SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.27 AM IST

പാലായിൽ ദേവസ്വം ബോർഡ് കെട്ടിടം സംരക്ഷിക്കാൻ ആളില്ല ഇനി നശിക്കാൻ ബാക്കിയില്ല!

devasam

പാലാ: അലംഭാവം അല്ലാതെന്താ. ഉത്തരവാദിത്വപ്പെട്ടവർക്ക് ഇപ്പോഴും അനങ്ങാപ്പാറ നയമാണ്. അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കുമോ!. ളാലം മഹാദേവ ക്ഷേത്രത്തിന് സമീപത്തുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് വക ഇരുനില മന്ദിരം ജീർണാവസ്ഥയിലായതോടെ ഭക്തർ ഉൾപ്പെടെ അമർഷത്തിലാണ്. കെട്ടിടം ഒന്നാകെ ചോർന്നൊലിക്കുകയാണ്. രണ്ട് നിലകളിലായി പത്ത് മുറികൾ ഇവിടെ വാടകയ്ക്ക് നൽകിയിരുന്നു. കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയതോടെ വാടകക്കാർ ദേവസ്വം ബോർഡ് ളാലം സബ് ഗ്രൂപ്പ് ഓഫീസറെയും ഏറ്റുമാനൂർ എ.സി.ഓഫീസറെയും സമീപിച്ചു. പരിഹാരമില്ലാതെ വന്നതോടെ മുകൾനിലയിലെ വാടകക്കാർ ഓരോരുത്തരായി മുറി ഒഴിഞ്ഞു. വാടകയിനത്തിൽ പതിനായിരങ്ങൾ പ്രതിമാസം ദേവസ്വത്തിന് നഷ്ടപ്പെട്ടിട്ടും അധികാരികൾ അനാസ്ഥ തുടർന്നു എന്നാണ് ആക്ഷേപം.

കമ്പിയും ചുടുകട്ടയും കടത്തി

താഴത്തെ നിലയും ചോർന്നൊലിക്കാൻ തുടങ്ങിയതോടെ ദേവസ്വം ബോർഡ് പ്രസിഡന്റിനെയും പരാതി അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് പ്ലാനും എസ്റ്റിമേറ്റും തയാറാക്കി കെട്ടിടം ബലപ്പെടുത്താൻ കരാർ നൽകി. ഒരു വർഷം മുമ്പ് കരാറുകാരൻ മുകൾനിലയുടെ കോൺക്രീറ്റും ഭിത്തി ഇടിച്ചു നിരത്തി ലക്ഷങ്ങൾ വിലവരുന്ന കമ്പിയും ചുടുകട്ടയും അവിടെനിന്ന് മാറ്റിയതല്ലാതെ പിന്നീട് ഈ സ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഫലത്തിൽ നവീകരണം കെട്ടിടം പൊളിക്കലായി മാറി.

വിജിലൻസിനെ സമീപിച്ചു, പക്ഷേ ഫലവുമില്ല

അഡ്വക്കേറ്റ്സ് ഓഫീസ്, ആയുർവേദ ഫാർമസി, ഇലക്ട്രോണിക്സ് ഷോപ്പ്, ലെയ്ത്ത് തുടങ്ങിയ സ്ഥാപനങ്ങളാണ് താഴത്തെ നിലയിലുള്ളത്. ഇവിടെയും ചോർന്നൊലിക്കാൻ തുടങ്ങിയതോടെ സ്ഥാപന ഉടമകൾ ദേവസ്വം വിജിലൻസിനെ സമീപിച്ചിരുന്നു. വിജിലൻസ് ഓഫീസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിട്ടും ബോർഡ് അധികൃതർ നടപടിയും സ്വീകരിച്ചില്ല.

കെട്ടിടം നിർമ്മിച്ചത്:1980ൽ

ദേവസ്വം ബോർഡിന് പ്രതിമാസം നഷ്ടം: 1 ലക്ഷം രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, TRAVANCORE DEVASWOM BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL