SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.12 AM IST

ദുരനുഭവം വെളിപ്പെടുത്തി ബിന്ദുകൃഷ്ണ: ഒരദ്ധ്യാപകൻ എന്റെ ശരീരം സൂം ചെയ്ത് ഫോട്ടോയെടുത്തു

bindhu-krishna

ന്യൂഡൽഹി: തന്റെ ശരീരം മാത്രം സൂംചെയ്ത് ഫോട്ടോയെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന ദുരനുഭവം വെളിപ്പെടുത്തി മന്ത്രി ബിന്ദുകൃഷ്ണ. സ്‌ത്രീകളെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിക്കുന്നവർ മന്ത്രിയെപോലും വെറുതെ വിടുന്നില്ല. ജൂലായ് ആറിന് കൊല്ലത്തെ ഒരു സ്‌കൂളിൽ ഹയർസെക്കൻഡറി പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു ഇത്. ഒരു അദ്ധ്യാപകൻ തന്റെ ശരീരംമാത്രം ഫോണിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വിവാദമായപ്പോൾ ഡിലീറ്റ് ചെയ്തുവെന്നും ഡൽഹിയിൽ കേരള പത്രപ്രവർത്തക യൂണിയന്റെ 'മൈക്ക് ടുഗദർ' പരിപാടിയിൽ പങ്കെടുക്കവേ മന്ത്രി പറഞ്ഞു.

മുഖമൊഴിവാക്കി ശരീരഭാഗങ്ങൾ സൂംചെയ്‌ത് ഫോട്ടോ എടുക്കുകയായിരുന്നു. ഇതുകണ്ട് പിന്നിലിരുന്ന ആൾ അയാളെ എഴുന്നേൽപ്പിച്ച് വിട്ടെങ്കിലും പിന്നീട് ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുചെയ്‌തു. ആളുകൾ അത് സ്‌ക്രീൻ ഷോട്ടെടുത്തു വച്ച് വലിയ വിഷയമാക്കി. മന്ത്രിയായ തന്റെ ഫോട്ടോ ഇത്തരത്തിൽ പൊതുഇടത്തിൽവച്ച് എടുക്കാൻ ധൈര്യം കാണിക്കുന്നയാൾ സ്‌കൂളിലെ കുഞ്ഞുങ്ങളോട് പെരുമാറുന്നത് എങ്ങനെയായിരിക്കും.

തന്റെ മുഖം മറ്റാരുടെയോ ഉടലുമായി ചേർത്ത് ഒരുപാട് ചിത്രങ്ങൾ പ്രചരിച്ചിട്ടുണ്ട്. പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ചിലർ നമ്മളെ വിമർശിച്ചും അപമാനിച്ചും സന്തോഷിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നപേരിൽ നിരവധി ജീവിതങ്ങൾ അവർ തകർക്കുന്നു. പുരുഷൻമാരും അപമാനിക്കപ്പെടുന്നുണ്ട്. അതേസമയം, തനിക്കെതിരായ ട്രോളുകൾ ആസ്വദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നടപടി എടുക്കും

ഒാൺലൈൻ മാദ്ധ്യമങ്ങളിലെ സെലിബ്രിറ്റികളുടെ സ്വകാര്യതാ ലംഘനം പരിശോധിക്കും. കുട്ടികൾക്കും വനിതകൾക്കുമെതിരായ അതിക്രമങ്ങൾ മുൻകൂറായി തടയാൻ ലക്ഷ്യമിട്ടുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി.

അതിക്രമങ്ങൾ നടക്കുന്ന സ്ഥലങ്ങളും കേന്ദ്രങ്ങളും മുൻകൂട്ടി കണ്ടെത്താൻ വനിതാശിശുക്ഷേമ വകുപ്പ് പ്രത്യേക മാപ്പിംഗ് നടത്തും. സ്‌ത്രീകളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള ആഭ്യന്തര കമ്മിറ്റികളുടെ പ്രവർത്തനം കുറ്റമറ്റതാക്കാൻ ഇടപെടും.

English Summary

Minister Bindu Krishna has spoken out about an unpleasant experience of being targeted on social media, revealing that someone zoomed in on her body in a photograph and circulated it online. She said the incident highlights how women continue to face harassment and objectification on social media, adding that not even women in public office, including ministers, are spared from such abuse.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BINDHUKRISHNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA