
തിരുവനന്തപുരം: മേയ് മാസം കൂട്ടവിരമിക്കലുണ്ടായെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് വൈകുന്നതോടെ വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സെർവന്റസ് റാങ്ക് ലിസ്‌റ്റിലെ നിയമനം ഇഴയുന്നു. ഒരു വർഷം കാലാവധി പിന്നിടുന്ന റാങ്ക് ലിസ്റ്റിൽ ഇതുവരെ നടന്നത് പത്ത് ശതമാനം നിയമനം മാത്രമാണ്. ഇക്കഴിഞ്ഞ മേയ് മാസത്തിൽ വിവിധ തസ്തികകളിലായി സംസ്ഥാനത്ത് പന്ത്രണ്ടായിരത്തിലധികം പേരാണ് വിരമിച്ചത്. ഇതിൽ ലാസ്റ്റ് ഗ്രേഡ്, അറ്റൻഡർ തസ്തികകളിൽ നിന്ന് വിരമിച്ചവരാണ് കൂടുതലും. ഒഴിവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ സ്ഥാപനാധികാരികൾ വൈകുന്നതാണ് നിയമനം വൈകുന്നതിനുള്ള കാരണം. 2025 ജൂലൈ 18നാണ് വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക നിലവിൽ വന്നത്.14 ജില്ലകളിലായി 17,542 പേരാണ് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളത്. ഇതിൽനിന്ന് 1,620 പേർക്ക് മാത്രമാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്. വിരമിക്കൽ ഒഴിവുകളിൽ മാത്രമാണ് ഇപ്പോൾ നിയമനം നടക്കുന്നത്. എന്നാൽ അതൊന്നും കാര്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതുമില്ല. പല സ്ഥാപനങ്ങളിലുമായി ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനങ്ങൾ ഉണ്ടായതോടെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം ചുരുങ്ങി. എറ്റവും കൂടുതൽ നിയമന ശുപാർശ നടന്നത് തിരുവനന്തപുരം ജില്ലയിലാണ് . 208 നിയമങ്ങളാണ് ഇവിടെ നടന്നത്. കുറവ് കാസർകോട് ജില്ലയിലാണ് -58 പേർക്ക് മാത്രമാണ് ഇവിടെ നിയമനം നടന്നത് . പത്തനംതിട്ട ആലപ്പുഴ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിയമന ശുപാർശ വളരെ കുറവാണ്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സ്ഥാപന മേലധികാരികൾക്ക് സർക്കാർ ശക്തമായ നിർദ്ദേശം നൽകിയതാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |