SignIn
Kerala Kaumudi Online
Saturday, 23 May 2026 3.01 PM IST

ട്രോളിംഗ് നിരോധനത്തിന് മുമ്പേ തീരം ദുരിതത്തിൽ

troll

ആലപ്പുഴ: ട്രോളിംഗ് നിരോധനത്തിന് മുമ്പേ മത്സ്യത്തൊഴിലാളികൾ കടുത്ത ദുരിതത്തിൽ. ഇന്ധനവിലവർദ്ധനയാണ് പ്രതിസന്ധിക്ക് കാരണം. തീരം ചൂടുപിടിക്കുന്നതിനാൽ നിലവിലെ കാലാവസ്ഥയിൽ മത്സ്യങ്ങൾ ആഴക്ക‌ടലിലെ കാണപ്പെടുവെന്നതിനാൽ തീരദേശത്ത് മാത്രമായി പ്രവർത്തിക്കുന്ന പരമ്പരാഗതയാനങ്ങൾക്ക് കൂടുതൽ ദൂരവും സമയവും താണ്ടിയാൽ മാത്രമേ മത്സ്യബന്ധനം സാദ്ധ്യമാകൂ. ഇന്ധനക്ഷാമം കടുത്തതോടെ പമ്പുകളിൽ രണ്ടുദിവസം വരെ ബോട്ടുകൾക്ക് കാത്തുകിടക്കേണ്ടി വരുന്നതും വെല്ലുവിളിയാണ്. ജൂണിൽ ട്രോളിംഗ് നിരോധനം ആരംഭിക്കാനിരിക്കെ, ഇത്തരത്തിൽ വിലപ്പെട്ട പ്രവർത്തനസമയം നഷ്ടമാകുന്നത് തങ്ങൾക്ക് ഇരട്ടി പ്രഹരമാണെന്ന് ബോട്ടുടമകൾ പറയുന്നത്.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം മത്സ്യബന്ധന ബോട്ട് നിർമ്മാണ മേഖലയെയും തകിടം മറിച്ചിരിക്കുകയാണ്. ബോട്ട് നിർമ്മാണത്തിനും അറ്റകുറ്റപ്പണിക്കുമുള്ള അസംസ്കൃത വസ്തുക്കളായ റെസിൻ, അപ്പോക്സി പെയിന്റ്, ആന്റി പോളിൻ, തിന്നർ എന്നിവയ്ക്ക് ശരാശരി 35 മുതൽ 40 ശതമാനം വരെയാണ് വില വർദ്ധിച്ചത്. സാധാരണ ഗതിയിൽ വർഷത്തിൽ രണ്ടുതവണ ബോട്ടുകൾ പെയിന്റ് ചെയ്യാൻ ഒരു ലക്ഷം രൂപ വേണ്ട സ്ഥാനത്ത് ഇപ്പോൾ 1.30 ലക്ഷം രൂപയോളം ചെലവ് വരുന്നുണ്ട്. ട്രോളിംഗ് നിരോധന സമയത്താണ് ഭൂരിഭാഗം ബോട്ടുകളുടെയും അറ്റകുറ്റപ്പണികൾ നടക്കുന്നത്. നിരോധനത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ഈ മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്ന നിർമ്മാണശാല ഉടമകളും തൊഴിലാളികളും ആശങ്കയിലാണ്. സംസ്ഥാനത്ത് ഏഴ് ലക്ഷത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണുള്ളത്.

ഇന്ധനവില വർദ്ധന തിരിച്ചടി

1. ഒരു വലിയ ബോട്ടിന് 5,000 മുതൽ 6,000 ലിറ്റർ വരെയും ചെറിയ ബോട്ടുകൾക്ക് 1,500 മുതൽ 2,000 ലിറ്റർ വരെയും ഡീസൽ പ്രതിദിനം ആവശ്യമുണ്ട്. വില വർദ്ധിച്ചതോടെ വലിയ ബോട്ടിന്റെ രണ്ടാഴ്ച നീളുന്ന യാത്രയ്ക്ക് കുറഞ്ഞത് 10, 000 രൂപയും ചെറിയ ബോട്ടിന് 6,000 രൂപയും അധികച്ചെലവാണ് വരുന്നത്

2.സബ്സിഡി നിരക്കിൽ ലഭിക്കുന്ന മണ്ണെണ്ണ വിരലിലെണ്ണവുന്ന ദിവസങ്ങളിലേക്ക് മാത്രമേ മത്സ്യബന്ധന വള്ളങ്ങൾക്ക് തികയുകയുള്ളൂ. ബാക്കിദിനങ്ങളിൽ ഉയർന്ന വിലയ്ക്ക് മണ്ണെണ്ണ വാങ്ങേണ്ടിവരും. ഏപ്രിലിൽ മണ്ണെണ്ണ ലിറ്ററിന് 103 രൂപയിൽ നിന്ന് 155 രൂപയിലേക്കാണ് വർദ്ധിപ്പിച്ചത്

3.പ്രവർത്തനച്ചെലവ് കഴിഞ്ഞ് ബാക്കി കിട്ടുന്ന തുകയാണ് തൊഴിലാളികളും ബോട്ടുടമകളും പങ്കിട്ടെടുക്കുന്നത് എന്നതിനാൽ, വിലക്കയറ്റം ഇവരുടെ നിത്യജീവിതത്തെ നേരിട്ട് ബാധിക്കുന്നു.

കടലിൽ ആഴ്ചകളോളം തങ്ങുന്ന തൊഴിലാളികൾക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള പാചകവാതക സിലിണ്ടറുകളുടെ ക്ഷാമവും ദുരിതത്തിന് ആക്കം കൂട്ടുന്നു

ആയിരക്കണക്കിന് കുടുംബങ്ങൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന മത്സ്യബന്ധന മേഖലയെ തകർച്ചയിൽ നിന്ന് കരകയറ്റാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ഡീസലിന് പ്രത്യേക സബ്സിഡി അനുവദിക്കണം

- ചാൾസ്, തോമസ്,​ മത്സ്യത്തൊഴിലാളികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL