
ന്യൂഡൽഹി: എ.ഐയുടെ വരവോടെ ഐ.ടി മേഖലയിലുണ്ടായ അരക്ഷിതാവസ്ഥ പരിഹരിക്കാനും വകുപ്പിന്റെ ഇടപെടൽ സുഗമമാക്കാനുമായി ഓഫീസ് വെൽനസ് നയം രൂപീകരിക്കുമെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണ. മുഖ്യമന്ത്രി വി.ഡി.സതീശൻ, ഐ.ടി മന്ത്രി കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച ചെയ്‌ത് നയത്തിന് രൂപം നൽകാനാണ് തീരുമാനം. ഡൽഹിയിൽ നടത്തിയ പത്രപ്രവർത്തക യൂണിയന്റെ മൈക്ക് ടുഗദർ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോറോ ഹെൽത്തിൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ 20ന് നടത്തുന്ന ചർച്ചയിലെ തീരുമാനം അറിയിക്കാൻ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾക്കായി കളമശ്ശേരിയിൽ 600 പേർക്കുള്ള 'അപ്നാ ഘർ' ഹോസ്റ്റൽ നിർമ്മിക്കാൻ കേന്ദ്ര സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഓൺലൈൻ ഡെലിവറി നടത്തുന്ന ഗിഗ് വർക്കേഴ്സിന് വേണ്ടി വിശ്രമകേന്ദ്ര പദ്ധതിക്കും ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ തോട്ടം തൊഴിലാളികൾക്ക് 500 സ്ക്വയർ ഫീറ്റിൽ കോൺക്രീറ്റ് വീട് പദ്ധതിക്കുള്ള സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.
കോൺക്ളേവ് സംഘടിപ്പിക്കും
തൊഴിൽ കോഡ് ചട്ടങ്ങൾ പുറത്തിറക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ട്രേഡ് യൂണിയൻ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഉടൻ കോൺക്ളേവ് വിളിക്കും.
സംസ്ഥാനത്തെ പാൽ ഉത്പാദനം 70 ലക്ഷം ലിറ്ററിൽ നിന്ന് മൂന്ന് വർഷത്തിനുള്ളിൽ ഒരു കോടി ലിറ്ററാക്കി വർദ്ധിപ്പിക്കും.
അംഗൻവാടികളുടെ നിലവാരം വർദ്ധിപ്പിക്കും.ജീവനക്കാർക്ക് ഐപാഡ് വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |