ആലപ്പുഴ: രാസവളവിതരണം കാര്യക്ഷമവും കർഷകസൗഹൃദവുമാക്കാൻ കേന്ദ്രം നടപ്പാക്കുന്ന ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ (എഫ്.എഫ്.എസ്) ഡിജിറ്റൽ പ്ളാറ്റ് ഫോമിന്റെ പൈലറ്റ് പദ്ധതിയിൽ കുട്ടനാട്ടിലെ കർഷകർക്ക് ആശങ്ക. കൃഷിക്ക് ആവശ്യമായ വളം മുൻകൂട്ടി ഉറപ്പുവരുത്താനും സമയബന്ധിതമായി ലഭ്യമാക്കാനും സാധിക്കുമെന്നതാണ് എഫ്.എഫ്.എസിന്റെ നേട്ടമെങ്കിലും, പദ്ധതി നടത്തിപ്പിനാവശ്യമായ സംവിധാനങ്ങൾ സജ്ജമാക്കാതെ ഡിജിറ്റൽ സംവിധാനം അടിച്ചേൽപ്പിച്ചതാണ് കർഷകരുടെ ആശങ്കയ്‌ക്കും അമർഷത്തിനും കാരണം. ഏറ്റവും കൂടുതൽ നെൽകർഷകരുള്ള ആലപ്പുഴയും പാലക്കാടുമാണ് സംസ്ഥാനത്ത് എഫ്.എഫ്.എസ് പൈലറ്റ് പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഏകദേശം 74,000 കർഷകരുള്ള പാലക്കാടും 34,000 കർഷകരുള്ള ആലപ്പുഴയും ആദ്യഘട്ട പരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത് പ്രായോഗികമായി വലിയവെല്ലുവിളികൾക്കിടയാക്കും.
കുട്ടനാട്ടിലെ വെളിയനാട്, പുളിങ്കുന്ന്, എടത്വ ഗ്രാമങ്ങളിൽ ഡിജിറ്റൽ റീസർവേ പൂർത്തിയായെങ്കിലും പലയിടങ്ങളിലും സർവേ സംബന്ധമായി അപാകതകൾ ഉള്ളതിനാൽ കരം ഒടുക്കാൻ കഴിഞ്ഞിട്ടില്ല. എഫ്.എഫ്.എസ് രജിസ്ട്രേഷന് പുതിയ ഭൂനികുതി രസീത് നിർബന്ധമാക്കിയാൽ ആയിരക്കണക്കിന് കർഷകർക്ക് തിരിച്ചടിയാകും.
സജ്ജമാകാൻ സമയം വേണം
1.കുട്ടനാട്ടിലെ കർഷകരിൽ ഭൂരിഭാഗവും അമ്പത് വയസിന് മുകളിലുള്ളവരാണ്. സ്മാർട്ട്ഫോണില്ലാത്ത അവരിൽ പലർക്കും ഓൺലൈൻ രജിസ്ട്രേഷൻ സ്വയം ചെയ്യാനാകില്ല
2.പല പാടശേഖരങ്ങളുടെയും ഉടമകൾ കേരളത്തിന് പുറത്തോ, വിദേശത്തോ ആണ്. മാതാപിതാക്കളോ, ബന്ധുക്കളോ, അംഗീകൃത കർഷകരോ ആണ് കൃഷി നടത്തുന്നത്
3.ഇത്തരം ഭൂമികളുടെ എഫ്.എഫ്.എസ് രജിസ്ട്രേഷൻ, ആധാർ പരിശോധന, മൊബൈൽ ഒ.ടി.പി, രേഖകളുടെ സ്ഥിരീകരണം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കുക പ്രയാസകരമാണ്
4. പല കർഷകരുടെയും ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തത് രജിസ്ട്രേഷന് തടസമാണ്. ആധാർ ലിങ്കിംഗ്, രേഖകൾ ശരിയാക്കൽ, രജിസ്ട്രേഷൻ എന്നിവയ്ക്ക് മതിയായ സമയം അനുവദിക്കണം
എഫ്.എഫ്.എസ് പദ്ധതി
അനിശ്ചിതത്വം ഒഴിവാക്കി വളം മുൻകൂട്ടി ലഭ്യമാക്കുന്നതിനുള്ള ആസൂത്രണമാണ് പദ്ധതി ലക്ഷ്യം
നിയമാനുസൃതമായി കൃഷി ചെയ്യുന്ന എല്ലാവർക്കും സബ്‌സിഡി വളം ലഭ്യമാകും
രേഖകളുടെ അഭാവം കാരണം യഥാർത്ഥ കർഷകർക്ക് വളം നിഷേധിക്കപ്പെടില്ലെന്നതാണ് അടിസ്ഥാന തത്വം
മൊബൈൽ ആപ്പ്, വെബ് പോർട്ടൽ എന്നിവ വഴിയോ, കോമൺ സർവീസ് സെന്ററുകൾ വഴിയോ പദ്ധതിക്ക് അപേക്ഷിക്കാം
പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വളവിൽപ്പന കേന്ദ്രങ്ങൾ, കൃഷി ഉദ്യോഗസ്ഥർ എന്നിവരുടെ സഹായം തേടാം
നെൽകൃഷിയും ഭക്ഷ്യസുരക്ഷയും സംരക്ഷിക്കണമെങ്കിൽ കർഷകരുടെ യഥാർത്ഥ ജീവിത സാഹചര്യങ്ങൾ മനസിലാക്കിയശേഷം വേണം എഫ്.എഫ്.എസ് പദ്ധതി നടപ്പിലാക്കേണ്ടത്
- - സോണിച്ചൻ പുളിങ്കുന്ന്, വോയ്സ് ഫോർ ഗ്രേറ്റർ കുട്ടനാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |