SignIn
Kerala Kaumudi Online
Friday, 03 July 2026 4.44 AM IST

സെൻസസ്: പാലക്കാട് വിവരശേഖരണം തുടങ്ങി

census
census

പാലക്കാട്: സെൻസസ് നടപടികളുടെ ഭാഗമായി വീടുവീടാന്തര വിവരശേഖരണത്തിന് പാലക്കാട് ജില്ലയിൽ തുടക്കമായി. 4961 എന്യൂമറേറ്റർമാരെയാണ് ജില്ലയിൽ വിവരശേഖരണത്തിന് നിയോഗിച്ചിട്ടുള്ളത്. താലൂക്ക്തലത്തിൽ 722, മുനിസിപ്പാലിറ്റികളിൽ 111 എന്നിങ്ങനെ 833 സൂപ്പർവൈസർമാരാണ് പ്രവർത്തന ഏകോപിപ്പിക്കുന്നത്. ജില്ലയിൽ ആകെ 4726 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളും രൂപീകരിച്ചിട്ടുണ്ട്.

സെൻസസ് ചുമതലയുള്ള എല്ലാ ജീവനക്കാരെയും നിശ്ചിത സമയത്ത് യാതൊരു തടസവും കൂടാതെ ഫീൽഡ് ജോലികൾക്കായി വിട്ടയയ്ക്കണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ നിർദേശിച്ചു. ഈ ജീവനക്കാരെ സെൻസസ് പ്രവർത്തനങ്ങൾക്ക് തടസമാകുന്ന തരത്തിൽ മറ്റ് ഔദ്യോഗിക ജോലികളിലേക്ക് നിയോഗിക്കരുതെന്നും ആവശ്യമായ ഔദ്യോഗിക അനുമതികൾ, ഡ്യൂട്ടി സർട്ടിഫിക്കറ്റുകൾ, യാത്രാ അനുമതികൾ എന്നിവ കാലതാമസം കൂടാതെ അനുവദിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാരെ വിട്ടയച്ച വിവരം ബന്ധപ്പെട്ട ചാർജ് ഓഫീസർ മുഖേന മൂന്ന് ദിവസത്തിനകം ജില്ലാ സെൻസസ് ഓഫീസറെ രേഖാമൂലം അറിയിക്കണം. നിർദ്ദേശം പാലിക്കാത്തവർക്കെതിരേ സെൻസസ് ആക്ട് 1948 പ്രകാരം നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 ജീവനക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ചു

വീടുകളിൽ എത്തി പ്രവർത്തനങ്ങൾ നടത്തുന്ന ജീവനക്കാർക്ക് സർക്കാർ പ്രത്യേക ഇളവുകൾ അനുവദിച്ചു. ജൂലായ് 1 മുതൽ 30 വരെ സെൻസസ് ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് തങ്ങളുടെ ഓഫീസുകളിലോ സ്ഥാപനങ്ങളിലോ ഹാജരാകുന്നതിൽ ഇളവ് നൽകും. ഈ തീയതികളിൽ 20 പ്രവൃത്തിദിനങ്ങളിൽ പകുതി ദിവസമോ (രാവിലെയോ ഉച്ചയ്ക്ക് ശേഷമോ) സെൻസസ് ഡ്യൂട്ടിക്കായി വിനിയോഗിക്കാം. അല്ലെങ്കിൽ ഇതേ കാലയളവിനുള്ളിൽ 10 പ്രവൃത്തിദിനങ്ങളിൽ പൂർണമായി ഓഫിസ് സമയം ഇതിനായി വിനിയോഗിക്കാം. ഇവയിലേത് ഇളവാണ് വേണ്ടതെന്ന് ജീവനക്കാർക്ക് തിരഞ്ഞെടുക്കാം. സൂപ്പർവൈസർമാർ, എന്യൂമറേറ്റർമാർ, അസിസ്റ്റന്റ് എന്യൂമറേറ്റർമാർ എന്നിവരായി നിയോഗിക്കപ്പെടുന്ന വില്ലേജ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വനം വിഭാഗം ജീവനക്കാർ, അദ്ധ്യാപകർ, അങ്കണവാടി ജീവനക്കാർ ഉൾപ്പെടെ മറ്റ് വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇളവുകൾക്ക് അർഹതയുണ്ടായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CENSUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL