
കോട്ടയം : റോഡിലേക്ക് കാറും ഓട്ടോയും ഇരുചക്രവാഹനങ്ങളും ഇറക്കാൻ ഉടമകൾക്ക് ഭയമാണ്. സൈക്കിൾ യാത്രക്കാരുടെയും കാൽനടക്കാരുടെയും കാര്യം പറയുകയേ വേണ്ട. എല്ലാവരും ഭയപ്പാടിലാണ്. വീട്ടിൽ നിന്നിറങ്ങുന്ന തങ്ങൾ സുരക്ഷിതരായി തിരികെ വീട്ടിലെത്തുമെന്ന് ആർക്കും ഉറപ്പില്ലാത്ത അവസ്ഥ. ഇവരെല്ലാം ഭയക്കുന്നത് ഗ്രാമീണപാതകളിലൂടെ അപകടം വിതച്ച് ചീറിപ്പായുന്ന ടിപ്പർ, ടോറസ് ലോറികളെയാണ്. പുലർച്ചെ തന്നെ മരണപ്പാച്ചിൽ തുടങ്ങും. ഭയം മൂലം പ്രഭാത സവാരിക്കാർ റോഡിലെ നടത്തം ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. ടിപ്പർ ലോറികളുടെ സഞ്ചാരത്തിന് വേഗ നിയന്ത്രണമുണ്ടെങ്കിലും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിലാണ് കാര്യങ്ങൾ. നിയന്ത്രിക്കേണ്ട പൊലീസ്, മോട്ടോർവാഹനവകുപ്പ് അധികാരികൾ ഇതൊന്നും അറിഞ്ഞമട്ടില്ല. വലിയ ഹോൺ മുഴക്കി എത്തുന്ന ടോറസിന് സൈഡ് നൽകിയില്ലെങ്കിൽ അപകടമുറപ്പാണ്. ഭൂരിഭാഗം ഡ്രൈവർമാരും യുവാക്കളാണ്. മാഞ്ഞൂർ, കടുത്തുരുത്തി, കല്ലറ, ഉഴവൂർ, തലയോലപ്പറമ്പ്, വെച്ചൂർ ഭാഗങ്ങളിലെ റോഡുകളിലൂടെയാണ് ലക്കും ലഗാനുമില്ലാതെയുള്ള ടിപ്പറുകളുടെ ഓട്ടം.
ട്രിപ്പ് കൂട്ടാൻ മരണപ്പാച്ചിൽ
പാറമടകളിലും മെറ്റൽ ക്രഷറുകളിലും നിന്നുള്ള സാധന സാമഗ്രികളുമായാണ് ലോറികൾ ചീറിപ്പായുന്നത്. കൂടുതൽ ട്രിപ്പടിച്ചാൽ കൂടുതൽ പണം ലഭിക്കും. അവധി ദിവസങ്ങളുടെ മറവിൽ പാടം നികത്തലും അനധികൃത മണ്ണെടുപ്പും മീനച്ചിൽ മേഖലയിൽ സജീവമാണ്. ഇത്തരം ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന ലോറികൾ അധികൃതരുടെ കണ്ണിൽപ്പെടാതിരിക്കാൻ ഗ്രാമീണ റോഡുകളിലൂടെയാണ് കൂടുതലായും പോകുന്നത്. വീതികുറഞ്ഞ റോഡുകളിലൂടെയുള്ള മരണപ്പാച്ചിൽ പലപ്പോഴും അപകടം സൃഷ്ടിക്കും.
അപകടം തുടർക്കഥ, നടപടിയില്ല
ടിപ്പർ ലോറി അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ പരിശോധന കാര്യക്ഷമമാക്കിയിട്ടില്ല. ഇന്നലെ കൊട്ടാരക്കരയിൽ മൂന്നുപേരുടെ ജീവനാണ് പൊലിഞ്ഞത്. മണ്ണും മണലും കരിങ്കല്ലും കയറ്റിയ ടിപ്പറുകളുടെ മുകൾഭാഗം ഷീറ്റ് ഉപയോഗിച്ച് മൂടണമെന്നാണെങ്കിലും പാലിക്കാറില്ല. അമിതഭാരം കയറ്റിയുള്ള ഓട്ടം മൂലം പല റോഡുകളും തകർന്ന നിലയിലാണ്. ഹെൽമെറ്റ് പരിശോധനയുടെ പേരിൽ ഇരുചക്രവാഹനയാത്രക്കാരെ വിരട്ടുന്ന പൊലീസ് ഉദ്യോഗസ്ഥർ കൊലവിളിയുമായി പാഞ്ഞുവരുന്ന ടിപ്പറുകളുടെ മുന്നിൽ കണ്ണടയ്ക്കുകയാണ്.
എല്ലാം തോന്നുംപടി
ടിപ്പറുകളുടെ മുകൾഭാഗം ഷീറ്റ് ഉപയോഗിച്ച് മൂടുന്നില്ല
അമിതഭാരം കയറ്റിയുള്ള ഓട്ടം മൂലം റോഡുകൾ തകർന്നു
മറ്റ് വാഹനങ്ങളെ അമിതവേഗത്തിൽ ഓവർടേക്ക് ചെയ്യുന്നു
ചോദ്യം ചെയ്താൽ ഭീഷണിയും അസഭ്യവർഷവും
''പ്രധാനപ്പെട്ട റോഡരികിൽ ടിപ്പർ ലോറികൾ കൂട്ടമായി പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. റോഡിന്റെ ൃ-പകുതിയോളം സ്ഥലം കൈയടക്കിയാണ് പാർക്കിംഗ്.
-സുരേഷ്, കല്ലറ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |