SignIn
Kerala Kaumudi Online
Sunday, 17 May 2026 6.03 PM IST

ഐസിയുവിലുള്ള വീണാ ജോർജിനോടൊപ്പം സെൽഫി; വിശദീകരണവുമായി ആരോഗ്യപ്രവർത്തക

veena-george

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിൽ ക്ഷതമേറ്റ് ചികിത്സയിലിരിക്കുന്ന മന്ത്രി വീണാ ജോർജിനൊപ്പം ആരോഗ്യപ്രവർത്തകർ സെൽഫിയെടുത്തതിൽ വിമർശനം. ഇന്നലെയാണ് ചില ആരോഗ്യപ്രവർത്തകർ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) മന്ത്രിയോടൊപ്പം സെൽഫിയെടുത്തത്. മന്ത്രിയും ആരോഗ്യപ്രവർത്തകരും ചിരിച്ചുകൊണ്ടുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മന്ത്രിയുടെ ഓഫിസ് മെഡിക്കൽ കോളേജ് അധികൃതരോട് വിശദീകരണം തേടിയിരിക്കുകയാണ്.

ആശുപത്രി സൂപ്രണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്കെതിരെ നടപടി ഉണ്ടാകാനാണ് സാദ്ധ്യത. വീണാ ജോർജിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. മന്ത്രി ആശുപത്രിയിൽ സുഖ ചികിത്സയിലായിരുന്നു, ക്ഷതം സംഭവിച്ചെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന തരത്തിലാണ് വിമർശനങ്ങളുയരുന്നത്. സംഭവത്തിൽ മന്ത്രിയോടൊപ്പം സെൽഫിയെടുത്ത ആരോഗ്യപ്രവർത്തകയായ സ്‌മിത പി സി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

കടുത്ത ഭാഷയിൽ വിമർശിക്കുന്നത് ക്രൂരതയാണെന്നാണ് സ്‌മിത പ്രതികരിച്ചത്. മന്ത്രിയോടുള്ള അടുപ്പം കാരണമാണ് സെൽഫിയെടുത്തതെന്നും നാടകം കളിച്ചെന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണെന്നും അവർ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

സ്‌മിതയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എത്ര ക്രൂരമാണ് ഈ ലോകം. ഇന്നലെ രാത്രിയാണ് പ്രിയപ്പെട്ട മന്ത്രി വീണാ ജോർജിനെ വിദഗ്ധ പരിശോധനയ്ക്ക് പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. എംആർഐ സ്കാൻ രാത്രി തന്നെ ചെയ്തു. കടുത്ത കഴുത്തു വേദന. ഉയർന്ന രക്തസമ്മർദം. രാത്രിയിൽ മന്ത്രി ഭക്ഷണം കഴിച്ചില്ല. ഉറങ്ങിയത് രണ്ടു മണിക്കൂർ. കടുത്ത ശരീര വേദനക്കൊപ്പം മന്ത്രി മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നു എന്ന് ഞങ്ങൾക്ക് മനസിലായി.

രാവിലെയും ഭക്ഷണം വേണ്ട എന്ന് പറഞ്ഞ. ഞങ്ങൾ നിർബന്ധിച്ചു ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുൻപ് ഞങ്ങൾ ഐസി‌യുവിലെ സിസ്റ്റേഴ്സ് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മന്ത്രിയോട് ചോദിച്ചു. മന്ത്രി ആകട്ടെ എന്ന് പറഞ്ഞു. മന്ത്രി അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദന, ശരീരത്തിനേറ്റ ക്ഷതം ഇവയൊക്കെ നേരിൽ കാണുന്ന ഞങ്ങൾ പ്രിയപ്പെട്ട മന്ത്രിയോട് പറഞ്ഞു. ഒന്നും വിഷമിക്കേണ്ട ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്. മന്ത്രിയെ ചേർത്ത് പിടിച്ചൊരു ഫോട്ടോ അങ്ങനെ എടുത്തതാണ്. എന്റെ ഉൾപ്പടെ പിന്തുണ അറിയിക്കൽ കൂടിയാണത്.

മന്ത്രിയെന്നതിനു അപ്പുറം സഹോദരതുല്യം ആണ് ഞങ്ങളോട് ഇടപെട്ടത്. ഞങ്ങൾക്കും കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മന്ത്രിയോട് അത്രയും അടുപ്പം ഉണ്ടായി. അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്. മന്ത്രി അഭിനയിച്ചു. നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്.മന്ത്രിക്കെതിരെയുള്ള വ്യക്തിപരമായ പ്രചരണങ്ങളിലെ അസത്യം ഞങ്ങൾ നേരിട്ട് തിരിച്ചറിയുന്നു. ആക്ഷേപിക്കുന്നവരോട്. മന്ത്രി ക്യാനുല ഇട്ടിട്ടുണ്ട്. ഭക്ഷണസമയം ഡിസ്‌കണക്ടറ്റഡ് ചെയ്തതാണ്. സൂചി ഇട്ടിട്ടുണ്ട്. മുൻപ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതു കൊണ്ട് കൈത്തണ്ടയുടെ ലോവർ ഭാഗത്താണ് ഇട്ടത്. ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VEENA GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA