SignIn
Kerala Kaumudi Online
Thursday, 09 July 2026 3.58 AM IST

നമ്പ്രാണിക്കടവ് റെഗുലേറ്റർ പദ്ധതി പൂർത്തിയായി; ഉദ്ഘാടനം 11ന്

മലപ്പുറം: മലപ്പുറം നഗരസഭയുടെയും സമീപ പഞ്ചായത്തുകളുടെയും കുടിവെള്ളക്ഷാമത്തിനും ജലസേചന പ്രതിസന്ധിക്കും ശാശ്വത പരിഹാരമായി നമ്പ്രാണി റെഗുലേറ്റർ പദ്ധതി യാഥാർത്ഥ്യമായി. 23 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ പദ്ധതി 11ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കേരള വാട്ടർ അതോറിറ്റിയുടെ നമ്പ്യാനി, മണൽക്കടവ് കുടിവെള്ള പദ്ധതികൾക്ക് ഇതോടെ ജീവൻ വയ്ക്കും. വാട്ടർ അതോറിറ്റിയുടെ തന്നെ കാട്ടുങ്ങൽ, ഊരകംമേൽമുറി, കുട്ടശ്ശേരി കുടിവെള്ള പദ്ധതികൾക്കും കോട്ടയ്ക്കൽ, കുട്ടശ്ശേരി, കൽപകഞ്ചേരി പഞ്ചായത്തുകളുടെ കീഴിലുള്ള ചെറുകിട കുടിവെള്ള പദ്ധതികൾക്കും തടസ്സമില്ലാതെ ജലം ലഭ്യമാകും. 1500 ഹെക്ടറോളം വരുന്ന കൃഷിഭൂമിയിലേക്കുള്ള ജലസേചനത്തിനും പദ്ധതി വലിയ തോതിൽ ഉപകാരപ്പെടും.

2019ൽ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ ആരംഭിച്ച പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി 16.40 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഈ വർഷം മേയ് 15നാണ് ഒന്നാം ഘട്ട പ്രവൃത്തികൾ പൂർത്തീകരിച്ചത്. സിവിൽ പ്രവൃത്തികളും ഇലക്ട്രോ മെക്കാനിക്കൽ, ഇലക്ട്രോണിക് പ്രവൃത്തികളും ജനറേറ്റർ കം വാച്ച്മാൻ റൂമും ഒന്നാം ഘട്ടത്തിൽ പൂർത്തിയായിട്ടുണ്ട്. പുഴയുടെ മുകൾഭാഗത്തേക്കും താഴ്ഭാഗത്തേക്കുമുള്ള സംരക്ഷണ ഭിത്തികളുടെ നിർമ്മാണമാണ് രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കിയത്. 6.60 കോടി രൂപയാണ് രണ്ടാംഘട്ടത്തിന് ചെലവായത്.

പ്രത്യേകതകളേറെ


> 60 മീറ്റർ നീളമുള്ള റെഗുലേറ്ററിന്റെ പിയറുകൾക്ക് 17.80 മീറ്റർ ഉയരമുണ്ട്.

> 4.80 മീറ്റർ ഉയരത്തിൽ വരെ വെള്ളം സംഭരിക്കാം.

> യാന്ത്രികമായി പ്രവർത്തിപ്പിക്കുന്ന 12 മീറ്റർ വീതിയുള്ള മൂന്ന് ഷട്ടർ, 10 മീറ്റർ വീതിയുള്ള ഒരു ഷട്ടർ, ആറ് മീറ്റർ നീളമുള്ള കോൺക്രീറ്റ് സ്ഥിരം തടയണയുമുണ്ട്.

> പരമാവധി സംഭരണശേഷി കൈവരിക്കുന്നതോടെ പുഴയുടെ മുകൾഭാഗത്തേക്ക് 13 കിലോമീറ്റർ നീളത്തിൽ ഏകദേശം 2100 മില്യൺ ലിറ്റർ വെള്ളം സംഭരിച്ച് നിറുത്താം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL