SignIn
Kerala Kaumudi Online
Thursday, 02 July 2026 5.20 AM IST

മേൽപ്പാതയിലെ ഗർത്തം : കരാറുകാർക്ക് വീഴ്ചയെന്ന് എൻ.എച്ച്.എ.ഐ

ആലപ്പുഴ: ദേശീയ പാത 66ൽ ചേർത്തല പതിനൊന്നാം മൈലിൽ മേൽപ്പാതയിൽ കൂറ്റൻ ഗർത്തമുണ്ടായ സംഭവത്തിൽ കരാറുകാരെ കുറ്റപ്പെടുത്തി ദേശീയപാത അതോറിട്ടി. റോഡിൽ ഭൂഗർഭ പൈപ്പ് സ്ഥാപിച്ചതിൽ ഗുരുതര വീഴ്ചയുണ്ടായി. ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കുന്നതിന് പകരം ബി.എഫ്.ആർ (ഫൈബർ) പൈപ്പ് ലൈനാണ് സ്ഥാപിച്ചത്. ഈ പൈപ്പ് ലൈൻ മേയ് മാസത്തിൽ പൊട്ടിയിരുന്നു. ഇതാണ് റോഡ് പൊളിയാൻ കാരണമെന്നാണ് വിലയിരുത്തൽ.

ഇരുമ്പ് പൈപ്പുകളുടെ കമ്മീഷനിംഗ് പൂർത്തീയാകാത്തതിനാലാണ് ഫൈബർ പൈപ്പുകൾ ഇടേണ്ടി വന്നതെന്നാണ് വിവരം. കമ്മീഷനിംഗ് വൈകിയതിൽ എൻ.എച്ച്.എ.ഐ അന്വേഷണം ആരംഭിച്ചു. ഗർത്തമുണ്ടായ സ്ഥലത്ത് നിലവിൽ കോൺക്രീറ്റ് ചെയ്ത് കുഴിയടച്ചിരിക്കുകയാണ്. ഇത് താൽക്കാലിക നടപടി മാത്രമാണ്. റോഡ് പൂർണമായി പുനർനിർമ്മിക്കുമെന്നാണ് ദേശീയപാത ഡെപ്യുട്ടി ജനറൽ മാനേജർ ജീവൻ പ്രതികരിച്ചത്. തകരാർ പരിഹരിക്കാനുള്ള മുഴുവൻ ചെലവും കരാറുകാരൻ ഏറ്റെടുക്കണമെന്നാണ് ദേശീയപാത അതോറിട്ടി പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്.

പാത പുനർനിർമ്മിക്കും

 ഈ ഭാഗത്തെ റോഡ് പൂർണമായും പുനർനിർമ്മിക്കും

 അടിയന്തര ബലപരിശോധന നടത്തുമെന്നും അധികൃതർ

 മറ്റ് സ്ഥലങ്ങളിൽ പൈപ്പ് പൊട്ടാനുള്ള സാദ്ധ്യത പരിശോധിക്കും

റിപ്പോർട്ട് തേടി കളക്ടർ

ഉത്തരവാദിത്തം പൂർണമായും കരാർ കമ്പനിയുടെ മുകളിൽ ചാരിവയ്ക്കാനുള്ള ദേശീയപാത അതോറിട്ടിയുടെ ശ്രമം വ്യാപക ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. കൃത്യമായ നിരീക്ഷണം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും വിമർശനമുണ്ട്. നിർമ്മാണം പൂർത്തിയായ റോഡിൽ ഗർത്തം രൂപപ്പെട്ടതിൽ ദേശീയപാത അതോറിട്ടിയോടും, വാട്ടർ അതോറിട്ടിയോടും, പൊതുമരാമത്ത് വിഭാഗത്തോടും ജില്ലാ കളക്ടർ അടിയന്തര റിപ്പോർട്ട് തേടി. പൈപ്പ് ലൈൻ പോകുന്ന എല്ലാ പാതകളിലും പരിശോധന വേണമെന്നും ലൈനുകൾ മാറ്റി സ്ഥാപിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം. ആശങ്കകൾ പരിഹരിച്ച് റോഡ് പുനർനിർമ്മിക്കും. ജല അതോറിട്ടി അധികൃതരുമായി ചർച്ച നടത്തും

- ഡെപ്യുട്ടി ജനറൽ മാനേജർ, ദേശീയപാത അതോറിട്ടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL