SignIn
Kerala Kaumudi Online
Sunday, 19 July 2026 9.22 PM IST

വിത്ത് മുതൽ വിളവുവരെ എ.ഐ വേണമെന്ന് കർഷകർ

ആലപ്പുഴ : കാർഷികമേഖലയിലെ വിവിധതരം ചൂഷണങ്ങൾക്ക് അറുതി വരുത്താൻ വിത്ത് മുതൽ വിളവ് വരെ എ.ഐ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്ന ആവശ്യവുമായി കർഷകർ രംഗത്ത്. നെല്ലിന്റെ ഗുണനിലവാരപരിശോധനയ്ക്ക് നെല്ല് ഗവേഷണ കേന്ദ്രം നിർമ്മിതബുദ്ധിയുടെ സഹായം തേടിയിരുന്നു.

നെല്ല് സംഭരിക്കുമ്പോൾ പതിര്, തൂക്കക്കുറവ്, കറുകൽ തുടങ്ങിയ ന്യൂനതകൾ തിരിച്ചറിയാനും അരിവീഴ്ചയുടെ തോത് കൃത്യമായി നിർണയിക്കാനും കഴിയുന്ന സംവിധാനമാണ് നെല്ല് സംഭരണത്തിന് നെല്ല് ഗവേഷണ കേന്ദ്രവും അമൃത വിശ്വവിദ്യാപീഠവും വികസിപ്പിക്കാനുദ്ദേശിക്കുന്നത്. ഈർപ്പത്തിന്റെയും പതിരിന്റെയും പേരിൽ മില്ലുകാർ നടത്തുന്ന ചൂഷണങ്ങൾക്ക് അറുതിവരുത്താൻ ഇത് ഉപകരിക്കും. ഗുണനിലവാരമില്ലാത്തതും മുളപ്പുശേഷി കുറഞ്ഞതുമായ വിത്തുകൾ നൽകിയശേഷം വിളവെടുപ്പിൽ മാത്രം എ.ഐ ഉപയോഗിക്കുന്നത് കർഷകരോടുള്ള അനീതിയാണെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. വിത്തിന്റെയും വളങ്ങളുടെയും ഗുണനിലവാരവും കാലാവസ്ഥാ വ്യതിയാനവും വിളവ് മെച്ചപ്പെടുത്താൻ കൈക്കൊള്ളേണ്ട മാർഗങ്ങളും എ.ഐ സഹായത്തോടെ വികസിപ്പിച്ചാൽ മികച്ച ഉത്പാദനം സാദ്ധ്യമാക്കാനാകും.

കൃഷിവകുപ്പ് വിതരണം ചെയ്യുന്ന വിത്തുകളുടെ മുളപ്പുശേഷി , ഇനശുദ്ധി , ഈർപ്പം, കളവിത്തുകളുടെ സാമീപ്യം എന്നിവയും എ.ഐ സഹായത്തോടെ പരിശോധിച്ച് ഉറപ്പാക്കാം.

 ഗുണനിലവാരമുളള വിത്തുകൾ ഉപയോഗപ്പെടുത്താനും കള, കീടനാശിനി രഹിതമായ ജൈവ കൃഷിയ്ക്ക് വഴിയൊരുക്കാനും എ.ഐ ഉപകരിക്കും.
 ഓരുവെള്ളക്കയറ്റത്തെയും അപ്രതീക്ഷിത വെള്ളക്കെട്ടിനെയും പ്രതിരോധിക്കാൻ ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിക്കാനും സഹായിക്കും
 നെല്ലിന്റെ അന്തകരാകുന്ന അധിനിവേശ കളകൾക്ക് കാരണമായ വിത്തുകളിലെ ശുദ്ധിക്കുറവിന് പരിഹാരം കാണാനും എ.ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താം

 "വിത്ത് മുതൽ വിപണി വരെ" എ.ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൃഷിയും വിളവും മെച്ചപ്പെടുത്തുകയാണ് ആധുനിക കാലത്തിന് ആവശ്യമെന്ന് കർഷകർ

കാലവും കാലാവസ്ഥയും മാറിമറിയുമ്പോൾ വിത്തു തിരഞ്ഞെടുപ്പുമുതൽ വിളവെടുപ്പുവരെ എ.ഐ പോലുള്ള ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താൻ സർക്കാരും കൃഷിവകുപ്പും തയ്യാറാകണം. വിത്തിനൊപ്പം മണ്ണിന്റെ നിലവാര പരിശോധനയും മികച്ച വിളവും വിലയും ലഭ്യമാക്കുന്നതിനുളള സംവിധാനങ്ങളും സജ്ജമാക്കേണ്ടതുണ്ട്

- സോണിച്ചൻ പുളിങ്കുന്ന്, വോയ്സ് ഫോർ ഗ്രേറ്റർ കുട്ടനാട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL