
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടിൽ ഒന്നും ഒളിക്കാനില്ലെന്ന പി.എസ്.സി വാദം കള്ളത്തരമെന്ന് തെളിയുന്നു. ആസൂത്രണ ബോർഡിലെ വിവാദ പരീക്ഷയുടെ വിവരങ്ങൾ 7 നാൾക്കകം ഉദ്യോഗാർത്ഥിക്ക് നൽകണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് തള്ളിയതോടെയാണിത്. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും പി.എസ്.സി തീരുമാനിച്ചു.
ആസൂത്രണ ബോർഡ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് പരീക്ഷയുടെ വിവരങ്ങളാണ് ഉദ്യോഗാർത്ഥിയായ കെ.ശ്യാം കൃഷ്ണൻ തേടിയത്. എന്നാൽ, റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് കൈമാറില്ലെന്ന് പി.എസ്.സി അറിയിച്ചു.
ഒന്നേകാൽ ലക്ഷം രൂപ ശമ്പളമുള്ളതാണ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തിക. പേഴ്സ്പെക്ടീവ് പ്ലാനിംഗ് ഡിവിഷൻ ചീഫ്, പ്ലാനിംഗ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് തസ്തികകളിലേക്കും പൊതുപരീക്ഷ നടത്തിയിരുന്നു. പേഴ്സ്പെക്ടീവ് പ്ലാനിംഗ് ചീഫ് റാങ്ക് ലിസ്റ്റായിട്ടില്ലെന്നും പി.എസ്.സി പറയുന്നു. മൂന്ന് തസ്‌തികയിലേക്കും രണ്ടു പരീക്ഷ വീതമാണ് ഉണ്ടായിരുന്നത്. ഇതിലൊന്ന് പൊതുവായ പേപ്പറായിരുന്നു. അതിന്റെ മാർക്ക് വിവരം പുറത്തുവിടാനാണ് പി.എസ്.സി മടിക്കുന്നത്.
2023 ജൂലായിൽ പൊതുപരീക്ഷ 228 പേരാണ് എഴുതിയത്. 2025 മേയിൽ റാങ്ക് ലിസ്റ്റായി. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫ് ആയി ഒന്നാം റാങ്കുകാരൻ അരുൺ ജെ.പ്രതാപിനെ നിയമിച്ചു. ഇദ്ദേഹം ഇടതു സർവീസ് സംഘടനാ നേതാവായിരുന്നു. മാർക്കിൽ സംശയം തോന്നിയാണ് മൂന്നാം റാങ്കുകാരൻ കെ.ശ്യാം കൃഷ്ണൻ ഉത്തരക്കടലാസിനായി സമീപിച്ചത്.
ഷോർട്ട് ലിസ്റ്റിൽ
ഒരാൾ മാത്രം
1 പേഴ്സ്പെക്ടീവ് പ്ലാനിംഗ് ചീഫ് തസ്തികയുടെ ഷോർട്ട് ലിസ്റ്റിൽ ഒരാൾ മാത്രം. എഴുത്തുപരീക്ഷയിൽ പങ്കെടുത്ത മറ്റാർക്കും നിശ്ചിത യോഗ്യതയില്ലെന്നാണ് പി.എസ്.സി പറഞ്ഞത്. അഭിമുഖം കൂടി നടന്നാൽ റാങ്ക് ലിസ്റ്റാവും. ഇതോടെയാണ് ഷോർട്ട് ലിസ്റ്റിൽ ഒഴിവാക്കപ്പെട്ടവർ സെൻട്രൽ അഡ്മിനിസ്ട്രേക്ടീവ് ട്രിബ്യുണലിനെ സമീപിച്ചത്. തുടർന്ന് ഇന്റർവ്യൂ മുടങ്ങി.
2 പൊതുപരീക്ഷയിലെ പത്തു ചോദ്യങ്ങൾക്ക് മാർക്കിട്ടിട്ടില്ലെന്നും വീഴ്ചയുണ്ടായെന്നും പി.എസ്.സി പരീക്ഷാ കൺട്രോളറുടെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞിരുന്നു. തുടർന്ന് ആഭ്യന്തര വിജിലൻസ് എസ്.പിയെ തുടരന്വേഷണത്തിന് നിയോഗിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നു.
പി.എസ്.സി ആസ്ഥാനത്ത്
ക്രൈംബ്രാഞ്ച് പരിശോധന
ക്രൈംബ്രാഞ്ച് സംഘം പി.എസ്.സി ആസ്ഥാനത്ത് ഇന്നലെ മൂന്നു മണിക്കൂർ പരിശോധന നടത്തി. പരീക്ഷ, മൂല്യനിർണയ ഫയലുകൾ പരിശോധിച്ചു. പരീക്ഷകളുടെയും അഭിമുഖത്തിന്റെയും മാർക്കിടൽ രീതികൾ ജീവനക്കാരിൽ നിന്ന് ചോദിച്ചറിഞ്ഞു. ആഭ്യന്തര സോഫ്‌റ്റ്‌വെയർ പരിശോധിച്ചു. മാർക്കിട്ടതിന്റെയും ടാബുലേഷന്റെയും വിവരങ്ങൾ, അഭിമുഖത്തിന് വിളിച്ചവരുടെ പട്ടിക, നൽകിയ മാർക്ക് എന്നിവയുടെ രേഖകൾ ശേഖരിച്ചു. യഥാർത്ഥ ഫയലുകളും പരിശോധിച്ചു. രേഖകൾ ക്രൈംബ്രാഞ്ചിന് ഇന്ന് കൈമാറുമെന്ന് പി.എസ്.സി അറിയിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച ശേഷം കേസെടുക്കാനാണ് നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |