SignIn
Kerala Kaumudi Online
Friday, 17 July 2026 3.34 AM IST

തൊഴിൽ 'രഹിത'രായി തൊഴിലുറപ്പുകാർ

ആലപ്പുഴ: രണ്ട് പതിറ്റാണ്ടിലേറെ ഗ്രാമീണമേഖലകൾക്ക് ആശ്വാസമായിരുന്ന മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്രം കൊണ്ടുവന്ന വിബി ജി റാംജി പദ്ധതി നിലവിൽ വന്നിട്ടും ജില്ലയിലെ തൊഴിലാളികൾക്ക് തൊഴിലില്ല. തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തിദിനങ്ങൾ നൂറായിരുന്നെങ്കിൽ പുതിയ പദ്ധതിയിൽ അത് 125 ആണെങ്കിലും തൊഴിൽ നൽകാൻ കഴിയാത്ത അവസ്ഥയിലാണ് പഞ്ചായത്തുകൾ.

ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാനസൗകര്യം, ജീവനോപാധി അടിസ്ഥാന സൗകര്യം, ദുരന്ത നിവാരണം എന്നീ നാല്‌ വിഭാഗങ്ങളിലാണ്‌ തൊഴിൽ ലഭിക്കേണ്ടത്. വൃക്ഷത്തൈ നടീൽ പ്രവൃത്തി മാത്രമാണ് പുതുതായി ഇപ്പോൾ ഏറ്റെടുക്കാൻ അനുമതിയുള്ളത്. ഒപ്പം കഴിഞ്ഞ സാമ്പത്തികവർഷം പൂർത്തിയാക്കാൻ കഴിയാത്ത പദ്ധതികളും തുടരാം. മറ്റുപദ്ധതികളെപ്പറ്റി താഴേത്തട്ടിലേക്ക് വ്യക്തമായ നിർദേശം നൽകിയിട്ടില്ല.
ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളായ കുടുംബത്തിലെ ഒരാൾക്ക് തൊഴിലുറപ്പിൽ വർഷം 90ദിവസത്തെ തൊഴിൽ നൽകിയിരുന്നു. അത് പുതുതായി ഏറ്റെടുക്കേണ്ടെന്ന് നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം പൂർത്തിയാക്കാൻ ബാക്കിയുള്ള ലൈഫ് പദ്ധതിക്ക് മാത്രമാണ് തൊഴിൽദിനം നൽകാൻ അനുമതി നൽകിയിട്ടുള്ളത്. ഗുണഭോക്താക്കൾ ജോലി ചെയ്യുന്ന ചിത്രമടക്കം നൽകിയാലേ ഇതിന്റെ വേതനം അനുവദിക്കൂ.
ഓരോ പഞ്ചായത്തിന്റെയും സമഗ്രവികസനത്തിനുള്ള പദ്ധതികൾ മാത്രമേ ഇനി തൊഴിലുറപ്പിൽ ഏറ്റെടുക്കാനാവൂ. ഗ്രാമപ്പഞ്ചായത്തുകൾ തയ്യാറാക്കുന്ന പദ്ധതി ഗ്രാമസഭ അംഗീകരിച്ചശേഷമേ വിബി ജി റാംജി പദ്ധതി വഴി ഏറ്റെടുത്ത് നടപ്പാക്കാവൂ. ഗ്രാമസഭ ചേരാനും പദ്ധതികൾ ആസൂത്രണം ചെയ്യാനും സമയമെടുക്കും. അതുവരെ തൊഴിൽ മുടക്കമുണ്ടാകാതിരിക്കാനാണ് കഴിഞ്ഞവർഷം പൂർത്തിയാക്കാത്ത പദ്ധതികൾ തുടരുന്നത്.

നടപ്പുസാമ്പത്തികവർഷം വിബി ജി റാംജി പദ്ധതിയിൽ ഒരുകുടുബത്തിന് 125 ദിവസം തൊഴിൽ നൽകാനാകില്ല. എട്ടുമാസം മാത്രമാണ് നടപ്പുസാമ്പത്തികവർഷം തീരാൻ ബാക്കിയുള്ളത്.പദ്ധതികൾ ഗ്രാമസഭ അംഗീകരിച്ച് നടപ്പാക്കണമെങ്കിൽ കാലതാമസമുണ്ടാകും. പദ്ധതി പ്രകാരം 401 രൂപയാണ് പ്രതിദിന വേതനം.

ജോലിയും കഠിനമാകും

 ആസ്തിവികസനവുമായി ബന്ധപ്പെട്ട ജോലികൾക്ക് പ്രാധാന്യം നൽകിയുള്ളതാണ് ഇപ്പോൾ നടപ്പാക്കിയിട്ടുള്ള വിബി ജി റാംജി പദ്ധതി

 കഠിനമായ ജോലികളും തൊഴിലാളികൾ കൂടുതലായി ചെയ്യേണ്ടിവരുമെന്നത് പ്രായമായ തൊഴിലാളികൾക്ക് വെല്ലുവിളിയാകും

 80വയസുകഴിഞ്ഞ പതിനായിരത്തിലേറെപ്പേരാണ് ജില്ലയിൽ ജോലി ചെയ്യുന്നത്. 60 വയസിന് മുകളിലുള്ള ഒരുലക്ഷത്തിലേറെപ്പേരുമുണ്ട്

ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ

1.83 ലക്ഷം

വഴിയരികിൽ ചെടികൾ നടുന്ന ജോലിക്കാണ് ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്. പുതിയ ജോലികളൊന്നും തീരുമാനമായിട്ടില്ല. ഈ സാമ്പത്തികവർഷം എത്ര തൊഴിൽ ദിനങ്ങൾ കിട്ടുമെന്നതിൽ ആശങ്കയുണ്ട്

- തൊഴിലാളികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL