SignIn
Kerala Kaumudi Online
Saturday, 30 May 2026 4.07 AM IST

മാസപ്പടി : വീണയെ ഇ.ഡി വരുത്തും,​ യു.ഡി.എഫ് നേതാക്കളിലേക്കും അന്വേഷണം

s


തുടർ നടപടി ഹൈക്കോടതി നിലപാട് അറിഞ്ഞശേഷം
വിദേശ അക്കൗണ്ടും പരിശോധിക്കും

കൊച്ചി: സി.എം.ആർ.എൽ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ വിശദമായി ചോദ്യംചെയ്യാനും പണംകൈപ്പറ്റിയ മറ്റുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തീരുമാനിച്ചു. കൊച്ചിയിലെ സോണൽ ഓഫീസിൽ ഇന്നലെ ചേർന്ന യോഗം തുടർനടപടികൾ ചർച്ചചെയ്തു.

അന്വേഷണം തടയാൻ സി.എം.ആർ.എൽ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതിയുടെ നിലപാട് അറിഞ്ഞ ശേഷമാകും തുടർനടപടി. നാളെയാണ് ഹർജി പരിഗണിക്കുന്നത്.

സി.എം.ആർ.എൽ ഉടമകളെയും മുതിർന്ന ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യംചെയ്തശേഷമാകും വീണയെ ഇ.ഡി കൊച്ചി ഓഫീസിലേക്ക് നോട്ടീസ് നൽകി വിളിപ്പിക്കുന്നത്. വീണയുടെ സ്വകാര്യഅക്കൗണ്ടിന് പുറമെ, എക്‌സാലോജിക്ക് കമ്പനിയുടേതും മരവിപ്പിച്ചെന്നാണ് സൂചന. സ്വകാര്യ അക്കൗണ്ടിൽ ഒന്നരലക്ഷം രൂപ മാത്രമേ ഉള്ളൂവെങ്കിലും ആ അക്കൗണ്ട് വഴി മുൻപ് നടന്ന ഇടപാടുകൾ പരിശോധിക്കും. അബുദാബിയിലെ നിർജ്ജീവമായ ബാങ്ക് അക്കൗണ്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. 2017 മുതൽ 2019 വരെയുള്ള ഇടപാടുകളാണ് പരിശോധിക്കുന്നത്. 2019ലാണ് അക്കൗണ്ട് നിർജ്ജീവമായത്.

സി.എം.ആർ.എൽ 15 വർഷത്തിനിടെ 182കോടിരൂപയുടെ സംശയകരമായ ഇടപാടുകൾ നടത്തിയത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് കണ്ടെത്തിയിരുന്നു. ഇത് രാഷ്ട്രീയ നേതാക്കൾക്കുൾപ്പെടെ നൽകിയ കൈക്കൂലിയാണെന്നാണ് നിഗമനം. യു.ഡി.എഫ് നേതാക്കളും നിലവിലെ മന്ത്രിസഭയിലെ ചിലരും പണം കൈപ്പറ്റിയിട്ടുണ്ട്. ഇവരും അന്വേഷണ പരിധിയിൽ വരുമെന്നാണ് വിവരം.

വധശ്രമക്കേസിൽ

പിടിയിലായത് 20 പേർ

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 20 സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിടിയിലായി. ആറുപേർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ്ചെയ്തു. ആക്രമിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചതെന്നും വാഹനങ്ങൾ ആയുധം ഉപയോഗിച്ച് അടിച്ച് തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. ആദ്യം ആക്രമിച്ച ദിനകർ ഇന്നലെയാണ് അറസ്റ്റിലായത്. ഇയാളാണ് വാഹനത്തിന്റെ ചില്ലുകളും ബോണറ്റും കല്ലുകൊണ്ട് തകർത്തത്.

നരുവാമൂട്ടിലെ ശ്രീജിത്ത്, വഞ്ചിയൂരിലെ ജീവൻ, വിളപ്പിൽശാലയിലെ മനോജ്, പാറ്റൂരിലെ ഷാഹിൻ, വാഴോട്ടുകോണത്തെ നിതിൻ രാജ്, വട്ടിയൂർക്കാവിലെ അനിൽകുമാർ, നരുവാമൂട്ടിലെ കിരൺ, കുലശേഖരത്തെ അരവിന്ദ്, പള്ളിച്ചലിലെ ഷഫീഖ്, ആനയറയിലെ ഹരീഷ് കുമാർ, വഞ്ചിയൂരിലെ ദിനീത്, അമ്പലത്തുമുക്കിലെ രേവന്ത്, വർക്കലയിലെ ലെനിൻ, അമരവിളയിലെ നന്ദു, മഞ്ചവിളാകത്തെ രാഹുൽ, കരകുളത്തെ രാഹുൽ.എം.എസ്, പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി.ബിനു, കൈമനത്തെ വൈശാഖ്, കരമനയിലെ അമൽ, ദിനകർ എന്നിവരാണ് പിടിയിലായത്. മുന്നൂറോളംപേർ പ്രതികളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA