
തിരുവനന്തപുരം:മുൻ സർക്കാരിനെ വിമർശിക്കാൻ തയ്യാറാക്കിയ രാഷ്ട്രീയ റിപ്പോർട്ടായ ധവളപത്രം മുൻ സർക്കാരിന് എ.പ്ളസ് കൊടുത്തത് പോലെയായെന്ന് മുൻ ധനമന്ത്രി കെ.എൻ.ബാലഗോപാൽ.കേരള ഇക്കണോമിക് അസോസിയേഷൻ ധവളപത്രത്തെക്കുറിച്ച് നടത്തിയ ചർച്ചാസമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കോവിഡും പ്രളയവും നോട്ട് നിരോധനവുമുണ്ടാക്കിയ പ്രതിസന്ധിയെ അതിജീവിച്ചു കയറിയ ധനസ്ഥിതിയാണിത്. പുതിയ സർക്കാരിന് പ്രവർത്തിക്കാൻ ധനകാര്യ കമ്മിഷൻ വിഹിതവും റവന്യു വരവും വർദ്ധിപ്പിച്ച് നൽകിയാണ് അധികാരം കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ളബിൽ നടന്ന പരിപാടിയിൽ ധവളപത്ര സമിതി അംഗമായ സി.ഡി.എസ്.ഡയറക്ടർ പ്രൊഫ.സി.വീരമണി മുഖ്യപ്രഭാഷണം നടത്തി. ഇടതുമുന്നണി സർക്കാരിനെ ഇകഴ്ത്തിക്കാട്ടാൻ തിരക്കു
പിടിച്ച് തയ്യാറാക്കിയതല്ല ധവളപത്രമെന്ന് അദ്ദേഹം പറഞ്ഞു. കടം വാങ്ങിക്കൂട്ടുന്നതും അടിസ്ഥാനസൗകര്യ വികസന മേഖലയിൽ പണച്ചെലവ് കുറയുന്നതും ,ശമ്പള-പെൻഷൻ ചെലവ് കണക്കില്ലാതെ പെരുകുന്നതുമടക്കമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്.
ധനപ്രതിസന്ധി ഏതെങ്കിലും സർക്കാരിന്റെ കഴിവുകേടായി കാണാനാവില്ലെന്നും, അത് സിസ്റ്റത്തിന്റെ സൃഷ്ടിയാണെന്നും ധവളപത്ര സമിതി അംഗമായ ഡോ.എം.പരമേശ്വരൻ പറഞ്ഞു.കേരളം മുഴുവൻ കടത്തിൽ മുങ്ങിയിരിക്കുകയാണെന്ന പ്രതീതിയുണ്ടാക്കാനാണ് ധവളപത്രം ശ്രമിച്ചതെന്ന് സാമ്പത്തിക വിദഗ്ധൻ ആർ.രാംകുമാർ പറഞ്ഞു. എം.ജി.രാധാകൃഷ്ണൻ മോഡറേറ്ററായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |