കോഴിക്കോട്: 'പുസ്തകം കൈയിലെടുക്കാത്ത മർത്യനായ്
പുഷ്പിച്ച ഭൂമിതൻ ഭംഗിയെന്തോതിടാൻ.
അക്ഷരപ്പൂട്ടുകൾ മാറ്റിയാലല്ലയോ
ഉൾക്കണ്ണുതുറന്നു നാം ലോകം കാണൂ.........'
കവി പി.ഭാസ്‌കരന്റെ വരികളാണിത്. ഇതുപോലെ അക്ഷരങ്ങൾക്ക് പൂട്ടിട്ടൊരു ലൈബ്രറിയുണ്ട് കോഴിക്കോട്. പത്തുവർഷംമുമ്പ് നിർമാണം തുടങ്ങുകയും അഞ്ചുവർഷം മുമ്പ് പൂർത്തിയാവുകയും ചെയ്തിട്ടും സാങ്കേതിക നൂലാമാലകളിൽപെട്ടുഴലുന്ന ഒരു ലൈബ്രറി. കോഴിക്കോട് വയനാട് റോഡിൽ ക്രിസ്ത്യൻകോളജ് ജംഗ്ഷന് സമീപത്തായുള്ള ചിൽഡ്രൻസ് ലൈബ്രറി. ഈ വായനാദിനത്തിലെങ്കിലും തുറക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. പക്ഷെ അതുണ്ടായില്ല.
മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായാണ് കിളിയനാട് സ്‌കൂൾ കോമ്പൗണ്ടിലുണ്ടായിരുന്ന കിളിയനാട് ഡിസ്ട്രിക്ട് സെൻട്രൽ ലൈബ്രറി കെട്ടിടം പൊളിച്ചുമാറ്റിയത്. അന്ന് അവിടെയുണ്ടായിരുന്ന എഴുപതിനായിരത്തോളം വരുന്ന പുസ്തകശേഖരവും, സാഹിത്യകാരൻ ഉറൂബിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച ഉറൂബ് മ്യൂസിയവും ആനക്കുളം സാംസ്‌കാരിക നിലയത്തിന്റെ താൽക്കാലിക മുറികളിലേക്ക് മാറ്റുകയായിരുന്നു.
@ ഫണ്ടുകൾ ഫയലിൽ തന്നെ
ലൈബ്രറി പുനർനിർമ്മിക്കുന്നതിനായി വൻ തുകകളുടെ സാമ്പത്തിക സഹായം പ്രഖ്യാപിക്കപ്പെട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ മാത്രം എങ്ങുമെത്തിയില്ല. 2016ൽ അന്നത്തെ എം.എൽ.എ എ. പ്രദീപ് കുമാറിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും 1.65 കോടി രൂപ അനുവദിച്ചിരുന്നു. തുടർന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ യായിരുന്ന സമയത്തും ഫണ്ട് നീക്കിവച്ച് സ്റ്റേറ്റ് ഹൗസിംഗ് ബോർഡിനെ കെട്ടിടത്തിന്റെ നിർമ്മാണ ചുമതല ഏൽപ്പിച്ചു. കിളിയനാട് വരാൻ പോകുന്ന പുതിയ കെട്ടിടത്തിൽ കുട്ടികൾക്കായി അത്യാധുനിക രീതിയിലുള്ള 'ചിൽഡ്രൻസ് ലൈബ്രറി', ഡിജിറ്റൽ റീഡിംഗ് റൂം എന്നിവ സ്ഥാപിക്കുമെന്നായിരുന്നു അധികൃതർ നൽകിയ വാഗ്ദാനം. എന്നാൽ വർഷങ്ങളായി ഈ പ്രഖ്യാപനങ്ങളെല്ലാം വാഗ്ദാനങ്ങളായി തുടരുകയാണ്.
റോഡ് വികസനവുമായി ബന്ധപ്പെട്ട അതിർത്തി തർക്കമാണ് പദ്ധതി നീണ്ടുപോകാൻ കാരണമെന്നാണ് ജില്ലാ ലൈബ്രറി കൗൺസിൽ അധികൃതർ നൽകുന്ന വിശദീകരണം.
'മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട 50 സെന്റിമീറ്ററോളം വരുന്ന അതിർത്തി തർക്കമാണ് പദ്ധതി നീണ്ടുപോകാൻ കാരണം.എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരം കാണും'
-എൻ. ഉദയൻ
സെക്രട്ടറി, ജില്ലാ ലൈബ്രറി കൗൺസിൽ, കോഴിക്കോട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |