
ഇന്ന് വായനാദിനം
ചാരുംമൂട് : ചികിത്സ കഴിഞ്ഞാൽ തന്റെ സമയം മുഴുവൻ വായനയ്ക്കായി മാറ്റിവയ്ക്കുകയാണ് ഡോ.കെ.ബാബുരാജൻ. കുട്ടിക്കാലത്ത് തുടങ്ങിയ വായനാശീലം, തിരക്കുകളുടെ ലോകത്ത് മുഴുകിയപ്പോഴും ഉപേക്ഷിച്ചില്ല ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റലിലെ ഡോക്ടറായ ബാബുരാജൻ. നാലാം വയസ്സിൽ മാതാപിതാക്കൾ തമ്മിൽ പിരിഞ്ഞതോടെ ചങ്ങനാശ്ശേരിയിലെ കന്യാസ്ത്രീ മഠത്തിൽ താമസമാക്കിയപ്പോൾ അവിടെ അവധിക്കാലത്ത് സ്നേഹസേന എന്ന മാസികയിൽ തുടങ്ങിയതാണ് ഡോക്ടറുടെ ശീലം. പിന്നീട് കൈയിൽ കിട്ടുന്നതെല്ലാം വായിക്കുന്നത് ശീലമാക്കി. ഇപ്പോൾ താമസിക്കുന്ന വാടകവീട്ടിലെ മൂന്ന് മുറികളിലായി 25,000-ത്തോളം പുസ്തകങ്ങൾ ഈ 62കാരന്റെ ശേഖരത്തിലുണ്ട്. ഡോ. ബി.ആർ.അംബേദ്കറുടെ സമ്പൂർണ്ണ കൃതികൾ മുതൽ ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകളുടെ വാല്യങ്ങളും വിശ്വസാഹിത്യ കൃതികളുംഇതിലുൾപ്പെടും. ചരിത്രവും വൈദ്യശാസ്ത്രവും ഏറെ ഇഷ്ടം.
ബാബുരാജന്റെ കുട്ടിക്കാലത്ത് അമ്മ രത്നമ്മയാണ് കൂലിപ്പണി ചെയ്ത് കിട്ടുന്ന തുകയിൽ നിന്നും പുസ്തകങ്ങൾ വാങ്ങി നൽകിയിരുന്നത് . പിന്നീട് എം.ബി.ബി.എസ് പഠനശേഷം ജോലിയിൽ പ്രവേശിച്ചപ്പോൾ തന്റെ ശമ്പളത്തിലെ വലിയ പങ്ക് പുസ്തകങ്ങൾ വാങ്ങാനായി മാറ്റിവച്ചു. അദ്ധ്യാപികയായ ഭാര്യ ടി.ആർ.ഗീതാകുമാരിയും, മക്കളായ അവിനാഷ് ബാബുവും ഡോ.അഭിഷേക് ബാബുവും അഖിലേഷ് ബാബുവും ബാബുരാജന്റെ പുസ്തകപ്രേമത്തിന് പൂർണ്ണപിന്തുണ നൽകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |