SignIn
Kerala Kaumudi Online
Thursday, 28 May 2026 4.36 AM IST

മാസപ്പടി കേസ് എന്ത്?

s

കൊച്ചി: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിൽ ബംഗളൂരുവിൽ പ്രവർത്തിച്ചിരുന്ന എക്സാലോജിക് സൊല്യൂഷൻസ് കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിയിൽനിന്ന് ഇല്ലാത്ത സോഫ്ട്‌വെയർ സേവനങ്ങളുടെ പേരിൽ പല മാസങ്ങളിലായി പണം കൈപ്പറ്റിയെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡാണ് കണ്ടെത്തിയത്. പണമിടപാടിൽ പിണറായിയുടെ സ്വാധീനമുണ്ടെന്ന സൂചന സെറ്റിൽമെന്റ്ബോർഡ് മുമ്പാകെ സി.എം.ആർ.എൽ ഉദ്യോഗസ്ഥർ നൽകിയ മൊഴിയിൽ ഉണ്ടായിരുന്നു.

2023ൽ പുറത്തുവന്ന ഈ വിവരങ്ങളിൽ ഇ.‌ഡിയും എസ്.എഫ്.ഐ.ഒയും അന്വേഷണം തുടങ്ങിയതോടെയാണ് 'മാസപ്പടി" കേസ് എന്നറിയപ്പെട്ടത്. 2.78 കോടിരൂപയുടെ അനധികൃത ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം.

സോഫ്ട്‌വെയർ വികസനത്തിന്റെ പേരിൽ സി.എം.ആർ.എൽ കമ്പനി എക്സാലോജിക്കിന് പലപ്പോഴായി 1.72 കോടി രൂപ കൈമാറിയെന്നാണ് ഇന്ററിം ബോർഡിന്റെ റിപ്പോർട്ടിലുള്ളത്.

ഇതിനുപുറമേ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ ക്യാപിറ്റൽ വഴി എക്സാലോജിക്കിന് ഒരു കോടിയിലധികംരൂപ വായ്പനൽകിയെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) കണ്ടെത്തി. കൊച്ചിയിലെ പ്രത്യേക കോടതിയിൽ എസ്.എഫ്.ഐ.ഒ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കള്ളപ്പണ ഇടപാട് നടന്നോ എന്നാണ് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷിക്കുന്നത്. സമൻസയയ്ക്കുകയും ചെയ്തു. ഇ.‌ഡിയുടെ സമാന്തര അന്വേഷണം നിയമപരമല്ലെന്നു കാണിച്ച് സി.എം.ആർ.എൽ ഹൈക്കോടതിയെ സമീപിച്ചതിനാൽ തുടർനടപടികൾ തടസപ്പെട്ടു.

കമ്പനിയുടെ ഹർജി ചൊവ്വാഴ്ച സിംഗിൾബെഞ്ച് തള്ളിയതിനു പിന്നാലെയാണ് ഇ.ഡി മിന്നൽ വേഗത്തിൽ നടപടികൾ സ്വീകരിച്ചത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. മകളുടെ കമ്പനിയിലെ സാമ്പത്തിക ഇടപാടിൽ തനിക്ക് പങ്കില്ലെന്നാണ് പിണറായി സത്യവാങ്മൂലം നൽകിയത്. ബാങ്ക് വഴിയുള്ള നിയമപരമായ ഇടപാടുകളാണ് നടന്നതെന്ന് വീണയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA