
കോഴിക്കോട്: പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിൽ റെയ്ഡ് നടക്കുന്നതിനൊപ്പം മുൻമന്ത്രിയും പിണറായിയുടെ മകളുടെ ഭർത്താവുമായ പി.എ.മുഹമ്മദ് റിയാസ് എം.എൽ.എയുടെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തി. റിയാസ് പാർട്ടി ഓഫീസിലായിരുന്നു.
രാവിലെ ഏഴോടെയാണ് രണ്ട് വനിതകളടങ്ങുന്ന സംഘം എത്തിയത്. ഒന്നും കണ്ടെത്താനായില്ല. പ്രാഥമികാവശ്യം പോലും നിർവഹിക്കാനാവാത്ത അവസ്ഥയുണ്ടായെന്ന് ബന്ധുക്കൾ പറഞ്ഞതായി അഡ്വ.സി.എം.ജംഷീർ പറഞ്ഞു. റെയ്ഡിൽ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് റിയാസിന്റെ പിതാവ് റിട്ട.കമ്മിഷണർ അബ്ദുൾ ഖാദറിന് സാക്ഷ്യപത്രം എഴുതിക്കൊടുത്താണ് സംഘം മടങ്ങിയതെന്നും ജംഷീർ പറഞ്ഞു. സി.പി.എം നേതാക്കളും പ്രവർത്തകരും വീടിനുമുന്നിൽ കുത്തിയിരുപ്പ് പ്രതിഷേധം നടത്തിയത് നേരിയ സംഘർഷാവസ്ഥയുണ്ടാക്കി.
മതനിരപേക്ഷതയ്ക്കായി ജീവൻ
നൽകാനും തയ്യാർ: റിയാസ്
കോഴിക്കോട്: മതനിരപേക്ഷതയ്ക്കായി ജീവൻ നൽകാനും തയ്യാറാണെന്ന് മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് എം.എൽ.എ. രാവിലെ മുതൽ പരിശോധനയാണ്. ഒന്നും കിട്ടിയില്ലല്ലോ. എത്ര ഇ.ഡി.വന്നാലും പേടിയില്ലെന്നും കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ ഇ.ഡി റെയ്ഡിനുശേഷം റിയാസ് പറഞ്ഞു. റെയ്ഡ് നടക്കുമ്പോൾ പാർട്ടി ഓഫീസിലുണ്ടായിരുന്നു. അവർക്ക് തടസം ഉണ്ടാക്കാതിരിക്കാനാണ് വീട്ടിലെത്താതിരുന്നത്. സംഘപരിവാറിനെതിരെ നിലപാടെടുക്കുന്നവരെ ഇല്ലായ്മ ചെയ്യുകയെന്നത് അവരുടെ നയമാണ്. അതിനൊന്നും കീഴടങ്ങില്ല. റെയ്ഡ് തുടങ്ങിയ സമയത്ത് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു- ' വളഞ്ഞിട്ടടിച്ചോളൂ, പക്ഷേ, സംഘപരിവാറിനു മുൻപിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും.'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |