SignIn
Kerala Kaumudi Online
Thursday, 18 June 2026 5.22 AM IST

സജിയുടെ മനസിലുണ്ട് ആ 'ഫിഫ' മണിമുത്തം!

ഫുട്ബോൾ ലോകകപ്പ് ഒറിജിനൽ ട്രോഫിയിൽ മുത്തമിട്ട ഏക മലയാളി!

കൊല്ലം: ലോകമെങ്ങും ലോകകപ്പ് ആവേശം നി​റഞ്ഞു നി​ൽക്കവേ, ഒറിജിനൽ ഫിഫ ലോകകപ്പ് ട്രോഫി കൈകളിലേന്തി മുത്തമിട്ട അപൂർവ്വ നിമിഷത്തിന്റെ ഓർമ്മ പുതുക്കുകയാണ് കൊല്ലം കരിക്കോട് ടി.കെ.എം നഗർ അനൂപ് നിവാസിൽ സി​.പി​. സജി. പെലെയും മറഡോണയും സിദാനും മെസ്സിയുമൊക്കെ സ്വന്തമാക്കിയ സ്വർണ്ണക്കപ്പിൽ തൊടാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചിലരിൽ ഒരാളാണ് 63 കാരനായ സജി പാപ്പച്ചൻ.

1998ലെ ഫ്രാൻസ് ലോകകപ്പിന് മുന്നോടിയായി, 1997 ഡിസംബറിൽ ടൂർണമെന്റിന്റെ ഔദ്യോഗിക സ്പോൺസർമാരായ ഫ്യൂജിയും കൊക്കകോളയും ചേർന്ന് ഫിഫ ട്രോഫി സൗദി അറേബ്യയിലെ റിയാദിൽ എത്തിച്ചിരുന്നു. അന്ന് റിയാദിൽ കൊക്കകോള കമ്പനിയുടെ മാർക്കറ്റിംഗ് ടീമിലുണ്ടായിരുന്നു സജി.അസീസിയ പാണ്ഡ സൂപ്പർ മാർക്കറ്റിലും അൽ മനാഹിൽ സെന്ററിലുമായി കനത്ത സുരക്ഷയോടെ മൂന്ന് മണിക്കൂർ മാത്രമാണ് സ്വർണ്ണക്കപ്പ് പ്രദർശിപ്പിച്ചത്. ആരാധകരുടെ തിരക്ക് നിയന്ത്രണാതീതമായതോടെ പ്രദർശനം നിറുത്തിവെച്ച് തിരികെ കൊണ്ടുപോയി. അന്ന് കൺട്രോൾ റൂമിലുണ്ടായിരുന്ന മലയാളി സജി മാത്രമായിരുന്നു. കപ്പ് കൈകളിലെടുത്ത് ഉയർത്തി മുത്തമിട്ടപ്പോൾ എടുത്ത ചിത്രങ്ങൾ ഇന്നും അദ്ദേഹം ആൽബത്തിൽ നിധിയായി സൂക്ഷിക്കുന്നുണ്ട്.

മെസി​യാണ് ഇഷ്ടതാരമെങ്കിലും കടുത്ത ബ്രസീൽ ആരാധകനാണ് സജി. ഇത്തവണ നെയ്മറും സംഘവും കപ്പടിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. നി​ലവി​ൽ എസ്.ബി.ഐ. ലൈഫ് അഡ്വൈസറാണ്. റിട്ട. ഹയർ സെക്കൻഡറി അദ്ധ്യാപിക റെച്ചൽ മാത്യുവാണ് ഭാര്യ. മകൻ: അനൂപ് സി.സജി സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ

തങ്കക്കിരീടത്തി​ന്റെ നാൾ വഴി​

 രൂപകൽപ്പന ചെയ്തത് ഇറ്റാലിയൻ ശില്പി സിൽവിയോ ഗസാനിഗ, 1974ൽ (രൂപകല്പന മത്സരത്തിൽ പങ്കെടുത്തത് 53 ശില്പികൾ)

 18 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മാണം. (75% സ്വർണം), തൂക്കം 6.175 കിലോ. ഉയരം 36.8 സെ.മീ

 രണ്ട് മനുഷ്യരൂപങ്ങൾ ഭൂഗോളത്തെ താങ്ങിനിറുത്തുന്ന ആകൃതി

 താഴത്തെ തട്ടിൽ പച്ച രത്നക്കല്ലിന്റെ (മലകൈറ്റ്) രണ്ട് വളയങ്ങൾ

 സൂക്ഷിക്കുന്നത് സ്വിറ്റ്‌സർലൻഡിലെ ഫിഫ മ്യൂസിയത്തിൽ

 ഫൈനൽ ദിനത്തിലും ഔദ്യോഗിക ടൂറുകളിലും മാത്രമേ പുറത്തെടുക്കൂ

 വിജയികൾക്ക് നൽകുന്നത് സ്വർണ്ണം പൂശിയ പ്രതിരൂപം (റെപ്ലിക്ക)

 ആദ്യം കപ്പിൽ മുത്തമിട്ടത് പശ്ചിമ ജർമ്മനി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL