വിരമിച്ചവർക്ക് ഏറെ ദുരിതം
കൊല്ലം: കശുഅണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഓഫീസുകൾ വെട്ടിക്കുറയ്ക്കാ നീക്കം. ഒൻപത് ഇൻസ്പെക്ടർ ഓഫീസുകളിൽ ചിലത് ലയിപ്പിച്ച് എണ്ണം കുറയ്ക്കാനാണ് നീക്കം. പ്രായമേറെയുള്ള, വിരമിച്ച കശുഅണ്ടി തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണിത്.
സ്വകാര്യ ഫാക്ടറികൾ കൂട്ടത്തോടെ അടഞ്ഞ് ക്ഷേമനിധിയിൽ അംഗങ്ങളുടെ എണ്ണം ഇടിയുന്ന സാഹചര്യത്തിലാണ് ഇൻസ്പെക്ടർ ഓഫീസുകൾ കുറയ്ക്കാൻ ശ്രമം നടക്കുന്നത്. നേരത്തെ അറുനൂറിലധികം കശുഅണ്ടി ഫാക്ടറികൾ ജില്ലയിൽ ഉണ്ടായിരുന്നു. ഇപ്പോൾ 40 ഓളം സ്വകാര്യ ഫാക്ടറികളും 40 പൊതുമേഖലാ ഫാക്ടറികളും മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതോടെ വിരമിച്ച് ക്ഷേമനിധിയിൽ അംഗങ്ങളാകുന്ന തൊഴിലാളികളുടെ എണ്ണവും കുത്തനെ ഇടിഞ്ഞു. അഞ്ച് വർഷം മുൻപ് ക്ഷേമനിധി ബോർഡിൽ എഴുപതിനായിരത്തിലധികം അംഗങ്ങളുണ്ടായിരുന്നിടത്ത് ഇപ്പോൾ 57,000 പേരാണുള്ളത്. അതുകൊണ്ട് തന്നെ ബോർഡിന്റെ വരുമാനവും വലിയ അളവിൽ ഇടിഞ്ഞിട്ടുണ്ട്.
കശുഅണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിന് സംസ്ഥാനത്ത് ആകെ 12 ഇൻസ്പെക്ടർ ഓഫീസുകളാണുള്ളത്. അതിൽ ഭൂരിഭാഗവും ജില്ലയിലാണ്. മൂന്ന് വർഷം മുൻപ് ഇൻസ്പെക്ടർ ഓഫീസുകളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് ആലോചന നടന്നിരുന്നു. അതിന് പിന്നാലെ സ്വകാര്യ കെട്ടിടങ്ങളിൽ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന ഓഫീസുകൾ സർക്കാർ കെട്ടിടങ്ങളിലേക്ക് മാറ്റി ചെലവ് ചുരുക്കിയിരുന്നു.
ദീർഘദൂര യാത്ര
വിരമിക്കുന്ന കശുഅണ്ടി തൊഴിലാളികളുടെ ക്ഷേമിനിധി പെൻഷനുള്ള അപേക്ഷകൾ, അവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ്, മക്കളുടെ വിവാഹത്തിനുള്ള ധനസഹായം തുടങ്ങിയവ ആദ്യം കൈകാര്യം ചെയ്യുന്നത് ഇൻസ്പെക്ടർ ഓഫീസുകളിലാണ്. ഇൻസ്പെക്ടർ ഓഫീസുകളുടെ എണ്ണം കുറയുന്നതോടെ വിരമിച്ച തൊഴിലാളികൾ വിവിധ ആവശ്യങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരും.
നിലവിൽ 57,000 അംഗങ്ങൾ
കൂടുതലും കൊല്ലം ജില്ലക്കാർ
അംഗങ്ങളുടെ എണ്ണം ഇടിയുന്നു
ആകെ 12 ഇൻസ്പെക്ടർ ഓഫീസുകൾ
എണ്ണം പകുതിയായി കുറയ്ക്കാൻ നീക്കം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |