങ്ങി. സന്ധ്യയോടെ ബസിൽ അഞ്ചലിലെത്തിയ യുവതികൾ പലയിടങ്ങളിലും കറങ്ങി. രാത്രി വിവേകിന്റെ വീടിന് മുന്നിലെത്തി. ബുള്ളറ്റ് കത്തിച്ച ശേഷം നടന്ന് അഞ്ചലിലെത്തി. വെളുപ്പിന് അഞ്ചോടെ ഓട്ടോയിൽ കയറി. ആയൂരിലെത്തിയ ശേഷം അവിടെ നിന്ന് ബസിൽ ഹോസ്റ്റലിലേക്ക് പോയി. നിരീക്ഷണ കാമറ ദൃശ്യങ്ങളുൾപ്പെടെ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിടിയിലായ ശേഷം മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകവേ എലിവിഷം കഴിച്ച ആരതി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് ബന്തവസിൽ ചികിത്സയിലാണ്. ഗായത്രി റിമാൻഡിലാണ്. കെ.എസ്.യു പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കരുതാവുന്ന തരത്തിൽ ഇവർ സ്ഥലത്ത് ഉപേക്ഷിച്ച കത്ത് വിവാദം സൃഷ്ടിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA