
കൊച്ചി: ജില്ലയിൽ വളർത്തുനായ്ക്കളിൽ മൈക്രോചിപ്പ് നിർബന്ധമാക്കാനുള്ള നടപടികൾ ജില്ലാഭരണകൂടം വേഗത്തിലാക്കുന്നു. നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണത വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. പദ്ധതിയുടെ ചെലവ് ഉൾപ്പെടെ പ്രാഥമിക റിപ്പോർട്ട് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഭരണകൂടത്തിന് കൈമാറി. ആദ്യഘട്ടത്തിൽ ഒരു ബ്ലോക്ക് പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ആലോചന. പിന്നീട് ജില്ലയാകെ വ്യാപിപ്പിക്കും. തിരുവനന്തപുരം നഗരസഭയിൽ നേരത്തെ പദ്ധതി ആരംഭിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
വളർത്തുനായ്ക്കളെ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നത് വർദ്ധിച്ചതോടെ ജില്ലാപഞ്ചായത്താണ് മൈക്രോച്ചിപ്പെന്ന ആശയം മുന്നോട്ടുവച്ചത്. ജില്ലാ ഭരണകൂടം അനുകൂല നിലപാട് സ്വീകരിച്ചതോടെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തി. പ്രാഥമിക റിപ്പോർട്ടിന് അംഗീകാരം ലഭിക്കുന്നതോടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കും. മൈക്രോചിപ്പ് നിലവിൽ വരുന്നതോടെ ഉടമകളെ എളുപ്പത്തിൽ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കാനാകും.
മൈക്രോചിപ്പ്
നായ്ക്കളുടെ രജിസ്‌ട്രേഷനൊപ്പം കഴുത്തിലോ ചെവിയിലോ ചർമ്മത്തിനടിയിലായി അരിമണിയുടെ വലിപ്പമുള്ള ചിപ്പ് കുത്തിവയ്ക്കും. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്.ഐ.ഡി )സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഇതിന് ബാറ്ററിയോ ചാർജോ ആവശ്യമില്ല. സ്കാനർ ഉപയോഗിച്ച് പരിശോധിച്ചാൽ ചിപ്പിലെ 15 അക്ക ഐ.ഡി നമ്പർ ഉടമയുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാകും. കുത്തിവയ്‌പ്പ് എടുക്കുന്ന വേദന മാത്രമേ ചിപ്പ് ഘടിപ്പിക്കുമ്പോൾ അനുഭവപ്പെടൂ. ഇത് നശിക്കില്ല.
ഉപേക്ഷിക്കാൻ പല കാരണങ്ങൾ
ലോക്ക്ഡൗൺ കാലത്ത് കൗതുകത്തിന് വാങ്ങിയ നായ്ക്കളുടെ പരിചരണം പിന്നീട് ബാദ്ധ്യതയായി മാറിയതാണ് പ്രധാന കാരണം. ഉയർന്ന തീറ്റച്ചെലവ്, ചികിത്സാ ചെലവുകൾ എന്നിവ താങ്ങാൻ കഴിയാത്തതും നായ്ക്കൾക്ക് വാർദ്ധക്യമോ രോഗങ്ങളോ ബാധിക്കുമ്പോൾ ചികിത്സിക്കാൻ മടിക്കുന്നതും ഉപേക്ഷിക്കലിലേക്ക് നയിക്കുന്നു. കുട്ടികളെ സംരക്ഷിക്കാൻ കഴിയാത്തതും ഫ്ലാറ്റുകളിലേക്കോ വാടകവീടുകളിലേക്കോ മാറുമ്പോൾ വളർത്തുമൃഗങ്ങൾക്ക് അനുമതി ലഭിക്കാത്ത സാഹചര്യവും കാരണങ്ങളാണ്.
ഗുരുതരപ്രശ്നങ്ങൾ
വീടുകളിൽ സുരക്ഷിതമായി വളർന്ന നായ്ക്കൾ തെരുവിലെത്തുമ്പോൾ പെറ്റുപെരുകുന്നു. അങ്ങനെ തെരുവ്നായ്ക്കളുടെ എണ്ണവും ഉയരുന്നു
പെട്ടെന്ന് തെരുവിലേക്ക് തള്ളപ്പെടുന്ന നായ്ക്കൾ വിശപ്പും ഭയവും കാരണം കൂടുതൽ അക്രമകാരികളാകുന്നു. ഇത് കാൽനടയാത്രക്കാർക്കും കുട്ടികൾക്കും ഭീഷണിയാണ്
രാത്രികാലങ്ങളിൽ റോഡരികിൽ നിൽക്കുന്ന നായ്ക്കൾ വാഹനങ്ങൾക്ക് മുന്നിലേക്ക് ചാടി വലിയ റോഡപകടങ്ങൾക്ക് കാരണമാകുന്നു
കൃത്യമായി പ്രതിരോധ കുത്തിവയ്പ്പുകൾ ലഭിക്കാത്തതിനാൽ പേവിഷബാധ പോലുള്ള മാരകരോഗങ്ങൾ പടരാനും ഇടയാക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |