SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

ശ്രീപത്മനാഭ സ്വാമിയുടെ 'വൈരനാമ'വും കവർന്നു

vairanamam

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വജ്രം പതിച്ച അമൂല്യ ആഭരണമായ 'വൈരനാമ' വും കവർന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണവും വജ്രവും മറ്റ് ആഭരണങ്ങളുമാണ് ഇതോടൊപ്പം മോഷണം പോയതെന്നാണ് ഡി.ജി.പിയുടെ റിപ്പോർട്ട്.കോടിക്കണക്കിന് രൂപ വിലയുള്ളവയാണിത്. ആറു മാംസ മുമ്പ് പൊലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ട് ഇന്നലെയാണ് പുറത്തുവന്നത്.

ശബരിമല സ്വർണക്കവർച്ചയെ വെല്ലുന്ന വിശേഷങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് കോടികളുടെ വൻകവർച്ച വ്യക്തമാക്കിയിരുന്നത്.

'വൈരനാമം' ആറുമാസം മുൻപ് പോളിഷ് ചെയ്യുന്നതിന് കൊണ്ടുപോയെന്നാണ് രേഖകളിലുള്ളത്. ഭക്തർ സമർപ്പിച്ച സ്വർണ ഉരുപ്പടികളിൽ നിന്നും വലിയ തോതിൽ സ്വർണം മോഷണം പോയി. ഇതിൽ 9.75 പവൻ സ്വർണം കുറവുള്ളതായാണ് പ്രാഥമിക കണ്ടെത്തൽ.

സ്വർണവിളക്കും കടത്തി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന സ്വർണവിളക്കും അറ്റകുറ്റപ്പണിക്കെന്ന പേരിൽ കടത്തി. ശ്രീപത്മനാഭസ്വാമിയുടെ ശ്രീകോവിലിൽ ഏഴ് സ്വർണ ദളങ്ങളുള്ള വിളക്കാണ് ദീപാരാധനയ്ക്ക് ഉപയോഗിക്കുന്നത്. ഇത് കാണാനില്ലാത്തതിനാൽ വെള്ളി വിളക്കാണ് ഉപയോഗിക്കുന്നത്. തിരുവനന്തപുരം ഡി.സി.പി നകുൽ രാജേന്ദ്ര ദേശ്മുഖ് നടത്തിയ പരിശോധനയിൽ സ്വർണം ചിതറിക്കിടക്കുന്നതായി കണ്ടെത്തി. ഇതു സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ക്ഷേത്രത്തിൽ നിന്നു കാണാതായ വെള്ളിക്കിണ്ണം വിവാദമായപ്പോൾ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരാളുടെ ഡ്രൈവർ തിരിച്ചെത്തിച്ചു. കൊട്ടാരത്തിലുള്ളവർ മാത്രം പ്രവേശിക്കുന്ന ചെമ്പകത്തുംമൂട് വാതിൽ വഴിയാണ് മോഷണ മുതലുകൾ കടത്തുന്നതെന്നാണ് സംശയം. യാതൊരു പരിശോധനയോ സ്‌കാനർ ഉൾപ്പെടെയുള്ള സംവിധാനങ്ങളോ ഇവിടെയില്ല.

മോഷണങ്ങൾ തമ്മിൽ ബന്ധം?

കവടിയാർ കൊട്ടാരത്തിൽ നടന്ന മോഷണവും ക്ഷേത്രത്തിലെ മോഷണങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നും അന്വേഷിക്കും. കൊട്ടാരവുമായി ബന്ധപ്പെട്ട ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വൻതുക വന്നതും പരിശോധിക്കുന്നുണ്ട്. ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നാണ് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറുടെ പ്രസ്താവന. സി.സി.ടി.വി നിരീക്ഷണത്തിലാണ് ക്ഷേത്രം. സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ക്ഷേത്രം അധികൃതർ പറയുന്നു.


വൈരനാമം?
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന്റെ ഉ‌ടൽഭാഗത്ത് പ്രതിഷ്ഠിച്ചിട്ടുള്ള ചെറിയ കൃഷ്ണവിഗ്രഹത്തിന്റെ നെറ്റിയിൽ ചാർത്തിയിരുന്നതാണിത്. വൈഷ്ണവർ നെറ്റിയിൽ ചന്ദനം തൊടുന്ന മാതൃകയിലാണ് ഈ ആഭരണം. നെറ്റിപ്പട്ടം പോലെയാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. 108 രത്നങ്ങൾ പതിപ്പിച്ച ആഭരണത്തിന്റെ നടുവിൽ റൂബിയാണ് പതിപ്പിച്ചിട്ടുള്ളത്. കോടികളാണ് ഇതിന്റെ മൂല്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PADMANABHA SWAMI TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA