ഇനിയുള്ള പഠനം ശിശുക്ഷേമ സമിതിയുടെ കൈത്താങ്ങിൽ
കൊല്ലം: മയ്യനാട് പഞ്ചായത്തിലെ ശാസ്താം വെളി മാഹിൻ മൻസിലിൽ, അന്ധയായ ഹാലിയുടെ ഇനിയുള്ള പഠനം ശിശുക്ഷഷമ സമിതിയുടെ തണലിൽ. ജന്മനാ നൂറു ശതമാനം അന്ധയായ ഹാലി, ഫാത്തിമ മാതാ കോളേജിൽ ഡിഗ്രിക്ക് ചേരാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ്.
മാഹിൻ മൻസിലിൽ നാസർ, നബീസത്ത് ദമ്പതികളുടെ മകളാണ് ഹാലി. ദമ്പതികൾക്ക് ആദ്യം ജനിച്ചത് മാഹിൻ എന്ന ആൺകുട്ടി. തുടർന്ന് രണ്ട് കുട്ടികളെ ഗർഭം ധരിച്ചെങ്കിലും ഇരുവരും മരിച്ചു. നീണ്ട ഇടവേളക്ക് ശേഷമാണ് ഹാലിയെ പ്രസവിക്കുന്നത്. ഗർഭാവസ്ഥയിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഷുഗറിനുളള ഗുളികകൾ കഴിച്ചത് മൂലം അമ്മയ്ക്കും കുട്ടിക്കും ആരോഗ്യപ്രശ്നം ഉണ്ടായി. പിന്നീട് തിരുവനന്തപുരം എസ്.എ.ടിയിലായിരുന്നു പ്രസവം. ജനിച്ച് നാലാം ദിവസം തന്നെ കുട്ടിക്ക് രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു അന്നുമുതൽ ചികിത്സ നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
അമ്മ നബിസത്തിന്റെ കൂട്ടുകാരിയും അവിവാഹിതയുമായ ശോഭയാണ് തുടക്കകാലം മുതൽ കൈത്താങ്ങ്. കാഴ്ചയ്ക്കു വേണ്ടി നിരവധി മരുന്നുകൾ കഴിച്ചതിനാൽ അഞ്ചാം വയസിൽ കുട്ടിയുടെ കിഡ്നിയെ ഇത് ബാധിച്ചു. ഒന്നാം ക്ലാസിൽ പ്രദേശത്തുള്ള സ്കൂളിൽ ചേർത്തെങ്കിലും അദ്ധ്യാപകന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം വഴുതക്കാട് ബ്ലൈന്റ് സ്കൂളിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസിൽ പഠിച്ചു ജയിച്ചു. ഈ സമയത്തെല്ലാം അമ്മ നബി സത്ത് മകൾക്കൊപ്പം ക്ലാസിൽ ഇരുന്ന് ബ്രെയ്ലി ലിപി പൂർണമായി പഠിച്ചു.
എട്ടാം ക്ലാസ് മുതൽ വാളത്തുംഗൽ ഗേൾസ് ഹൈസ്കൂളിൽ പഠനം. സ്കൂളിൽ നിന്നു നോട്ടുകൾ തയ്യാറാക്കി അമ്മ വീട്ടിലെത്തിയ ശേഷം വീട്ടിലെ പ്രത്യേക ടൈപ്പ് റൈറ്റർ മെഷീനിലൂടെ ബ്രെയ്ലി ലിപി ടൈപ്പ് ചെയ്ത് അമ്മയുടെ സഹായത്തോടെ ഹലീമ നോട്ട് പഠിക്കും. പ്ളസ് വൺ, പ്ളസ്ടു കോഴ്സുകൾ വാളത്തുംഗൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർത്തിയാക്കി. എ.എ.എസ് ആണ് ഹാലിയുടെ ലക്ഷ്യം.
സാമ്പത്തിക ബാദ്ധ്യതയും
.
ഏഴ് സെന്റിൽ താമസിക്കുന്ന കുടുംബത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയമുണ്ട്. പൊതുപ്രവർത്തകരുടെയും സുമനസുകളുടെയും സഹായത്തോടെയാണ് കഴിയുന്നത്. അച്ഛൻ കൂലിപ്പണിക്കാരനാണ്. മാതാവ് ഡിഗ്രി വരെ പഠിച്ചു. ടൈപ്പ്റൈറ്റിംഗ് പാസായിരുന്നു എങ്കിലും മകൾക്ക് ഒപ്പം എപ്പോഴും വേണമെന്നതിനാൽ മറ്റ് ജോലിക്ക് പോകാൻ കഴിയുന്നില്ല. ഇപ്പോൾ തൊട്ടടുത്തൊരു സ്കൂളിൽ ആയയായി ജോലി ചെയ്യുന്നുണ്ട്. സഹോദരൻ സി.എ പഠിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |