
കണ്ണൂർ: മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനമായ പത്ത് കോടി കണ്ണൂരിൽ വിറ്റ ടിക്കറ്റിന്. മൂന്ന് വർഷമായി കണ്ണൂർ തോട്ടടയിൽ ലോട്ടറി ചില്ലറ വിൽപന നടത്തിവരുന്ന കൊൽക്കത്ത സ്വദേശി പോപ്പിഖാൻ വിറ്റ ടിക്കറ്റിലാണ് ഭാഗ്യം കടാക്ഷിച്ചത്.എന്നാൽ ടിക്കറ്റ് വാങ്ങിയ ഭാഗ്യവാനെ ഇതുവരെയും കണ്ടെത്താനായില്ല.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ മുണ്ടയാട് സ്വദേശി ടി.മനോജിന്റെ ഉടമസ്ഥതയിലുള്ള ശ്രീ കാവേരി ഏജൻസിയിൽ നിന്നുമാണ് പോപ്പിഖാൻ സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്.തോട്ടട ബസ് സ്റ്റോപ്പിന് സമീപത്തെ നാസ് ഹോട്ടൽ ജീവനക്കാരനായിരുന്ന പോപ്പിഖാൻ തൊഴിൽ നഷ്ടമായതോടെ ടെയാണ് ലോട്ടറി വിൽപനയിലേക്ക് തിരിഞ്ഞത്. തൊഴിൽ ചെയ്ത ഹോട്ടലിന് സമീപത്തായിരുന്നു ലോട്ടറിവിൽപന.ജൂൺ 28 നാണ് കാവേരി ഏജൻസിയിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്. മൺസൂൺ ബംപറിന്റെ 96,000 ത്തോളം ടിക്കറ്റുകളാണ് കാവേരി ഏജൻസിയിൽ നിന്നും വിൽപന നടത്തിയത്. ഏറണാകുളം ലോട്ടറി ഓഫീസിൽ നിന്നും വാങ്ങിയ ടിക്കറ്റിലാണ് സമ്മാനമെന്ന് കാവേരി ഏജൻസി ഉടമ ടി.മനോജ് പറഞ്ഞു. മറ്റു ജില്ലകളിൽ നിന്നുള്ള ലോട്ടറിക്ക് ആവശ്യക്കാർ കൂടുതലായതിനാൽ കണ്ണൂരിന് പുറമെ കോഴിക്കോട്, തൃശൂർ, ഏറണാകുളം ജില്ലകളിൽ നിന്നുള്ള ടിക്കറ്റുകളും ഇത്തവണ ഈ ഏജൻസിയിൽ നിന്നും വിറ്റഴിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |