കൊല്ലം: ജില്ലയിൽ ചിക്കൻപോക്സ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം 1066 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
വേരിസെല്ല സോസ്റ്റർ എന്ന വൈറസ് മൂലമാണ് ചിക്കൻപോക്സ് പടരുന്നത്. രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം വഴിയാണ് പ്രധാനമായും പകരുന്നത്. രോഗമുള്ളവരുടെ ചുമ, തുമ്മൽ എന്നിവയിലൂടെ പുറത്തുവരുന്ന കണങ്ങൾ ശ്വസിക്കുന്നതും കുമിളകളിലെ സ്രവങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നതും രോഗവ്യാപനത്തിന് കാരണമാകും.
ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് മുതൽ അവ ഉണങ്ങി പൊറ്റയാകുന്നതുവരെ രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാദ്ധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ പ്രകടമാകാൻ 10 മുതൽ 21 ദിവസം വരെ സമയമെടുക്കും. ശിശുക്കൾ, കൗമാര പ്രായക്കാർ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് രോഗബാധ ഉണ്ടായാൽ കൂടുതൽ സങ്കീർണതകൾക്ക് സാദ്ധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണം.
ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമാകും
മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകൾ എന്നിവിടങ്ങളിൽ തടിപ്പുകളായി തുടങ്ങി വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ വരും
നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യും
വായുസഞ്ചാരമുള്ള മുറിയിൽ പരിപൂർണ വിശ്രമം വേണം
ധാരാളം വെള്ളം കുടിക്കണം, പഴവർഗങ്ങൾ കഴിക്കുക
മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും ബ്ലീച്ചിംഗ് ലായനി ഒഴിച്ച് വൃത്തിയാക്കണം
ചൊറിച്ചിലിന് കലാമിൻ ലോഷൻ ഉപയോഗിക്കാം
കുഞ്ഞുങ്ങളുടെ ശരീരം മൃദുവായ തുണികൊണ്ട് ഒപ്പിയെടുക്കണം
മുതിർന്നവർക്ക് ചൊറിച്ചിൽ കുറയ്ക്കാൻ സാധാരണ വെള്ളത്തിൽ കുളിക്കാം
കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം
സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ നിറുത്തരുത്
രോഗലക്ഷണം
പനി കടുത്ത ക്ഷീണം ശരീരവേദന വിശപ്പില്ലായ്മ തലവേദന ശരീരത്തിൽ കുമിളകൾ
ഗുരുതരമാകാനിടയുള്ളവർ
ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ
ഗർഭിണികൾ
മുതിർന്ന പൗരന്മാർ
ദീർഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങൾ ഉള്ളവർ
പ്രതിരോധശേഷി കുറഞ്ഞവർ
ഫെബ്രുവരി: 288
മാർച്ച്: 314
ഏപ്രിൽ: 268
മേയ്: 196
ജൂൺ (7 വരെ): 47
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |