
ആറളം, കർണ്ണാടക വനമേഖലയിലും കോളിത്തട്ടിലും ഉരുൾപൊട്ടി
പേരാവൂർ തൊണ്ടിയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി
ഇരിട്ടി മേഖലയിൽ 62 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി
24 വീടുകളിൽ വെള്ളം കയറി
ഇരിട്ടി: വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച കനത്ത മഴയിൽ ഇരിട്ടി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ വൻ നാശനഷ്ടം. പേരാവൂർ തൊണ്ടിയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. ഉളിക്കൽ , ആറളം പഞ്ചായത്തുകളിലായി 62 കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി. മേഖലയിൽ 24 വീടുകളിൽ വെള്ളം കയറി. ബാവലി, ബാരാപ്പോൾ പുഴകളിൽ അപകടകരമായ നിലയിലേക്ക് വെള്ളം ഉയർന്നതോടെ വളപട്ടണം പുഴയോരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി. മേഖലയിലെ ആറുപുഴകൾ കരകവിഞ്ഞു. പാലപ്പുഴ പാലം, വട്ട്യംതോട്, മണിക്കടവ് ചപ്പാത്ത്, കക്കുവപാലം എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. കോളിത്തട്ട്, ആറളം വന്യജീവി സങ്കേതം, മാക്കൂട്ടം ബ്രഹ്മഗിരി വനമേഖല എന്നിവിടങ്ങളിൽ ഉരുൾപൊട്ടി.
ആറളം പഞ്ചായത്തിൽ 35 കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി. ആറളം വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കക്കുവപുഴ കരകവിഞ്ഞതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറിയതിനാലാണ് പുനരധിവാസ മേഖലയിലെ 11,13, 55 ബ്ലോക്കുകളിലെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. മേഖലയിൽ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. കോളിത്തട്ട് അങ്ങാടിശ്ശേരിത്തട്ടിൽ ഉരുൾപൊട്ടി 11 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പേരട്ടപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് തൊട്ടിൽപാലം, പേരട്ട മേഖലയിലെ 26 കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി. തൊട്ടിപ്പാലം പള്ളിയുടെ ഭാഗമായി കെട്ടിടത്തിലാണ് ക്യാമ്പ് തുടങ്ങിയത്.
ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് ടൗണിൽ വെള്ളം കയറി. മണിക്കടവ് ചപ്പാത്ത് വെള്ളത്തിൽ മുങ്ങി, വട്ട്യംതോട്, വയത്തൂർ പാലങ്ങൾ വെള്ളത്തിനടിയിലായി. ചീങ്കണ്ണിപ്പുഴ കരകവിഞ്ഞതിനെത്തുടർന്ന് ആറളം വന്യജീവി സങ്കേതം ഒറ്റപ്പെട്ടു. പാലപ്പുഴ പാലത്തിനു മുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പാലപ്പുഴ - കീഴ്പ്പള്ളി റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ആറളം ഫാം ഒറ്റപ്പെടുകയും ചെയ്തു. ആറളം വന്യജീവി സങ്കേത്തതിലും വെള്ളം കയറി.
ചടിച്ചിക്കുണ്ടം കല്ലുവയൽ റോഡിൽ വീടിന്റെ സംരക്ഷണ ഭിത്തി റോഡിലേക്ക് ഇടിഞ്ഞുവീണു. കേളോത്ത് വീട്ടിൽ പി.ബാബുവിന്റെ വീട്ടുമതിലാണ് ഭാഗികമായി തകർന്നത്. അയ്യൻ കുന്ന് പഞ്ചായത്തിലെ രണ്ടാം കടവിൽ മരം കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണു. വാണിയപ്പാറ പുഴയും കരകവിഞ്ഞൊഴുകി .
ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിൽ അമ്മിണി, ഗോപാലൻ, വിജയൻ, ശാന്ത, നാരായണി, നങ്ങ,ശാരദ, ശാന്ത-രാജു എന്നീ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. കക്കുവ പുഴയോരത്തെ ചങ്ങാലിമറ്റം അന്നക്കുട്ടി, പാലക്കോടൻ സക്കീന എന്നിവരുടെ വീടുകളിലും വെള്ളം കയറി. ആറളത്തും അയ്യൻകുന്നിലും 24 മണിക്കൂറിനുള്ളിൽ 100മില്ലിമീറ്റരിൽ കൂടുതൽ മഴപെയ്തതായാണ് കണക്ക്. റവന്യു അധികൃതർ, പഞ്ചായത്ത് അംഗങ്ങൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
.
1- ആറളം വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് പുലപ്പുഴ പുഴ കരകവിഞ്ഞ് പാലം വെള്ളത്തിൽ മുങ്ങിയപ്പോൾ
2- കക്കുവപ്പുഴ കരകവിഞ്ഞതിനെത്തുടർന്ന് ആറളം പുനരധിവാസ മേഖല 11-ാം ബ്ലോക്കിലെ രമയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
3- ആറളം ഫാമിലേക്കുള്ള കക്കുവ റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |