
കണ്ണൂർ: പ്രതിസന്ധി നേരിടുന്ന സ്വകാര്യബസുകൾ നിരാശ സ്കൂൾ വിദ്യാർത്ഥികളോട് കാണിക്കുന്നതായി റിപ്പോർട്ടുകൾ. കുട്ടികൾ നിൽക്കുന്ന സ്റ്റോപ്പിൽ നിന്നും മാറി ബസ് നിർത്തുകയും കയറിപറ്റാനായി ഓടി വരുമ്പോഴേക്കും ഡബിൾ ബെൽ അടിച്ച് പോകുന്നതുൾപ്പെടെ കടുത്ത അവഗണന ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതായാണ് വിവിധ സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികളിലേറെയും.
ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്.കഴിഞ്ഞ ദിവസം പരിയാരം ആയുർവേദ കോളജ് സ്റ്റോപ്പിൽ ഒരുമണിക്കൂറിനകം ഒൻപത് ബസുകളാണ് വിദ്യാർത്ഥികളെ കയറ്റാതെ പോയത്.സമാന രീതിയിൽ കഴിഞ്ഞ ദിവസം പരിയാരം ഗവ. മെഡിക്കൽ കോളേജ് സ്റ്റോപ്പിലും സ്വകാര്യബസുകൾ വിദ്യാർത്ഥികളെ കബളിപ്പിച്ചിരുന്നു. ഒരുമിച്ചെത്തിയ രണ്ടു ബസുകളിലൊന്ന് കുട്ടികൾ അടുത്തെത്തിയപ്പോൾ ഡബിൾ ബെല്ലടിച്ച് മുന്നോട്ടു നീങ്ങുകയായിരുന്നു. കുറച്ചു ദൂരം നിർത്തിയ ബസിലേക്ക് കുട്ടികകൾ കയറാൻ ശ്രമിച്ചെങ്കിലും പിന്നെയും മുന്നോട്ടെടുത്ത് കബളിപ്പിച്ചു.അവസാനം ഈ വിദ്യാർത്ഥികൾ ബസിൽ കയറുന്നില്ലെന്ന് തീരുമാനിച്ച് സ്റ്റോപ്പിലേക്ക് മടങ്ങുകയായിരുന്നു.
താഴെചൊവ്വ ബസ് സ്റ്റോപ്പിൽ ചില ബസുകൾ നിർത്താത്തത് എസ്.എൻ കോളേജ്, ഗവ. ഐ.ടി.ഐ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് ബസ് സ്റ്റോപ്പിൽ ഇരിട്ടിയിലേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നിർത്താറില്ലെന്നും പരാതിയുണ്ട്.
കൺസെഷൻ സമയത്തിലും തർക്കം
വൈകിട്ട് ആറിന് ശേഷം ചില ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷനും അനുവദിക്കുന്നില്ല.സ്പെഷ്യൽ ക്ലാസുകളും മറ്റ് പാഠ്യേതരപ്രവത്തനങ്ങളുമെല്ലാം കഴിഞ്ഞ് വരുമ്പോഴേക്കും പലപ്പോഴും സമയം വൈകീട്ട് ആറാകും. ഈ സമയത്ത് എത്തുന്ന വിദ്യാർത്ഥികളോട് രൂക്ഷമായ രീതിയിലാണ് ബസ്സ് ജീവനക്കാർ പെരുമാറുന്നതെന്ന് പറയപ്പെടുന്നു.യാത്രാസൗജന്യം രാവിലെ എഴുമുതൽ വൈകിട്ട് ഏഴുവരെയാണെന്ന് ഇന്നലെ ചേർന്ന സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയോഗത്തിൽ ജില്ലാകളക്ടർ വ്യക്തമാക്കി.പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ബസ് കണ്ടക്ടർമാർക്ക് ഇതു സംബന്ധിച്ച് അവബോധം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രതിനിധികളും പറഞ്ഞിട്ടുണ്ട്. യാത്രാപാസ് കൈവശമുള്ള വിദ്യാർത്ഥികൾക്ക് ഈ സമയത്തിനകം നിർബന്ധമായും കൺസഷൻ അനുവദിക്കണമെന്നും യോഗം വ്യക്തമാക്കി.
മുഖം കറുക്കുന്നത് പ്രിയദർശിനി സൗജന്യത്തിന് പിന്നാലെ
പ്രിയദർശിനിയിൽ സൗജന്യ യാത്ര അനുവദിച്ചതോടെയാണ് സ്വകാര്യ ബസ്സുകളിൽ നിന്നും രൂക്ഷമായ അവഗണന നേരിടേണ്ടിവരുന്നതെന്നാണ് വിദ്യാർത്ഥികളുടെ പരാതി.
ഏതൊക്കെ ബസുകളാണ് സ്റ്റോപ്പിൽ നിർത്താത്തതെന്നും വിദ്യാർത്ഥികളെ കയറ്റാത്തതെന്നും കൃത്യമായ വിവരം ലഭിച്ചാൽ ആർ.ടി.ഒ തലത്തിൽ നടപടി സ്വീകരിക്കണം.
ജില്ലാകളക്ടർ പി.വിഷ്ണുരാജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |