കാസർകോട് : ഓപ്പറേഷൻ തൂഫാന്റെ പ്രചരണമെന്ന് പറഞ്ഞ് പള്ളിക്കര ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സ്‌കൂൾ വിട്ട് വിദ്യാർത്ഥികൾ മടങ്ങുന്ന സമയത്ത് അപകടകരമായ രീതിയിൽ കാർ റേസിംഗ് നടത്തിയ സംഘത്തെ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോട്ടോയുള്ള സി.ആർ 7 സ്റ്റിക്കറുകൾ പതിപ്പിച്ചവയുൾപ്പെടെ ആറ് കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യമുണ്ടായിരുന്ന സമയത്താണ് കാർ റേസിംഗ് നടന്നത്. അമിതവേഗത്തിലും അപകടകരമായ രീതിയിലുമുള്ള പ്രകടനം കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ബേക്കൽ പൊലീസിലെ പ്രൊബേഷൻ എസ്.ഐ പ്രിൻസ് ജോൺ റേസിംഗ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ സംഘത്തിലുള്ള ചിലർ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ എസ്.ഐയെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം.
സംഭവത്തെ തുടർന്ന് ബേക്കൽ ഇൻസ്‌പെക്ടർ എം.കെ അനിൽ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് റേസിംഗിൽ ഉപയോഗിച്ച ആറ് കാറുകൾ പിടിച്ചെടുത്തത്. വാഹനങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കാർ ഓടിച്ച അഞ്ച് യുവാക്കളും കസ്റ്റഡിയിൽ ഉണ്ട്.
റേസിംഗിൽ പങ്കെടുത്തവരെയും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചവരെയും തിരിച്ചറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും പൊതുസ്ഥലത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ച് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയതിനും കേസെടുക്കാനാണ് പൊലീസ് നീക്കം. സംഭവത്തിന്റെ ദൃശ്യങ്ങൾ, സി.സി.ടി.വി. ദൃശ്യങ്ങൾ, മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോകൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |