
കൊച്ചി/തിരുവനന്തപുരം: കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിയും എക്‌സാലോജിക് സ്ഥാപനവും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് റെയ്‌ഡ്. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയടക്കം തെരുവിൽ പ്രതിഷേധവുമായി ഇറങ്ങി.
പിണറായിവിജയനും മകൾ വീണാ വിജയനും താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിയിൽ റെയ്ഡ് നടത്തിയത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചു. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടിന്റെ തെളിവുകൾ തേടിയാണ് ഇ.ഡി. എത്തിയത്. നേതാക്കൾ തന്നെ ഈ വസതിക്കു മുന്നിൽ സമരം ഇരുന്നതോടെ അണികൾ തടിച്ചുകൂടി. അണികളുടെ രോഷം ഇ.ഡി. ഉദ്യോഗസ്ഥർക്കു നേരെയുള്ള ആക്രമണമായി മാറി. റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനം തിരുവനന്തപുരത്തെ വസതിക്കു മുന്നിൽവച്ചുതന്നെ സി.പി.എം പ്രവർത്തകർ ആക്രമിച്ചു.
ഒരു ഇ.ഡി ഉദ്യോഗസ്ഥനും ഡ്രൈവർക്കും പരിക്കേറ്റു. കാർ തല്ലിത്തകർത്തു. റെയ്ഡ് നടത്തിയത് കേന്ദ്രസേനയുടെ കാവലിലായിരുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. റെയ്ഡ് വിവരം പൊലീസും ആഭ്യന്തര വകുപ്പും അറിഞ്ഞിരുന്നില്ല.
ഇ.ഡി.ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെ വധശ്രമത്തിനു കേസെടുത്തു. പാളയത്തെ സി.പി.എം പാളയം ഏരിയാ കമ്മിറ്റി ഓഫീസിൽ ഒളിച്ച നാലുപേർ ഉൾപ്പെടെ അഞ്ച് പ്രതികളെ അറസ്റ്റുചെയ്തു. പാർട്ടി ഓഫീസിൽ കയറുന്നതിൽ നിന്ന് പൊലീസിനെ നേതാക്കളും പ്രവർത്തകരും തടഞ്ഞു.പിൻമാറില്ലെന്ന് പൊലീസ് ഉറച്ച നിലപാട് എടുത്തതോടെ പ്രതികളെ നേതാക്കൾ ഇറക്കിക്കൊണ്ടുവന്നു പൊലീസിന് വിട്ടുകൊടുത്തു.
ഹൈക്കോടതി സിംഗിൾ ബഞ്ചിൽ നിന്ന് അന്വേഷണം തുടരാൻ അനുമതി ലഭിച്ച ശേഷം മിന്നൽ വേഗത്തിലാണ് ഇ.ഡി റെയ്ഡുകൾ നടത്തിയത്.
പത്തിടത്ത് റെയ്ഡ്
കണ്ണൂരിൽ പിണറായി വിജയന്റെ വീട്, തിരുവനന്തപുരത്തെ വാടകവീട്, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്, സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻകർത്തയും മകൻ ശരൺ എസ് കർത്തയും താമസിക്കുന്ന ആലുവയിലെ വീട്, സി.എം.ആർ.എല്ലിന്റെ ആലുവയിലെ ഓഫീസ്, മരുമകൻ അനിലിന്റെ കളമശേരിയിലെ വീട്, കമ്പനി മുൻ ഫിനാൻസ് മാനേജർ സുരേഷ്‌കുമാറിന്റെ ആലുവയിലെ ഫ്ളാറ്റ്, വീണയുടെ പൂട്ടിയ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസുമായി ബന്ധപ്പെട്ട ബംഗളൂരുവിലെ കേന്ദ്രങ്ങൾ എന്നിവിടങ്ങൾ ഉൾപ്പെടെ പത്തിടത്താണ് ഒരേസമയം റെയ്ഡ് നടന്നത്.
വീണയ്ക്കെതിരെ
നടപടി കടുപ്പിക്കും
ഐ.ടി. കൺസൾട്ടൻസി സർവീസിന്റെ മറവിൽ ചെയ്യാത്ത സേവനത്തിന് കൃത്രിമ മാർഗത്തിലൂടെ പ്രതിഫലമായും വായ്പയായും 1.78 കോടി കൈപ്പറ്റിയതിനാണ് വീണയ്ക്കെതിരെയുള്ള അന്വേഷണം.
• സാമ്പത്തികകുറ്റത്തിന് ഇ.ഡി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന് സമാനമായ ഇ.സി.ഐ.ആറിൽ കുറ്റകൃത്യംകൂടി രജിസ്റ്റർചെയ്ത് വീണയ്ക്കെതിരെ ഇ.ഡി ശക്തമായ നടപടികളിലേക്ക് കടക്കും.
• 2019 ജനുവരിയിൽ ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിൽ സി.എം.ആർ.എല്ലിന്റെ 130കോടിരൂപയുടെ അനധികൃത ചെലവുകൾ കണ്ടെത്തിയതിൽ വീണയുമായുള്ള ഇടപാടും ഉൾപ്പെടുന്നു.
തിരുവനന്തപുരത്തെ പരിശോധനയിൽ വീണയുടെ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ രേഖകളും മറ്റ് ബാങ്കിടപാടുകളുടെ വിവരങ്ങളും ശേഖരിച്ചു. രണ്ടര മണിക്കൂറെടുത്ത് വീണയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. രേഖകൾ വിശകലനം ചെയ്തശേഷം വീണയെ വീണ്ടും ചോദ്യംചെയ്യുന്നതടക്കം തുടർനടപടികൾ ഉണ്ടാവുമെന്ന് ഇ.ഡി വ്യക്തമാക്കി.
കാറുകൾ അടിച്ച് തകർത്തു,
കല്ലും ഹെൽമെറ്റുംകൊണ്ട് അക്രമം
തിരുവനന്തപുരം : എട്ടുമണിക്കൂർ നീണ്ട റെയ്ഡിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് 2.35ഓടെ വീടിന് പുറത്തേക്ക് ഉദ്യോഗസ്ഥരെത്തിയ വാഹനമാണ് പ്രവർത്തകർ തല്ലിതകർത്തത്. കാറുകളിൽ ഒരെണ്ണത്തിന്റെ ഗ്ലാസുകൾ പൂർണമായും മറ്റൊന്നിന്റേത് ഭാഗികമായും തകർത്തു. ഒരു ഇ.ഡി ഉദ്യോഗസ്ഥനും സംഘത്തിന്റെ ബാങ്ക് ഉദ്യോഗസ്ഥയ്ക്കും ഒരു ഡ്രൈവർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനുമാണ് പരിക്കേറ്റത്. നാല് ഇ.ഡി ഉദ്യോഗസ്ഥരും ഒരു ബാങ്ക് ഉദ്യോഗസ്ഥയുമാണ് പരിശോധന സംഘത്തിലുണ്ടായിരുന്നു. എട്ട് സി.ആർ.പി.എഫുകാരുമുണ്ടായിരുന്നു. ഇതിൽ നാലുപേർ വനിതകളായിരുന്നു. കെ.എൽ.01.ഡി.എ 296 എന്ന കാറിന്റെ ചില്ലുകൾ പൂർണമായും കെ.എൽ.22.എസ്.8016 കാറിന്റെ ഇരുവശങ്ങളിലെയും ചില്ലുകൾ അടിച്ച് തകർത്തു. ഇഷ്ടിക എറിഞ്ഞും ഹെൽമെറ്റുകൾ കൊണ്ടുമാണ് ചില്ലുകൾ തകർത്തത്. പിന്നിലെ ചില്ലുകൾക്ക് പുറമേ റിയർവ്യു മിററുകളും കൈകൊണ്ട് അടിച്ചു തകർത്തു. കാറിന്റെ ഡ്രൈവർ ശ്യാമിന്റെ കണ്ണിനാണ് പരിക്കേറ്റത്. ഇവരെ ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
അഞ്ച് എസ്.എഫ്.ഐ,ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് പിടികൂടി. പിന്നാലെ ബേക്കറി ജംഗ്ഷനിൽ നിന്ന് മനോജിനെ ആദ്യം പിടികൂടി. തുടർന്ന് പാർട്ടി ഓഫീസിൽ ഒളിച്ചിരുന്ന മനോജ്,ജീവൻ, ജിതിൻരാജ്,ഷാഹിൻ എന്നിവരെ നേതാക്കൾ ഇടപെട്ട് പുറത്തേക്ക് ഇറക്കി പൊലീസിന് കൈമാറുകയായിരുന്നു. വധശ്രമത്തിന് കേസെടുത്തു.
റിപ്പോർട്ട് തേടി കേന്ദ്ര
ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: ഇ.ഡി സംഘത്തെ സി.പി.എം പ്രവർത്തകർ ആക്രമിച്ചതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. സംസ്ഥാന സർക്കാർ വിശദമായ റിപ്പോർട്ട് നൽകണം. സുരക്ഷാ വീഴ്ചയുണ്ടായെന്ന പ്രാഥമിക വിലയിരുത്തലിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇ.ഡി ഡയറക്ടർ രാഹുൽ നവീൻ കേരളം,തമിഴ്നാട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഇ.ഡി അഡിഷണൽ ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
റെയ്ഡുകൊണ്ട് തളർത്തിക്കളയാമെന്നത് വ്യാമോഹം മാത്രം. വീട്ടിൽ നിന്ന് എന്തുകിട്ടി, കിട്ടിയില്ല എന്നൊക്കെ പറയേണ്ടത് ഇ.ഡിയാണ്. റെയ്ഡ് രാഹുൽ ഗാന്ധിക്ക് മനസംതൃപ്തി നൽകും
- പിണറായി വിജയൻ,
പ്രതിപക്ഷ നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |