ആലപ്പുഴ: ജില്ലയിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ഷാജി വി.നായരുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ ഏകോപനയോഗം ചേർന്നു. ചേർത്തല, ആലപ്പുഴ നഗരസഭകളിലുൾപ്പെടെയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ആരോഗ്യ-തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കൊതുകു നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
ജില്ലാ മൃഗസംരക്ഷണ വകുപ്പ് കൈമാറുന്ന ജില്ലയിലെ പന്നിവളർത്തൽ കേന്ദ്രങ്ങളുടെ സമീപ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഊർജ്ജിത കൊതുകുനിവാരണ പ്രവർത്തനങ്ങൾക്കും യോഗം നിർദ്ദേശം നൽകി. വെള്ളിയാഴ്ചകളിൽ സ്കൂളുകൾ, ശനിയാഴ്ചകളിൽ സ്ഥാപനങ്ങൾ, ഞായറാഴ്ചകളിൽ വീടുകൾ കേന്ദ്രീകരിച്ച് ഊർജ്ജിത ഉറവിട നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു.
എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളികകൾ ആരോഗ്യപ്രവർത്തകർ മുഖാന്തരം ലഭ്യമാക്കിയിട്ടും ജില്ലയിൽ എലിപ്പനി കേസുകൾ റിപ്പോർട്ടു ചെയ്യുന്ന പശ്ചാത്തലത്തിൽ, മലിനജലവുമായി സമ്പർക്കത്തിൽ വരുന്ന ജോലികളിൽ ഏർപ്പെടുന്നവർക്ക് ബൂട്ട്, കൈയുറ മുതലായ വ്യക്തിസുരക്ഷാ ഉപാധികൾ ലഭ്യമാക്കാനും ഹൈ റിസ്ക് വിഭാഗത്തിലുള്ള എല്ലാ വിഭാഗം തൊഴിലാളികളും ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും വകുപ്പുമേധാവികളെ യോഗം ചുമതലപ്പെടുത്തി.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പി.വി.വിദ്യ, നഗരസഭ സെക്രട്ടറിമാർ, ഗവ. ടി.ഡി. മെഡിക്കൽ കോളേജ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി പ്രതിനിധികൾ, വിവിധ വകുപ്പുമേധാവികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |