മനുഷ്യരിലേക്ക് രോഗമെത്തിക്കുന്നത് പെൺ മണലീച്ചകൾ
കൊല്ലം: വില്ലുമല ഉന്നതിയിൽ മണലീച്ചകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. കരിമ്പനി ഭീതിയാണ് ഇവ മൂലം ഉണ്ടാവുന്നത്. 2018ൽ ഇവിടെ കരിമ്പിനി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് മണലീച്ചകളെ കണ്ടെത്തിയത്.
2018ൽ കരിമ്പനി റിപ്പോർട്ട് ചെയ്തത് മുതൽ ആറ് മാസത്തിലൊരിക്കൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് വില്ലുമല ഉന്നതയിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തുമായിരുന്നു. ഈ പരിശോധനയാണ് കഴിഞ്ഞ ദിവസം നടന്നത്. കോളനിയിൽ നിന്നു പിടികൂടിയ മണലീച്ചകൾ രോഗവാഹകരാണോയെന്ന് ജില്ലാ വെക്ടർ യൂണിറ്റ് വിശദമായി പരിശോധിക്കും. രോഗവാഹകരാണെങ്കിൽ ഉന്നതിയിൽ തീവ്രമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കും. പെൺ മണലീച്ചകളാണ് കരിമ്പനി പടർത്തുന്നത്. കരിമ്പനിക്ക് ഇടയാക്കുന്ന ലിഷ്മാനിയ എന്ന അണുക്കൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പെൺമണലീച്ചകൾ വഴിയെത്തും. കൃത്യമായി ചികിത്സ നടത്തിയില്ലെങ്കിൽ മരണത്തിലേക്ക് നയിക്കാം.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരില്ലെന്നതാണ് ഏക ആശ്വാസം. മണലീച്ചകളിൽ നിന്ന് വേഗത്തിൽ നായകളിലേക്ക് രോഗം പടരും. അതുകൊണ്ട് തന്നെ മണലീച്ചയുടെ സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിൽ നായ്ക്കകളെ കൂടുതൽ ശ്രദ്ധിക്കണം. രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണം. മണലീച്ച കടിച്ച് പത്ത് ദിവസത്തിന് ശേഷം മുതൽ ഒരു വർഷത്തിനിടയിൽ വരെ രോഗമുണ്ടാകാം.
രോഗലക്ഷണങ്ങൾ
വിട്ടുമാറാത്ത പനി
ക്ഷീണം, രക്തക്കുറവ്, ഭാരക്കുറവ്
ശരീരമാകെ ചെറിയ കുരുക്കൾ വരും
കുരുക്കൾ പിന്നീട് വ്രണമാകും
വയറും കരളും വീർക്കും.
'' മണലീച്ചയുടെ സാന്നിദ്ധ്യം ജില്ലയിൽ പലയിടങ്ങളിലുമുണ്ട്. രോഗവാഹകരാണെങ്കിൽ മാത്രമേ ഭയക്കേണ്ടതുള്ളു.''
ആരോഗ്യ വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |