അമ്പലപ്പുഴ: സിനിമാപ്രേമിയായ യുവാവിന്റെ തിയേറ്റർ സ്വപ്‌നത്തിന് കരിനിഴൽ വീഴ്‌ത്തി അധികൃതരുടെ കടുംപിടുത്തവും നിലപാടുകളും. അമ്പലപ്പുഴയിൽ മുത്തച്ഛൻ നടത്തിയിരുന്ന സിനിമാതിയേറ്റർ പുനസ്ഥാപിക്കണമെന്ന ഹരികൃഷ്ണന്റെ സ്വപ്നം ഇതുകാരണം വർഷങ്ങളായി നീണ്ടുപോകുകയാണ്. ചേർത്തല മായിത്തറ വെട്ടിക്കാട്ട് തങ്കപ്പൻ നായർക്ക് അമ്പലപ്പുഴയിൽ രണ്ടും, കരൂർ, വളഞ്ഞ വഴി എന്നിവിടങ്ങളിലും തിയേറ്ററുകൾ ഉണ്ടായിരുന്നു. കച്ചേരി മുക്കിന് സമീപത്തെ സ്വപ്നയും പടിഞ്ഞാറേ നടയിലെ കൃഷ്ണയും കരൂരിലെ അഭിലാഷും വളഞ്ഞ വഴിയിലെ പ്രതീക്ഷയുമെല്ലാം അദ്ദേഹത്തിന്റെ തിയേറ്ററുകളായിരുന്നു.തുടക്കത്തിൽ ഓലമേഞ്ഞതും പിന്നീട് ഷീറ്റ് ഇട്ടവയുമായിരുന്നു. ഗ്രാമവാസികളുടെ ഏക ഉല്ലാസ മാർഗമായിരുന്ന സിനിമ,
ടെലിവിഷന് വഴിമാറിയതോടെ എല്ലാ തിയേറ്ററുകളും അദ്ദേഹത്തിന് അടച്ചു പൂട്ടേണ്ടി വന്നു. തങ്കപ്പൻ നായരുടെ നാലാമത്തെ മകൻ അംബുജാക്ഷൻ നായർ (കുട്ടൻ) ആയിരുന്നു തിയേറ്റർ നടത്തിപ്പിൽ പിതാവിനെ സഹായിച്ചിരുന്നത്.അദ്ദേഹത്തിന്റെ പ്രവാസിയായ മകൻ ഹരികൃഷ്ണനാണ് മുത്തച്ഛന്റെ ഓർമ്മക്കായി സ്വപ്ന തിയേറ്റർ പുനർനിർമ്മിക്കാൻ ഇറങ്ങിപ്പുറപ്പെട്ട് പുലിവാലിലായിരിക്കുന്നത്.
വർഷം ഏഴ് കഴിഞ്ഞിട്ടും
അവസാന ഓട്ടത്തിലാണ്
തിയേറ്റർ നിർമ്മാണത്തിനായി ഹരികൃഷ്ണൻ കച്ചേരി മുക്കിന് തെക്കുഭാഗത്ത് 2019 ൽ ദേശീയ പാതയിൽ നിന്ന് 100 മീറ്റർ മാറി ബീച്ച് റോഡിൽ 52 സെന്റ് സ്ഥലം വാങ്ങി. എസ്.ബി.ഐയിൽ നിന്ന് ഒരു കോടി 27 ലക്ഷം രൂപവായ്പയും എടുത്തു. പഞ്ചായത്തിൽ അപേക്ഷ കൊടുത്തതോടെ കഷ്ടകാലം തുടങ്ങി. സ്ഥലം കോസ്റ്റൽ റെഗുലേഷൻ സോണിൽ (സി.ആർ.ഇസഡ്) ആണെന്നു പറഞ്ഞ് പഞ്ചായത്ത് നിരവധി തവണ അപേക്ഷ തള്ളി. പിന്നീട് 2023 ൽ സി.ആർ.ഇസഡ് ഓഫീസ് അനുവാദം നൽകിയെങ്കിലും പലവിധ തൊടുന്യായങ്ങൾ പറഞ്ഞ് വട്ടംചുറ്റിച്ചു. ഒരു വർഷത്തോളം പല ഓഫീസുകൾ കയറിയിറങ്ങി. ഒടുവിൽ ടൗൺ പ്ലാനറുടെ അനുവാദം ലഭിച്ചു. ബാക്കി സർട്ടിഫിക്കറ്റുകളെല്ലാം കൂടി സംഘടിപ്പിച്ചപ്പോൾ വർഷം ഏഴു കഴിഞ്ഞു. തിയേറ്റർ നിർമ്മാണം ആരംഭിച്ചപ്പോൾ അതാ വരുന്നു, സ്വകാര്യ വ്യക്തിയുടെ സ്റ്റേ. എങ്ങനെയും തന്റെ സ്വപ്നം സഫലമാക്കുമെന്ന വാശിയിൽ, നിർമ്മാണം തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് നീക്കാനുള്ള ഓട്ടത്തിലാണ് ഇപ്പോൾ ഹരികൃഷ്ണൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |